ഐവിൻ സഖറിയ
“ഏതു നേരത്താണാവോ ഓരോ പൊലയാടിമക്കൾക്കു ചാവാനും കൊല്ലാനും തോന്നുന്നത്. നട്ടപാതിരയ്ക്ക് ഓരോ പണിയുണ്ടാക്കി വയ്ക്കാന്‍.”
രാമന്‍പിള്ള ഫോണ്‍ വെച്ച രീതിയില്‍ തന്നെ ഗിരിജാമ്മയ്ക്ക് കാര്യം പിടികിട്ടി . ഭര്‍ത്താവ് നല്ല ദേഷ്യത്തിലാണെന്ന്. എങ്കിലും ധാർമ്മികമായ കടമയിലൂടെ ഒരു ഭാര്യ എപ്പോഴും കടന്നുപോകേണ്ടതുണ്ട് എന്ന ചിന്തയുള്ളതിനാൽ , ഉള്ളിൽ തോന്നിയ ഭയത്തെ നിർവികാരതയിൽ ഒളിപ്പിച്ചുവെച്ചുതന്നെ ചോദിച്ചു .
” എന്താ കാര്യം, നിങ്ങളത് പറയൂ …ചുമ്മാ കടന്നു ചാടിക്കളിക്കാതെ “
“എന്തു പറയാന്‍ ഏതോ ഒരുത്തൻ ചത്തുകിടക്കുന്നുണ്ടെന്നു ..എസ് ഐ എവിടെക്കോ പോയേക്കുവാ അയാളു വരുന്നത് വരെ ശവത്തിനു പോയി കാവലിരിക്കണമെന്നു.”
അപ്പോഴാണ് ഗിരിജാമ്മയും സമയം നോക്കിയത്. രണ്ടു മണി കഴിഞ്ഞിരിക്കുന്നു .
‘നേരം വെളുക്കുന്ന സമയം വരെ ആ പോലീസ് സ്റ്റേഷനില്‍ മറ്റാരുമില്ലേ ‘ .
‘ഈ മഴയും തണുപ്പും ആസ്മ കൂട്ടില്ലേ.’
എന്നുള്ള ചോദ്യങ്ങളൊന്നും ഗിരിജാമ്മ ചോദിച്ചില്ല .ഉദ്യോഗത്തിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും രാമന്‍പിള്ള തയ്യാറല്ലെന്നു മുപ്പതു വർഷത്തെ ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തിൽത്തന്നെ നന്നായി മനസിലാക്കിയിരുന്നു
കിടക്കയുടെ താഴെ വെച്ചിരുന്ന ടോര്‍ച്ചുമെടുത്തു രാമന്‍പിള്ള കോലായിലേക്കിറങ്ങി ,ഒരു സാദാ കോൺസ്റ്റബിളിന്റെ വീടിന്റെ അവസ്ഥയെ പ്രതിനിധീകരിക്കാൻ എന്നവണ്ണമിരുന്ന ഒടിഞ്ഞകമ്പിയുള്ള കുടയുമെടുത്തു പുറത്തേക്കിറങ്ങി .
നല്ല മഴയുണ്ട് . മഴയെന്നുപറഞ്ഞാൽ പോരാ , നിലത്തുചാടുന്ന തുള്ളികൾക്കു മതിയായില്ലെന്നവണ്ണം പിന്നെയും ഉയർന്നുചാടി മുട്ടുവരെ എത്തുന്നത്ര ശക്തിയായി പെയ്യുന്നുണ്ട് . മഴകൊണ്ടു രാവിന്‍റെ നിറം പിന്നെയും കറുത്തിരിക്കുന്നു. ടോര്‍ച്ചിന്‍റെ വെളിച്ചത്തിനു കാഴ്ചകളെ തെളിയിക്കാന്‍ ശക്തി പോരാത്തത് പോലെ .
കവലയ്ക്കു തെക്കുമാറി വിജയന്‍റെ ചായകടക്ക് മുന്നില്‍ ശവം കിടക്കുന്നുണ്ട് എന്നാണ് പറഞ്ഞതു .
വന്നു, കാഴ്ചകളെല്ലാം കണ്ട് ബോധ്യപ്പെട്ടു ഹെഡ് കോണ്‍സ്റ്റബിള്‍ അച്ചുതന്‍ നായര്‍ പോയി. പിന്നെയുള്ളത് താനടക്കം മൂന്നു കോണ്‍സ്റ്റബിള്‍ മാര്‍ .
അതില്‍ ജോര്‍ജിനുഭാര്യയുടെ പ്രസവം പ്രമാണിച്ച് അവധി .പിന്നെയുള്ളത് സാഹചര്യങ്ങള്‍ മനസ്സിലാക്കി അവധിയെടുക്കുന്ന അജിതന്‍. അവനിന്ന് വൈകുന്നേരം മുതൽ ശക്തിയായ പനിയാണത്രെ .
“നാറികള്‍”
മനസ്സിലെ അമര്‍ഷം മുഴുവന്‍ നടവഴിയിലെ വെള്ളത്തിലമര്‍ത്തിച്ചവിട്ടി പിള്ള മുന്നോട്ടു നടന്നു.
സര്‍വീസ് തീരാന്‍ ഇനി നാലു ദിവസം കൂടിയെ ബാക്കിയുള്ളു, അതിനിടയില്‍ ഇങ്ങനൊരു ചതി പ്രതീക്ഷിച്ചിരുന്നില്ല .ഇനി പറഞ്ഞിട്ടെന്തു കാര്യം. രാവിലെതന്നെ അമ്പലത്തിൽ പോയൊന്നു തൊഴണം എന്നെല്ലാം കരുതിയതാ .എല്ലാം മുടങ്ങി .
ജീവിതം മുഴുവന്‍ ഇങ്ങനെതന്നെയായിരുന്നല്ലോ. അറിയാതെ ചെയ്തൊരു തെറ്റില്‍ , അതിനെ കൈക്കൂലിയെന്നു വിളിക്കാന്‍ കൂടി വയ്യ- നഷ്ട്ടപെട്ടത് കുറെ നല്ല നാളുകള്‍ .നീണ്ട മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍, കോണ്‍സ്റ്റബിള്‍ രാമന്‍ പിള്ളയെന്ന ഒറ്റ നാമത്തില്‍ മാത്രം .
കല്യാണം കഴിഞ്ഞു ഒരുവർഷം കഴിഞ്ഞു കാണും .മൂത്തവളെ എട്ടാം മാസം ചുമന്നു ,വീട്ടിലെ തൂണുകളെ കൈത്താങ്ങാക്കി അവൾ നടന്ന സമയം ..ആശുപത്രിയിൽ കൊണ്ടുപോകാനുള്ള അവസ്ഥപോലും ശമ്പളം തികച്ചിരുന്നില്ല .അതെങ്ങനെ, കല്യാണത്തിന് ചിലവായ കടം മേടിച്ച തുകയൊന്നും കൊടുത്തു തീർത്തിരുന്നില്ല ..
എന്തുചെയ്യണമെന്നറിയാതെ, ലീവുള്ളൊരു ദിവസം താഴത്തെ പറമ്പിലെ തോടിന്റെ വക്കിലിരുന്നു വെള്ളത്തിലേക്ക് കാലും നീട്ടിവെച്ചു ആകാശംനോക്കിയിരിക്കുമ്പോഴായിരുന്നു , വടക്കേതിലെ നാരായണൻ വന്നത് .
ഉത്സവപ്പറമ്പിൽ മുച്ചീട്ടു കളിച്ചതിനു മകനെ പോലീസ് പിടിച്ചോണ്ട് പോയെന്നും , എങ്ങനേലും ഇന്നുതന്നെ പുറത്തിറക്കണം, വരുന്ന ഞായറാഴ്ച അവന്റെ കല്യാണമാണെന്നും പറഞ്ഞു ,കണ്ണീരോടെ മുന്നിലേക്ക് രണ്ടായിരം രൂപ വെച്ചുനീട്ടിയപ്പോൾ , മുന്നിൽ തെളിഞ്ഞത് അഹങ്കരിച്ചു കൊണ്ടുനടന്നിരുന്ന ആദർശമായിരുന്നില്ല , ഉന്തിയ വലിയൊരു വയറും അതിനെ താങ്ങിപ്പിടിച്ചു നടക്കുന്ന ശോഷിച്ചൊരു മുഖമായിരുന്നു .
ആലോചിക്കാൻ സമയം നൽകുന്നതിന് മുന്നേ നാരായണൻ , അടുത്തുനിന്നിരുന്നൊരു ചേമ്പിൽ നിന്നുമൊരില പറിച്ചു അതിൽ കാശും പൊതിഞ്ഞു മുന്നിലിരുന്ന അലക്കുകല്ലിന്മേൽ വെച്ചു റബ്ബർമരങ്ങളുടെ ഇരുട്ടിലേക്കെവിടെയോ ഓടിമറഞ്ഞിരുന്നു .
പണമെടുക്കാതെ പിന്നെയും കുറച്ചുനേരം എന്തൊക്കെയോ ആലോചിച്ചിരുന്നു , ഒടുവിൽ ” കോണാത്തിലെ ആദർശം ” എന്നു മനസ്സിൽ പിറുപിറുത്തു ആ പൊതിയുമെടുത്തു നടന്നുനീങ്ങി .
പക്ഷെ , ആലോചിച്ചു കളഞ്ഞ കുറച്ചു സമയത്തിനും , നടന്നുവീട്ടിലേക്കെത്താനുള്ള സമയത്തിനുമിടയിൽ അവിടെ മറ്റുചിലത് നടന്നതറിയാൻ ഒരു മൂന്നാംകണ്ണില്ലാതായിപ്പോയി .
ബാബു , തോടിനപ്പുറം കപ്പത്തോട്ടത്തിൽ ആരും കാണാതെ പെണ്ണുങ്ങൾ കുളിക്കുന്നത് കാണാൻ ഒളിച്ചിരുന്നപ്പോഴായിരുന്നു ഇത്രയും സംഭവം നടന്നത് . നാരായണനും തനിക്കുമിടയിൽ നടന്നതൊക്കെ കണ്ടതും,ശബ്ദമില്ലാതെ അവൻ പറന്നു , ചിറകു വിരിച്ചു പറക്കുന്നതിനിടയിൽ അവൻ പലതും കണ്ടിരിക്കണം ,, ഈ വിവരവുമായി ഓടിച്ചെല്ലുമ്പോൾ , പുറകെനടന്ന പെണ്ണിനെ കെട്ടിയതിന്റെ പ്രതികാരം എന്നോട് തീർക്കാൻ കാത്തിരിക്കുന്ന കോൺസ്റ്റബിൾ ബാബുവിന്റെ മുഖവും , ആരും കാണാതെ ബാബു തരുന്ന പത്തുരൂപകൊണ്ട് സിനിമകാണാൻ പോകുന്നതും ,തോട്ടിലെ വെള്ളത്തിലിരുന്നു തൂറുമ്പോൾ ആസ്വദിച്ചു ബീഡിവലിക്കുന്നതും അങ്ങനെ പലതും അവൻ കണ്ടിട്ടുണ്ടാകണം .
ഇനിയതെല്ലാം ഓർത്തിട്ടെന്തു കാര്യം , സസ്‌പെൻഷനും വാങ്ങി വീടിന്റെ കോലായിരിലിരിക്കുമ്പോൾ ബാബു ഒരു വളിച്ച ചിരിയുമായി പോകുന്നത് പ്രതികരണശേഷിയില്ലാതെ പലപ്പോഴും കണ്ടുനിൽക്കേണ്ടി വന്നിട്ടുണ്ട് .
‘ഹാ ..”
ദ്രവിച്ച ഓർമകളെല്ലാം ഒരു ശബ്ദമായി രാമൻപിള്ള പുറത്തേക്കെറിഞ്ഞു കളഞ്ഞു .
അവള്‍ക്കാണെങ്കില്‍ ഇപ്പോൾ തീരെ വയ്യ. ഇല്ലാത്ത അസുഖങ്ങളെല്ലാമുണ്ട് . മൂന്നു വര്‍ഷം മുന്‍പായിരുന്നു മകളുടെ കല്യാണം. അതിന്‍റെ ബാധ്യതകള്‍ തീര്‍ന്നുവരുന്നതെയുള്ളു.പിന്നെയുള്ളത് മകന്‍ എന്ന സ്ഥാനം മാത്രം പേരില്‍ അലങ്കരിച്ചു നടക്കുന്നവന്‍ .ലഹരിയുടെ ചിന്തകളില്‍ അവന്‍ നടന്നകലുന്നത് പലപ്പോഴും നോക്കിനില്‍ക്കാനെ സാധിച്ചിട്ടുള്ളൂ.
എന്നും സമൂഹത്തിലെ ഏറ്റവും വലിയ വിരോധാഭാസങ്ങളിലോന്നാണല്ലോ, പോലീസുകാരനായ അച്ഛനും കൊള്ളരുതാത്ത മകനും .
മഴ കുറയുന്നില്ലല്ലോ…
കവലയിലെ കാനകളെല്ലാം നിറഞ്ഞു , റോഡും കവിഞ്ഞൊഴുകി തുടങ്ങി. നല്ല ഇടിവെട്ടുമുണ്ട്. വളവുതിരിഞ്ഞാൽ റേഷൻകടയായി , പിന്നെ ഇത്തിരിമാറിയാൽ സ്ഥലവുമെത്തി . രാമൻപിള്ള നടപ്പിനൽപം വേഗത കൂട്ടി .
മഴ പെയ്തുകൊണ്ടേയിരുന്നു .
അപ്രതീക്ഷിതമായ ഒരു കാഴ്ചയ്ക്കു മുന്നിൽ രാമൻപിള്ള നിന്നു.
വിജയന്‍റെ ചായകടയ്ക്കു മുന്നിലാണ് ശവം കിടക്കുന്നത് എന്നാണല്ലോ പറഞ്ഞത്.
പക്ഷെ,
ഇതെങ്ങനെ ഇവിടെ വന്നു. റേഷന്‍ കടയുടെ മുന്നിലുള്ള ചായ്പില്‍ . അവര്‍ക്കു തെറ്റിയതാകുമൊ….ഹെഡ് കോണ്‍സ്റ്റബിള്‍ അച്ചുതന്‍ നായര്‍ നല്ല ഒന്നാന്തരം കുടിയന്‍ കൂടിയാണ്. ഇരുട്ടും , മഴയും , കള്ളും …നായർക്കുതെറ്റിയതുതന്നെ , അല്ലെങ്കില്‍ പിന്നെ ഇങ്ങനെ പറയുമൊ. ഇനിയും ആറു കടകള്‍ക്കപ്പുറമാണ് വിജയന്‍റെ ചായക്കട.
ഹാ.. എന്തേലുമാകട്ടെ ..
കുടചുരുക്കി സാവധാനം റേഷന്‍ കടയിലെ ചായ്പിലേക്ക് രാമന്‍ പിള്ള കയറി. അരഭിത്തിയിലേക്കു കുട ചുരുക്കി വെച്ചു.
മഴയ്ക്കിടയിലെപ്പോഴൊ കറന്റും പോയിരിക്കുന്നു..
ഒന്നും വ്യക്തമല്ല . ടോര്‍ച്ചടിച്ചൊന്നു നോക്കി.
“ഉം … കഴുത്തിനാ വെട്ട്..”
ഒരു ആത്മഗതത്തിലൂടെ ആദ്യ റിപ്പോര്‍ട്ട് രാമൻപിള്ള സൃഷ്ടിച്ചെടുത്തു, പിന്നെ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ ഒരു സൂക്ഷ്മ നീരിക്ഷണം കൂടി നടത്തി .
അഞ്ചടി ഒന്‍പതിഞ്ചു പൊക്കം കാണണം . ഏകദേശം എണ്‍പതു കിലോ തൂക്കവും. ഇരു നിറം . കഷണ്ടി കയറിയ ശിരസ്സ് , അന്‍പതു കടന്നിട്ടുണ്ട് ,അതുറപ്പാ.
രാമൻപിള്ളക്ക് അഭിമാനം തോന്നി ..എത്രവർഷമായി ഇതൊക്കെ കാണുന്നു . ആളെക്കണ്ടാൽ തൂക്കവും പൊക്കവുമെല്ലാം ഗണിച്ചെടുത്തു പറയാൻ എന്നേ പഠിച്ചിരിക്കുന്നു.
പെട്ടന്നായിരുന്നു ഒരു ഇടിവാള്‍ മിന്നിയത് . രാമന്‍പിള്ള ഒരു ഞെട്ടലോടെ ചാടിയെഴുന്നേറ്റു .
ഇടിവാളിന്റെ പ്രകാശം കുറച്ചുനേരം അവിടെയാകെ തങ്ങിനിന്നു .ആ പ്രകാശത്തിലൂടെ മഴത്തുള്ളികൾ വരിവരിയായി മുകളിലേക്ക് കയറിപ്പോയി മറ്റൊരു പ്രകാശത്തിലൂടെ വീണ്ടും കൂടുതൽ ശക്തിയോടെ താഴേക്കുവരുന്നതുപോലെ അയാൾക്കു തോന്നി . ആ പ്രകാശത്തിനു പുറകെ ശിവതാണ്ഡവ സംഗീതംപോലെ ആകാശത്തുനിന്നും വലിയൊരു ശബ്ദം കൂടി . ശക്തമായി പെയ്തിറങ്ങിയ മഴത്തുള്ളികൾക്കു കലിതുള്ളിയ മുഖമായിരുന്നു . ഒരു അന്തവും കുന്തവുമില്ലാതെ അവയങ്ങനെ ഒഴുകിനടന്നു ..അതിൽ ചിലതു പരസ്പരം ഏറ്റുമുട്ടി കലി തീർക്കുന്നുണ്ടായിരുന്നു ..
പതിവില്ലാത്ത ചില കാഴ്ചകളെ ഭയന്നെന്നവണ്ണം തവളകൾ വെള്ളം കയറാത്ത പൊത്തുകളിലേയ്ക്കു പാഞ്ഞുകയറി .
രാമൻപിള്ളയ്ക്ക് ഭയം വന്നു തുടങ്ങിയിരുന്നു . ആദ്യമായാണ് അങ്ങനൊരു തോന്നൽ . മഴയും ഇരുട്ടും എല്ലാംകൂടി ചേർന്ന് വല്ലാത്തൊരു രാത്രി .വാച്ചില്‍ സമയം നോക്കി .മൂന്നു മണി ആകുന്നതെയുള്ളു. ഒന്നു നേരം പുലര്‍ന്നു കിട്ടിയിരുന്നെങ്കില്‍ .
മഴ കുറയുന്ന ലക്ഷണമൊന്നുമില്ല .
ഒരു സിഗരറ്റ് കത്തിക്കാം . ഈ മഴയത്തു വലിക്കാനൊരു സുഖം തന്നെയാണ് .കീശയില്‍ കൈയിട്ടു നോക്കിയപ്പോഴാണ് മനസിലായത് ,
” നാശം പിടിക്കാന്‍ …അതും മറന്നു …”
ഭയം കൂടുന്നൊ എന്നൊരു സംശയം. വേണ്ട എന്നു വിചാരിച്ചിട്ടും, കണ്ണുകള്‍ നിയന്ത്രണമില്ലാതെ ആ ശവത്തിനു നേരെ നീളുന്നു . പിൻകഴുത്തിൽനിന്നും ഒലിച്ചിറങ്ങിയ ഇനിയുമുണങ്ങാത്ത ചോര, സ്വയമൊരു വഴിതീർത്തു മഴയിലേക്ക് പതിയെ പോയൊളിക്കുന്നുണ്ടായിരുന്നു .
ആരായിരിക്കും ഇയാളെ കൊന്നത് ?
കണ്ടിട്ട് അത്ര വലിയ പ്രശ്നങ്ങളുള്ള ഒരു വ്യക്തിയായിരുന്നു എന്നു തോന്നുന്നില്ല . ചിലമുഖങ്ങൾ കണ്ടാലറിയാമല്ലോ അവരുടെ സാഹചര്യങ്ങൾ .കുറെയൊക്കെ ഒരു പോലീസുകാരനായതുകൊണ്ടാകാം അങ്ങനെ ചില ചിന്തകൾ .
ഇനി , ആളുമാറി കൊന്നതായിരിക്കുമോ .
ഒന്നും പറയാന്‍ പറ്റില്ല എന്തായാലും വിരല്‍പാടുകളൊന്നും തെളിവായി കിട്ടില്ല . എല്ലാം ഈ മഴയോടൊപ്പം ഒലിച്ചുപോയിട്ടുണ്ട്. മറ്റെന്തെങ്കിലും തെളിവുകൾ കിട്ടിയാലായി . രാമൻപിള്ള ഒരു തെളിവെടുപ്പെന്നവണ്ണം ആ ശരീരത്തിന് ചുറ്റും ടോർച്ചും തെളിച്ചു നടന്നു.
ആ സമയങ്ങളില്‍ പുറത്തു മഴയ്ക്കു വീണ്ടും ശക്തിയേറുകയായിരുന്നു. ഇടിമിന്നലുകള്‍ മഴയ്ക്കു താളമിട്ടു. മുഴങ്ങുന്ന ഇടി ശബ്ദങ്ങളെ മഴ മുക്കിക്കളഞ്ഞുകൊണ്ടുമിരുന്നു .
പക്ഷെ ഇതൊന്നുമറിയാതെ ചിന്തകൾകൊണ്ട് ഒരു കൊലപാതകത്തിന്‍റെ തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു രാമന്‍പിള്ള.
കൂടുന്ന മഴയ്ക്കൊപ്പം രാമന്‍പിള്ളയുടെ ചിന്തകള്‍ക്കും ഭാരമേറുകയായിരുന്നു. ചിന്തകളെ എങ്ങനെയൊക്കെ വട്ടമിട്ടുകറക്കിയിട്ടും അയാൾക്കുത്തരം കിട്ടിയില്ല . ചിന്തകൾ ഒരുതരത്തിൽ ഭ്രാന്തുപിടിപ്പിക്കും എന്നുവരെ തോന്നിപ്പോയി രാമൻപിള്ളയ്ക്ക് . പുറത്തുപെയ്യുന്ന മഴ പതിയെ ആ ചായ്പ്പിലേക്കു കയറിത്തുടങ്ങിയതും അയാളറിഞ്ഞില്ല .
ഒടുവില്‍ എല്ലാം ശവത്തിനോടു തന്നെ ചോദിച്ചറിയാം എന്ന തീരുമാനത്തിലേക്ക് അയാളെപ്പോഴോ എത്തിച്ചേർന്നു .അതെങ്ങനെ ,എന്നൊരു ചിന്ത അയാളെ കീഴ്പ്പെടുത്തിയില്ല. ആലോചനയിലിടയ്ക്കെപ്പൊഴോ അടഞ്ഞ കണ്ണുകൾ വല്ലാത്തൊരാവേശത്തോടെ അയാൾ വലിച്ചു തുറന്നു . ചിന്തകളെ തോൽപ്പിച്ച സന്തോഷം അയാളുടെ മുഖത്തെ തെളിച്ചമുള്ളതാക്കി , താനൊരു കുന്നിമുകളിൽ നിൽക്കുന്നതായും ,തന്റെ മുന്നിൽ തോറ്റവരെല്ലാം ആ കുന്നിനു ചുറ്റും വട്ടമിട്ടു കറങ്ങുന്നതുപോലെയും അയാൾക്കനുഭവപ്പെട്ടു .
” എന്താണു വിളിക്കെണ്ടതതെന്നറിയില്ല എങ്കിലും സഹോദരാ ഒന്നു ചോദിക്കട്ടെ , എന്താണു നിങ്ങള്‍ക്കു സംഭവിച്ചത് ?
ഒരു ശബ്ദത്തിനൊപ്പം തെളിഞ്ഞൊരു ഇടിമിന്നലിൽ ആ മൃതശരിരം ചെറുതായൊന്നനങ്ങി തുടങ്ങി, വെട്ടേറ്റു പാതിമുറിഞ്ഞു തൂങ്ങിയ തലയൊന്നു ചെരിച്ചുവെച്ചു മരണപ്പെട്ടവന്റെ അറിയപ്പെടാത്ത ഭാവത്താൽ ശവം സംസാരിക്കാൻ തുടങ്ങി .
” പേരിലെന്തിരിക്കുന്നു ചങ്ങാതി. നിങ്ങളിപ്പോള്‍ സംസാരിക്കുന്നത് ഒരു ശവത്തിനോടാണ്. വികാരങ്ങളേതുമില്ലാത്ത വെറുമൊരു ശവത്തിനോട്.”
“അതെന്തുമാകട്ടെ ഒരു പോലീസുകാരന്‍ എന്ന സ്ഥാനത്തു നിന്നാണു ഞാന്‍ ചോദിക്കുന്നത് . ഉത്തരമറിഞ്ഞേ പറ്റൂ “
താൻ സംസാരിക്കുന്നതു ജീവനില്ലാത്തൊരു രൂപത്തോടാണെന്ന വിചാരങ്ങളൊന്നുമില്ലാതെ , മുഷ്ടിചുരുട്ടിപ്പിടിച്ചാണ് രാമൻപിള്ള ചോദിച്ചത് .
“ഹാ ..ഹാ ..ഹാ ….പോലീസുകാരാ നിങ്ങളാരുമല്ല എന്നിലെ ഉത്തരങ്ങള്‍ കണ്ടെത്താന്‍ …”
” എങ്കിലും പറയൂ ഹേ .ആരാണിതു ചെയ്തത്..”
” ഇല്ല പറയില്ല . നിങ്ങള്‍ക്കു വേണ്ട തെളിവുകള്‍ മുഴുവൻ ഞാനീമഴയിൽ ഒഴുക്കി കളഞ്ഞിരിക്കുന്നു. ഇനിയതറിയാവുന്നത് എനിക്കു മാത്രം. അതെന്നോടൊപ്പം മണ്ണിലേക്കിറങ്ങി ചീഞ്ഞുപോകും …”
ദേഷ്യത്താല്‍ ഭ്രാന്തു കയറിതുടങ്ങിയിരുന്നു രാമന്‍പിള്ളയ്ക്കു. സ്റ്റേഷനിലായിരുന്നെങ്കിൽ അടിവയറ്റിലേക്കു മുട്ടുകാലു കയറ്റി ഉത്തരം പറയിപ്പിക്കാമായിരുന്നു എന്നുവരെ അയാൾക്കു തോന്നി .
പക്ഷെ ,
എവിടെയോ എന്തൊക്കയോ പിഴവുകള്‍ സംഭവിച്ചതുപോലെ .വിജയന്‍റെ ചായക്കടയ്ക്കു മുന്നിലെന്നു പറഞ്ഞ ശവശരീരം ഇവിടെയെത്തിയതൊ, അതൊ അച്ചുതന്‍ നായര്‍ക്കു തെറ്റിയതൊ.
അയാൾ വീണ്ടും ചിന്തകളെ ഒരിക്കൽക്കൂടി വട്ടമിട്ടു കറക്കിനോക്കി . ചിന്തകൾ കുറച്ചുസമയം പിന്നിലേക്കോടിച്ചു . അച്ചുതൻനായരുടെ ഫോൺ വന്ന സമയത്തിലേക്കു .
” എടൊ രാമൻപിള്ളേ , നമ്മുടെ വിജയൻറെ ചായക്കടയ്ക്കു മുന്നിലൊരു ശവം കിടക്കുന്നുണ്ട് ..വണ്ടിയിടിച്ചു ചത്തതാ..താനൊന്നു ചെല്ലണം.എസ്.ഐ വരാൻ നേരം വെളുക്കും ..”
ആര്‍ക്കാണു തെറ്റിയതു.
അപ്പോളിനി വിജയന്‍ നായരുടെ കടയുടെ മുന്നില്‍ വേറെ ………
എങ്കിൽ ഈ കിടക്കുന്നത് ……..
തലയ്ക്കുള്ളിൽ വല്ലാത്തൊരു പെരുപ്പനുഭവപ്പെട്ടു രാമൻപിള്ളയ്ക്കു ..പറഞ്ഞറിയാക്കാനാകാത്ത വികാരങ്ങളിലെപ്പോഴോ അയാൾ ഛർദിച്ചു പോയി . തളരുന്ന ശരീരത്തെ ചായ്പ്പിന്റെ ആരഭിത്തിയിലേക്കു ചാരിനിറുത്തി, വിറയ്ക്കുന്ന കൈകളെ വകവെയ്ക്കാതെ ഇത്തിരി ബാക്കികിടന്ന ആത്മധൈര്യത്തെ വലിച്ചു പുറത്തേക്കിട്ടു അയാൾ മുരടനക്കി ..
” സത്യം പറയൂ ….നിങ്ങള്‍ക്കെന്താണ് സംഭവിച്ചത്.”
ചോദിക്കുമ്പോള്‍ തൊണ്ട വരളുന്നുണ്ടായിരുന്നു, പേടി കൊണ്ടെന്നപോലെ , തലയ്ക്കുള്ളില്‍ മിന്നലുകള്‍ കുത്തിക്കയറുന്നപോലെ . വറ്റിയ നാവിനെ തൊണ്ട അകത്തേക്ക് വലിക്കുന്നതായി രാമൻപിള്ളയ്ക്ക് തോന്നി.
” പറയാം നിങ്ങളോട് മാത്രം . പക്ഷേ അത് നിങ്ങളില്‍ത്തന്നെ അവസാനിക്കണം .”
ഒരു വാക്കുകൊടുക്കുവാന്‍ രാമന്‍പിള്ളക്കായില്ല .അതിനുമുന്‍പേ ശവം പറഞ്ഞുതുടങ്ങി .
“എനിക്കും നിങ്ങളെപ്പോലെ ഒരു ഒരു ശവത്തിനു കാവലിരിക്കണമായിരുന്നു. സത്യത്തില്‍ എനിക്കുള്ള ചുമതലയായിരുന്നു വിജയന്‍ നായരുടെ കടയ്ക്കു മുന്നിലുള്ള ശവത്തിനു കാവലിരിക്കല്‍. നല്ല മഴയായിരുന്നു വരുമ്പോള്‍ .ഒരു സിഗരറ്റു കത്തിക്കാന്‍ വേണ്ടിയായിരുന്നു ഇവിടെ കയറി നിന്നത്. വലിച്ചുകൊണ്ടിരിക്കെ എന്തിലോ അറിയാതെ ഞാന്‍ ചവിട്ടി. നോക്കിയപ്പോള്‍ അവന്‍ ……..പാതിബോധത്തിന്‍റെ മറവില്‍ അവിടെ ചുരുണ്ടുകൂടി ഒരു ഭ്രാന്തനെപ്പോലെ കിടക്കുന്നുണ്ടായിരുന്നു. “
“ആരാണവൻ.. ?”
രാമൻപിള്ളയ്ക്ക് ആകാംക്ഷ അടക്കിനിറുത്താനായില്ല.
” അവൻ… അത്രയും അറിഞ്ഞാൽ മതി. കുറെ തട്ടിവിളിച്ചപ്പോഴാണവൻ എഴുന്നേറ്റതു. അപ്രതീക്ഷിതമായി എന്നെ കണ്ടിട്ടാകണം അവൻ ഭയന്നതു. എങ്കിലും ഞാനൊന്നും ചോദിച്ചില്ല… അവൻ പതുക്കെ മഴയിലേക്കിറങ്ങി നടന്നു… “
” എന്നിട്ട്… ബാക്കി പറയു… “
ഒരു കൊലപാതകം തെളിയാൻ പോകുന്നതിന്റെ ആവേശം ഭയത്തിന്റെ ഇടയിലൂടെ മുഴുവൻ രാമൻപിള്ളയ്ക്ക് ഉണ്ടായിരുന്നു.
അല്പസമയം ആ ശരീരം എന്തോ ആലോചിച്ചെന്നവണ്ണം അനങ്ങാതെ കിടന്നു .പിന്നെ , രക്തം നിറഞ്ഞ വായനക്കി ,,പറയുമ്പോൾ ബാക്കിയായ കുറച്ചു ചോരകൂടി വാക്കുകളുടെ താളമനുസരിച്ചു പുറത്തേക്കൊഴുകുന്നുണ്ടായിരുന്നു .
” ഞാൻ ഒരു സിഗരട്ട് കൂടി കത്തിച്ചു. പെട്ടെന്നായിരുന്നു പിൻകഴുത്തിൽ ഒരു മരവിപ്പും, നനവും അറിഞ്ഞത്. ഒരു നിമിഷം…. ഞാൻ കണ്ടു.. കൈകളിൽ ചോരപടർന്ന അരിവാളുമായി അവൻ. പക്ഷെ ,അവന്റെ കണ്ണുകളിൽ നിർവികാരത മാത്രമായിരുന്നു…”
” ഇനിയെങ്കിലും പറയൂ.. അരാണവൻ. “
മറുപടി ഉണ്ടായില്ല… ഇനിയതുണ്ടാവില്ലെന്നു രാമൻപിള്ളയ്ക്ക് മനസിലായി..വാക്കുകളവസാനിച്ചെന്നറിയിച്ചു രണ്ടുതുള്ളി രക്തംകൂടി ചുണ്ടിൽനിന്നിറ്റു വീണു ,പതുക്കെ അതങ്ങു മഴയിലേക്കൊലിച്ചു പോയി .
സാവധാനം മഴയിലേക്കിറങ്ങി രാമൻപിള്ള നടന്നു. മഴത്തുള്ളികൾ ശരീരം നനയ്ക്കുന്നതറിയാതെ. മഴത്തുള്ളികൾ അയാളറിയാതെ പതുക്കെ ശരീമാകെ തുളകൾ വീഴ്ത്തുകയായിരുന്നു .ദാഹംമാറാത്ത മഴത്തുള്ളികൾ ,പക്ഷെ രാമൻപിള്ളയെ വേദനിപ്പിക്കുന്നുണ്ടായിരുന്നില്ല ..ശവത്തിൽ കണ്ട നിർവികാരത തന്നിലേക്കും നിറയുന്നത് മാത്രം അയാളറിയുന്നുണ്ടായിരുന്നു .
മഴ കുറഞ്ഞിരിക്കുന്നു. വെളിച്ചം വീണു തുടങ്ങി…. ഒളിച്ചിരുന്നു സൂര്യൻ വെളിച്ചം വിതറുന്നുണ്ട്. രാമൻപിള്ള പിന്നെയും മുന്നോട്ടു നടന്നു , വീടിനരുകിലേക്കു .അപ്പോഴാണയാൾ ശ്രദ്ധിച്ചത് , തന്നെ മറികടന്നു പലരും ഓടുന്നു , ചിലർ വേഗത്തിൽ നടക്കുന്നു ..ഇവരെല്ലാം എങ്ങോട്ടാണോടുന്നതെന്ന ആകാംക്ഷയാൽ അയാളുടെ കണ്ണുകൾ അവരുടെ പുറകേയോടി ..
ഒരുനിമിഷം അയാളൊന്നു ഞെട്ടി .എന്താണ് ആളുകൾ തന്റെ വീട്ടിലേക്കോടുന്നത്.. രാമൻപിള്ള ഞെട്ടലോടെ ഒന്നു വിറച്ചു .
വട്ടമിട്ടു കറക്കിപ്പിടിക്കാൻ ശ്രമിച്ച ചിന്തകൾ പക്ഷെ അയാളെ വട്ടമിട്ടു കറങ്ങാൻ തുടങ്ങി . ആദ്യം പതുക്കെ ,പിന്നെ വേഗത്തിൽ , വളരെ വേഗത്തിൽ … അതിങ്ങനെ ദിനരാത്രങ്ങളായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.
….
വീടിന്റെ മുന്നിലെ ഭിത്തിയിൽ , കത്തിയ തിരിയുടെ നിറവിൽ രാമൻപിള്ളയെന്ന ചിത്രത്തിനുമുൻപിൽ ഒരു ചെറുപ്പക്കാരൻ കണ്ണുകളടച്ചു കൈകൾ കൂപ്പി നിന്നു.
ഇന്നാണ് ആ ദിനം. ഡ്യൂട്ടിക്കിടയിൽ മരിച്ചതിന്റെ പേരിൽ, അച്ഛനിൽനിന്നു പകർപ്പവകാശമായി കിട്ടിയ ജോലിയിലെ ആദ്യ ദിനം. നിറകണ്ണുകളോടെ അവൻ പ്രാർത്ഥിച്ചു .അമ്മയുടെ കാൽക്കൽ തൊട്ടു അനുഗ്രഹം മേടിച്ചു, അവൻ ഒരുനെടുവീർപ്പിനാൽ വികാരങ്ങളെ മാറ്റിനിറുത്തി പുറത്തേക്കിറങ്ങി .
ബൈക്കോടിച്ചു പോകവേ ഇന്നലെ വരെ കണ്ടിരുന്ന കാഴ്ചകളെല്ലാം പുതിയതായി അവനു തോന്നി .കുറച്ചു ദൂരം ചെന്നപ്പോൾ, അവൻ റോഡരുകിൽ നിറുത്തി. ബാഗിൽനിന്നു ഒരു പൊതിയെടുത്തു , ഒരുനിമിഷം അതിലേക്കുറ്റുനോക്കി .പിന്നെ ചുണ്ടു ഒരു വശത്തേക്ക് ചെരിച്ചു നിറുത്തി വല്ലാത്തൊരു ചിരിയോടെ അരികിലെ കനാലിലേക്കു വലിച്ചെറിഞ്ഞു.
പണ്ടൊരിക്കൽ ഒരു ശവം പറഞ്ഞു കൊടുത്ത കഥയിലെ, മഴയിലൊഴുക്കി കളഞ്ഞ തെളിവുകളിലെ ആരും അറിയാത്ത ഒന്നു.
ഉണങ്ങിയ രക്തക്കറയുള്ള ഒരു അരിവാൾ.