അയനം

അയനം

റീന പി ജി

അച്ഛാ ഇനി പാപ്പിതത്തമ്മക്കും ടോണിയ്ക്കും ഒപ്പം കളിക്കാൻ സ്കൂൾ അടക്കുമ്പോൾ വീണ്ടും ഞങ്ങളെ ഇങ്ങോട്ട് കൊണ്ടുവരുമോ ?അപ്പോഴേക്കും അച്ഛനും അമ്മയും ഞങ്ങളെ മറക്കുമോ ?അവിടെ തത്തയും പട്ടിയും പൂച്ചയും ഒന്നും ഇല്ല. അച്ഛനും ഇല്ല അമ്മയും ഇല്ല. മീനൂട്ടി ചിണുങ്ങി. 
ഈശ്വരാ ഞാനെന്താ ഈ കുഞ്ഞിനോട് പറയേണ്ടത്. ?ഉള്ളു പിടയുന്നത് നിയന്ത്രിക്കാനായില്ല. കണ്ണ് നിറഞ്ഞത് തുടച്ചു കളഞ്ഞു. അച്ഛൻ കരേണ്ട... മീനൂട്ടി വെറുതെ പറഞ്ഞതാ ട്ടോ.... അവളെ നെഞ്ചോട് ചേർത്തുപിടിച്ചു. 

വെക്കേഷൻ തീരാറായി. രണ്ടു മാസം എങ്ങനെ പോയെന്ന് ഒരു തിട്ടവും ഇല്ല. കുട്ടികളില്ലാത്ത തങ്ങൾക്ക് സ്വർഗ്ഗീയാനുഭൂതിയായിരുന്നു ഈ രണ്ടു മാസം മീനുവും കണ്ണനും തന്നത്. അവർ അനാഥാലയത്തിലെ കുട്ടികളാണ്. വെക്കേഷൻ ഫോസ്റ്റർ കേയറിങ് എന്ന പരസ്യം കണ്ടു സമീപിച്ചതായിരുന്നു അവരെ. ഒരു കുഞ്ഞിക്കാല് കാണാൻ കഴിയാതെ മനസ്സ് മരവിച്ചുപോയിരുന്നു രവിക്കും ലതക്കും. ദത്തെടുക്കൽ ഇക്കാലത്ത് നിയമപരമായി പ്രയാസകരമാണെന്ന വസ്തുത മനസ്സിലാക്കിത്തന്നെയാണ് അവധിക്കലപോറ്റിവളർത്താൽ തീരുമാനിച്ചത്. ഇരുണ്ട ഇടനാഴികളിൽ മനസ്സ് പണയം വെച്ച കുരുന്നുകൾക്ക് വെളിച്ചത്തിന്റെ പാലാഴി തന്നെ തുറന്നുകിട്ടുന്ന അവസരം. കൂട്ടത്തിൽ കുറച്ചുകാലത്തേക്കെങ്കിലും അവരുടെ അച്ഛനും അമ്മയും ആവുക... അങ്ങനെയൊരാഗ്രഹം മൂത്തപ്പോഴാണ് രവിയും ലതയും ജില്ലാബാലസംരക്ഷണയൂണിറ്റിൽ വിളിച്ച് ഇങ്ങനെയൊരു സാഹസത്തിനു മുതിർന്നത്. 
ഇന്നലെ തുടങ്ങിയിട്ടുണ്ട് ലതയുടെ മുഖത്തൊരു വാട്ടം. രവി ശ്രദ്ധിച്ചു. കരഞ്ഞുവീർത്ത കണ്ണുകൾ. 
രവിയേട്ടാ ഇന്ന് കുഞ്ഞുങ്ങളെയും കൊണ്ട് നമുക്ക് പാർക്കിലും ബീച്ചിലും ഒന്നും പോണ്ട. ഇവിടെ തന്നെ ചെലവഴിക്കാം കുഞ്ഞുങ്ങൾക്കൊത്ത്. 
രവി മുറ്റത്തേക്ക് നോക്കി. മുല്ല നിറയെ പൂക്കളാൽ മൂടി നാണംകുണുങ്ങിനിൽക്കുന്നു. കുറെ ദിവസമായി പറമ്പിലൊന്നിറങ്ങിയിട്ട്. 
ലതേ ആ മൺവെട്ടിയൊന്നിങ്ങെടുക്ക്. 
ഇന്നിനി രവിയേട്ടൻ എന്തിനുള്ള പുറപ്പാടാണ് ?കണ്ണനും മീനൂനും ഇഷ്ടമുള്ള ഫ്രൈഡ് റൈസ് ഉം ചിക്കൻ ഉം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. അവരെ ഇന്ന് വയറുനിറച്ച് ഊട്ടണം. ഇനിയെന്നാണാവോ ഇങ്ങനെയൊരു വസന്തം. എത്തിനോക്കുന്നത് ?
ഞാനാ ജാതിക്കൊക്കെ ഒന്ന് തടമിടട്ടെ. കുറെ ദിവസമായി ഒന്നിറങ്ങിയിട്ട്. നീ ഭക്ഷണം റെഡിയാക്ക്. രവി തൊടിയിലേക്കിറങ്ങി.
കുറച്ച് ജാതിതൈകൾ വാടിതുടങ്ങിയിരുന്നു. കവുങ്ങുകൾ നിറയെ പഴുത്തുവീഴാറായ അടക്കയാണ്. നാളെത്തന്നെ നാണപ്പനെ വിളിച്ച് അതൊക്കെ ഇറക്കണം. എന്താണാവോ ഇന്ന് ജോലി ചെയ്യാൻ ഉഷാറൊന്നും തോന്നുന്നില്ല. കുട്ടികളെ ഇന്ന് വൈകുന്നേരം ബാലഭവനിൽ വിടണമല്ലോ എന്ന ചിന്തയാണ് മനസ്സിൽ. മനസ്സ് പൊരുത്തപ്പെടുന്നില്ല. ഈ രണ്ടു മാസവും അവരായിരുന്നു ഈ വീടിന്റെ സന്തോഷം. അകത്തുനിന്നു ലതയുടെ ശബ്ദമൊന്നും കേൾക്കുന്നില്ല. അവളാകെ തകർന്ന മട്ടാണ്. ഇന്നലെ കുഞ്ഞുങ്ങൾ ഉറങ്ങിയതിന് ശേഷം അവൾ ഏങ്ങലടിച്ച് കരയുകയായിരുന്നു. കണ്ണൻ ഇന്നലെ പറഞ്ഞത്രേ അമ്മേ ഞങ്ങളെ അങ്ങോട്ട്‌ തിരിച്ച് വിടല്ലേ എന്ന്.
രവിയേട്ടാ നമുക്ക് കോടതി വഴി അവരെ സ്വന്തമായി കിട്ടാൻ ശ്രമിച്ചാലോ ?വലിയ പ്രതീക്ഷയൊന്നും മനസ്സിൽ തോന്നിയില്ലെങ്കിലും ഞാൻ അവളെ സമാധാനിപ്പിക്കാൻ വെറുതെ സമ്മതം മൂളി. 
കുട്ടികളുടെ ശബ്ദമൊന്നും കേൾക്കുന്നില്ലല്ലോ. അയാൾക്കെന്തോ ഒരു ഉന്മേഷക്കുറവ് തോന്നി. മൺവെട്ടി താഴെയിട്ട് അയാൾ ഉമ്മറത്തേക്ക് വന്നു നോക്കി. കുട്ടികൾ ഇവിടെ ഊഞ്ഞാലാടിക്കൊണ്ടിരിക്കുകയായിരുന്നല്ലോ. അവർ വീട്ടിൽ വന്നതിന്റെ പിറ്റേന്നാണ്‌ മുറ്റത്തെ മാവിൻകൊമ്പിൽ താൻ അവർക്ക് ഊഞ്ഞാലിട്ടുകൊടുത്തത്. 
ലതേ.... കുട്ടികൾ എവിടെ ?എന്തൊക്കെയാണ് ഇപ്പോൾ പത്രത്തിൽ വായിക്കാറുള്ളത്. കുട്ടികൾക്ക് നേരെയുള്ള ക്രൂരതകൾ. അയാളുടെ ഉള്ളൊന്നു കാളി. ഇവരെവിടെപോയി ?

തൊട്ടടുത്ത വീട്ടിലെ വർഗ്ഗീസ് ചേട്ടൻ സിറ്റ് ഔട്ടിൽ തന്നെ ഇരിക്കുന്നുണ്ട്. കുട്ടികൾ അങ്ങോട്ട്‌ വന്നോ അച്ചായാ ?, അയാൾ വിളിച്ച് ചോദിച്ചു. അങ്ങോട്ട്‌ താനും ലതയും അവരെ വിടാറില്ല. അയാളെന്തെങ്കിലും കുത്തിക്കുത്തി ചോദിച്ചാൽ കുട്ടികൾ വിഷമിക്കുമല്ലോ എന്ന് കരുതിയാണ്. 

ഇങ്ങോട്ട് വന്നില്ലല്ലോ മാഷെ. അയാൾ പറഞ്ഞു. ഇനിയെവിടെ തിരയണം ദൈവമേ. അപ്പുറത്തെ
കനാലിലെങ്ങാനും പോവുമോ രവിയേട്ടാ ?ലതയാകെ തളർന്നിട്ടുണ്ട്. ഉള്ളിയും ചിക്കനും മണക്കുന്ന നൈറ്റി യിൽ കൈ തുടച്ച് അവൾ മുറ്റത്തെ ഒതുക്കുകല്ലിൽ ഇരുന്നു.
വേഗം എന്തെങ്കിലും ചെയ്യൂ രവിയേട്ടാ. അല്ലെങ്കിൽ പോലീസിൽ പരാതിപ്പെടൂ. അയാൾക്ക്‌ വല്ലാത്തൊരു നിസ്സഹായത അനുഭവപ്പെട്ടു. രണ്ട് മാസത്തെ എഗ്രിമെന്റ് ന് വീട്ടിൽ കൊണ്ടുവന്നു നിർത്തിയതാണ് കുട്ടികളെ. അവർക്ക് എന്തെങ്കിലും അപകടം പിണഞ്ഞിട്ടുണ്ടെങ്കിൽ അയാൾക്ക്‌ ഓർക്കാൻ പോലും വയ്യ. വൈകുന്നേരം 5, മണിക്ക് ഫോസ്റ്റർ കേയറിങിന്റെ വണ്ടി വരും കുട്ടികളെ കൊണ്ടു പോവാൻ. അതിനു മുൻപ് എന്തെങ്കിലും ചെയ്തേ തീരൂ.
രവിയേട്ടാ ഇനിയെന്ത് ചെയ്യും ?കുട്ടികളില്ലാതെ നമ്മളെന്തിന് ജീവിക്കുന്നു. ?ഇനി അവർക്കെന്തെങ്കിലും അപകടം പിണഞ്ഞിട്ടുണ്ടെങ്കിൽ എന്തു ചെയ്യും ?അവൾ ഏങ്ങലടിക്കാൻ തുടങ്ങി. രവിക്ക് ഈ ഭൂമി പിളർന്നു താനങ്ങ് അപ്രത്യക്ഷനായെങ്കിൽ എന്ന് തോന്നി.
ഭയവും ആകുലതയും അയാളെ ഗ്രസിച്ചു. തന്റെ ജന്മത്തെ അയാൾ പഴിച്ചു. ഒരു കുഞ്ഞിനെ പരിരക്ഷിക്കാൻ തനിക്കു ത്രാണിയില്ലെന്നറിഞ്ഞുകൊണ്ടുതന്നെയാണോ ദൈവം തനിക്കാ ഭാഗ്യം നിഷേധിച്ചത് ?ലത കരഞ്ഞു കരഞ്ഞു അനക്കമില്ലാതെ കിടക്കുന്നു. ആകാശം കറുത്തുവരുന്നു. പടിഞ്ഞാറൻ ചുവപ്പിനെ കറുപ്പ് വിഴുങ്ങികൊണ്ടിരിക്കുകയാണ്. അകലെ കരിമ്പനക്കാടുകൾക്കിടയിലൂടെ
ചൂളം വിളിച്ചെത്തിവരുന്ന കാറ്റിന്റെ ശക്തി കൂടി വരുന്നു. ദൂരെ കുറുക്കന്മാരുടെ ഓരിയിടൽ. അയാൾ ലതയെ എങ്ങനെയോ പൊക്കിയെടുത്ത് വീട്ടിനുള്ളിൽ കയറി വാതിലടച്ചു. ചെറുതായി മിന്നൽ തുടങ്ങി. മഴ ചന്നം പിന്നം പെയ്യാനും. ദൂരെ ഏതോ ഒരു ആംബുലൻസിന്റെ സൈറൺ മുഴങ്ങുന്നു. അത്യാവശ്യമായി ആരെയോ ആശുപത്രിയിൽ കൊണ്ടുപോവുകയാണെന്നു തോന്നുന്നു. മഴയ്ക്ക് ശക്തി കൂടി. ഓട്ടിൻപുറത് ഐസ് കട്ടകൾ വീഴുന്ന ഭീതിപ്പെടുത്തുന്ന ശബ്ദം മാത്രം കേൾക്കുന്നു.
ഫോസ്റ്റർ കേയറിങിന്റെ വണ്ടി ഇടവഴി തിരിഞ്ഞു വലിയ ഹോണടിയോട് കൂടി വീട്ടുമുറ്റത്തു വന്നു നിന്നു. കുട്ടികളെ തിരിച്ചു കൊണ്ടുപോവാനുള്ള വരവാണ് വണ്ടി ഹോൺ മുഴക്കികൊണ്ടിരുന്നു. ശക്തമായ മിന്നലിൽ ആ കൊച്ചുവീട് പ്രകമ്പനം കൊണ്ടു. അടഞ്ഞ വാതിലിന്റെ വിടവിലൂടെ ഒരു രക്തപ്പുഴ സിറ്റ് ഔട്ടും പോർച്ചും കടന്ന് താഴെയുള്ള അഴുക്കുചാലിലേക്ക് ഒഴുകുന്നത് ആരും ശ്രദ്ധിച്ചില്ല. അസ്തമയ സൂര്യന്റെ അവസാനകിരണവും മാഞ്ഞു. രാത്രി കറുപ്പിന്റെ കരിമ്പടം പുതച്ചു. അപ്പോഴും വണ്ടി എന്തോ പ്രതീക്ഷിച്ചെന്നപോലെ സൈറൺ മുഴക്കുന്നുണ്ടായിരുന്നു.