അജ്ഞത

അജ്ഞത

ഇയാസ് ചൂരൽമല

വിരിയും
പൂമൊട്ടുകൾ
അറിയുന്നില്ല
വാടികൊഴിഞ്ഞ പൂവിൻ
വാടിയ മുഖം

തളിർക്കും
ഇലകൾ
കേൾക്കുന്നില്ല
ഞെട്ടറ്റുവീഴും ഇലതൻ
രോദനം…

പൂവിൻ ഇതളുകൾ
പുഞ്ചിരി തൂകി
വിടരില്ലായിരുന്നു
മുൻപേ നടന്നവരുടെ
ആത്മകഥകൾ വായിച്ചിരുന്നെങ്കിൽ

പുതുനാമ്പിടും ഇലകൾ
ആഹ്ലാദം കൊള്ളില്ലായിരുന്നു
മണ്ണിലലിഞ്ഞു ചേർന്ന
പിതാമഹന്മാരുടെ ജീവിതം
പറഞ്ഞു കേട്ടിരുന്നെങ്കിൽ

അജ്ഞതയായിരിക്കണം
തളിരിലകൾക്കും
പൂവിനിതളുകൾക്കും
നിറപ്പകിട്ടു നൽകുന്നത്
അവ സ്വയം മറന്നു
പുഞ്ചിരി പൊഴിക്കുന്നത്