അവന്‍റെ പേര് കർഷകൻ

അവന്‍റെ പേര് കർഷകൻ

നൗസി മുഹമ്മദ്‌

വിശന്നൊട്ടിയ വയറിൽ
വേവലാതിയില്ല പക്ഷേ,
വരണ്ടുണങ്ങിയ ഭൂമി അയാളിൽ
നെടുവീർപ്പായി മാറുന്നു
ചുടുകണ്ണീരും വിയർപ്പും കൂട്ടിക്കുഴച്ച്
നാടിന്‍റെ വിശപ്പകറ്റുന്നവൻ
അവന്‍റെ പേര് കർഷകൻ….

വിണ്ടുകീറിയ കാൽപ്പാദങ്ങൾ
അവൻ വകവെക്കാറില്ല
ഉച്ചിയിൽ തണ്ഡവമാടുന്ന സൂര്യനും
അവനെ പൊള്ളിക്കില്ല
ചേറും കുണ്ടും അവന്
ചിരപരിചിതം
അവന്‍റെ പേര് കർഷകൻ….

മുഷ്ടി ചുരുട്ടിയവന്‍റെ ലാത്തിയടി
ഒട്ടും നോവിക്കില്ല
കത്തിപ്പടരും കനൽവഴികൾ
നിത്യവും അവന് ശക്തിമാർഗ്ഗം
കൈകരുത്തും മനക്കരുത്തും
മുന്നേറ്റഗാഥയ്ക്കാത്മബലം
അവന്‍റെ പേര് കർഷകൻ….

നാണയത്തുട്ടെറിഞ്ഞ് അവനെ
അപകീർത്തിപ്പെടുത്താനാവില്ല
കുഴിഞ്ഞു ജീവാംശം നഷ്ടപ്പെട്ട കണ്ണുകൾ
കുതറിത്തെറിച്ച് ചീറിപ്പായുകയാണ്
നീതിക്കുവേണ്ടിയുള്ള പടപ്പുറപ്പാടാണ്
നീതി അവനെത്തേടി എത്തിയേ മതിയാവൂ
അവന്‍റെ പേര് കർഷകൻ !