അരങ്ങത്ത് നിന്നും അങ്ങാടിയിലേക്ക്

അരങ്ങത്ത് നിന്നും അങ്ങാടിയിലേക്ക്

ഇയാസ് ചൂരൽമല

അടുക്കളത്തോട്ടത്തിൽ
വിളഞ്ഞു പാകമായ
പപ്പായക്കൂട്ടത്തെ
നോക്കി ഞാനും
കൊതി പറഞ്ഞു

തൊടിയിലുയർന്നു
വളർന്ന പേരമരത്തിൽ
കൊത്തിപ്പിടിച്ചു കയറി
മരക്കൊമ്പിലിരുന്നു തന്നെ
സ്വാദറിഞ്ഞു

മുറ്റത്തായ്
ഇടതൂർന്നു വളർന്ന
മുരിങ്ങയിലയും,
ചീരച്ചപ്പുമെല്ലാം
വിഭവ സമൃദ്ധിയിൽ
രുചി പകർന്നു

ഉമ്മാന്റെ വീട്ടിൽ
വിരുന്നു പോവും നേരം
അങ്ങാടി കണ്ടയെന്നിൽ
എന്തെന്നില്ലാത്തൊരു
അത്ഭുതം വിരിഞ്ഞു

മുറ്റത്ത് പറിക്കും
ചീരയും, മുരിങ്ങയും
പേരക്കയും, പപ്പായയും
ഇവിടെയിതാ
വില പറഞ്ഞു വിൽക്കുന്നു.!

അത്ഭുതം മാറാത്ത
എന്റെ ബാല്യം
ഉമ്മയിൽ ചോദിച്ചു
ഇവയെല്ലാം ആര് വാങ്ങാനാ.?

ഉത്തരം കിട്ടിയിട്ടും
സംശയം തീരാത്ത
കുഞ്ഞിലേ ചോദ്യങ്ങൾക്ക്
തിരശീല പാകി
കാലങ്ങൾക്കിപ്പുറം
എന്റെ വീട്ടിലുമിവയെല്ലാം
വില പറഞ്ഞു വന്നെത്തി