താരാനാഥ് ആർ
കർഷകനാണയാൾ
കലി തുള്ളി
നടപ്പാണ് ..
കലപ്പയാണ് കയ്യിൽ
ദൂരെ കൊട്ടാരം വാഴും രണ്ടു രാജാക്കന്മാർ .. അവർക്കെതിരെ
കലപ്പയായ് .
തെക്കു നിന്ന് വടക്കോട്ട് കാൽനടയാത്ര .. ഉരഞ്ഞ് കലപ്പ
മണ്ണിൻ പുളകോദ്ഗമം.
വഴി നീളെ ചിലരൊക്കെ കൂടെക്കൂടി
ഒരു മത്സ്യം ജലമാർഗ്ഗം
( മൂന്നിൽ രണ്ട് ജലമാണല്ലോ )
കരകേറിയൊരാമ
നാട്ടിലിറങ്ങിയ ഒരു സിംഹം
പിന്നെ ഒരു കുള്ളൻ വന്നു ..
പിന്നെഒരു താടിക്കാരൻ ..!
താൻ കർഷകനാണോ?
കോടാലിയുണ്ട് .. കള പറിക്കാം !
അയാളും കൂടി ആറു പേർ
വടക്കറ്റത്തേക്ക് ..
അവരെ ഒക്കെ നമ്പാമോ?
കൊട്ടാരം നിൽക്കുന്ന സ്ഥലം
“അയോഥുര”
മധ്യഭാഗത്ത് ഏച്ചു കൂട്ടിയ മുഴ.
അധികാരത്തിൻ്റെ കോട്ട
ദൂരെ നിന്നു കാണാം
ജന്തുരോഷം ജ്വലിക്കുന്നു
അപ്രമാദിത്വം കടപുഴക്കി കടലിലെറിയൂ ..
മുദ്രാവാചകങ്ങൾ ആയി അവർ..
ഒരുമിച്ചൊരു വാക്യം.
ആറു പേരേ ഉള്ളൂ എങ്കിലും
നൂറു കോടി മടങ്ങായി
സമരാഗ്നി വളർന്നു
കൊട്ടാരത്തിനകത്തു രണ്ടു വില്ലുകൾ
വളയാത്ത വില്ലില്ലല്ലോ
ഒടിയാത്ത വില്ലില്ലല്ലോ !
പുറത്ത് കലപ്പ
വളയാത്ത .. ഒടിയാത്ത ..
കൊല്ലാനല്ലാത്ത !
രോഷാഗ്നിയിൽ കലപ്പ തിളങ്ങി
അവർ കൊട്ടാരം ചുറ്റും ചാലുകീറി
കുത്തിമറിക്കാൻ നോക്കി ..
അധികാരം അനങ്ങിയില്ല .
ധ്രുവീകരണം തെല്ലു പാളി ഭൂമി ഭ്രമണപഥത്തിൽ നിന്നുലഞ്ഞു
നില തെറ്റുമെന്നായപ്പോൾ അതാ
ഒരു പടുകൂറ്റൻ കാട്ടുപന്നി
അവതരിക്കുന്നു .
അത് തേറ്റ കൊണ്ട്
കൊട്ടാരത്തെ അടിയോടെ കുത്തിപ്പറിച്ച് കടലിലിട്ടു !
അയോഥുര മുങ്ങി
ഭൂമി താളം വീണ്ടെടുത്തു
അയാൾ കലപ്പ മണ്ണിൽ വെച്ചു
കൂടെ വന്നവരെല്ലാം മണ്ണിൽ മുഖമമർത്തി ചുംബിച്ചു..
കൊട്ടാരം അടർത്തിയിടത്ത് ഒരു ബോധിവൃക്ഷം മുളച്ചു വളർന്നു
അയാളും അവരും
അതിൻ്റെ തണലിൽ ഇരുന്നു
ആറും ഒന്നും എഴുപേർ
യുഗാന്തരം അവതാരപ്പൊരുൾ തേടിയവർ !
അവർ കലപ്പക്കു ചുറ്റുമിരുന്നു
നാളെയെ ധ്യാനിച്ചു
ആകാശത്ത് ബുദ്ധപൂർണ്ണിമ തെളിഞ്ഞു.