കുടിയേല ശ്രീകുമാർ
കാളും വിശപ്പിൻ കോളുകണ്ടിട്ടു ഞാൻ
കാലേതിരിക്കുന്നു വീട്ടിലേക്ക്
ഉച്ചയാകുന്നതേയുള്ളെന്റെടുക്കള
പിച്ചവയ്ക്കുന്നതടുപ്പിനുള്ളിൽ
പച്ചവാഴക്ക കൊച്ചായരിഞ്ഞിട്ടു –
പ്പേരി വയ്ക്കയാണമ്മയപ്പോൾ
പച്ചമീൻ തിന്നിട്ടടുക്കള വാതിലിൽ
നന്നേയൊരുങ്ങുകയാണു പൂച്ച
ജോലിക്കു പോയിട്ടച്ഛനെത്തുമ്പോഴേ –
യൂണു തീൻമേശയിലെത്തവേണം
പാഠം പഠിച്ചു മടങ്ങുന്നചേട്ടൻ
താങ്ങില്ല, നേരം കഴിഞ്ഞുപോയാൽ
ഉണ്ണികളായിട്ടു രണ്ടുപേരുണ്ടവർ –
ക്കുണ്ണണം പന്ത്രണ്ടടിക്കും മുമ്പേ
മുത്തച്ഛനാണേലെത്തിനോക്കുന്നു –
ണ്ടൂണിനുകാലമായെന്നറിയാൻ
പ്രാതൽ കഴിഞ്ഞിട്ടിരുന്നില്ലയല്പവും
ഊണിന്നു മേമ്പൊടിയെന്തുവേണ്ടൂ
ഓരോന്നൊരുക്കുന്ന വേളയിലമ്മക്കു-
വേവലാതിപ്പെടാനിതൊന്നു മാത്രം
ചിട്ടയിലോരോന്നെടുത്തുതീൻമേശമേൽ
വട്ടത്തിൽ വയ്ക്കുന്നുണ്ടമ്മയിപ്പോൾ
വട്ടത്തിൽ പൊള്ളുന്ന പപ്പടംമൂക്കുന്ന
ഗന്ധം വിശപ്പിൻ കൊടിപിടിക്കെ
പാരവശ്യത്താൽ വരികയാണെല്ലാരും
നീറും വിശപ്പിൻ കനൽകെടുത്താൻ
പുത്തരിച്ചോറാദ്യം വിളമ്പിയിട്ടമ്മയോ
പുഞ്ചിരിക്കുന്നു കൃതാർത്ഥയായി
പെട്ടെന്നുമായുന്നുചേട്ടന്റെ പുഞ്ചിരി
കിട്ടിയൊരു മുടി ചോറിനുള്ളിൽ
ക്രുദ്ധനായക്ഷണം ചേട്ടന്റെ തീമുഖം
അമ്മതൻ നേർക്കുതിരിഞ്ഞിടുന്നു
എന്തുചെയ്യേണ്ടെന്നറിയാതെയമ്മതൻ
കണ്ണുനിറഞ്ഞു കവിഞ്ഞിടുന്നു
പെട്ടെന്നെണീറ്റായിലച്ചോറിൽ ഞാൻ
മൃഷ്ടാന്നമുണ്ണാനിരുന്നു മോദാൽ
എത്രനാളമ്മതൻ രക്തമൂറ്റിക്കുടി –
ച്ചുള്ളിന്റെയുള്ളിൽ കിടന്നുവെന്നോ
പൊക്കിൾക്കൊടിയിലൂടമ്മയെ ഗാഢം
കെട്ടിവരിഞ്ഞു കിടന്നുവെന്നോ
ഇന്നമ്മതൻ മുടിനാരിനെപ്പോലും ഞാൻ
പൊൻകണിയായി കരുതിടുന്നു!