നിത്യ ലക്ഷ്മി എൽ എൽ
എനിക്കൊരു
സ്ഥലമില്ല,
ഇടമില്ല,
വീടില്ല!
ഞാനൊരു പാവം അനാഥ!
ഒരു നിമിഷത്തിൽ
ജനിച്ച വീട്ടിൽ നിന്നിറങ്ങുന്നു,
അടുത്ത നിമിഷം
അതേതോ അന്യഗൃഹം,
അവരെന്റെ വരവിൽ
വിരുന്നൊരുക്കി,
തിരിച്ച് പോക്കിന്
വഴിയൊരുക്കുന്നു!
കൈ പിടിച്ചവൻ,
പറഞ്ഞു വിടുമ്പോൾ പോകണം;
അവന്റെ വീട്ടിൽ ഇടമില്ല,
അത് അവന്റെ വീടല്ലേ!
എനിക്ക് വീടില്ല,
ഇടമില്ല,
സ്ഥലമില്ല.
ദിക്കറിയാതെ ചെന്നു കേറി,
അതിഥിയായി ഭിക്ഷ വാങ്ങണം,
കഴിക്കണം, ഉറങ്ങണം!
അനാഥയ്ക്ക് ഇതൊക്കെ മതി!
തിരിച്ച് അവൻ വിളിച്ചാൽ,
പോകണം!
ചിരിക്കണം!
മറക്കണം!
ഞാനൊരു അനാഥയല്ലേ;
സ്നേഹം വച്ചു നീട്ടുമ്പോൾ,
തൊഴുത് വാങ്ങണം!
ഞാനൊരു അനാഥ;
ആ അനാഥയ്ക്ക് പേര്
സ്ത്രീയെന്നും!
