തുളസി കേരളശ്ശേരി
സുജാതൻ എന്താണിങ്ങനെ എന്നു ചോദിക്കാത്തോരാരും ചന്തപ്പുര ഗ്രാമത്തിൽ ഇല്ലായിരുന്നു. ചന്തപോയിട്ട് ചാന്തുപോലുമില്ലാത്ത ചന്തപ്പുര ഗ്രാമത്തിൻറെ പേരുപോലെത്തന്നെയായിരുന്നു സുജാതൻറെ പേരും. കുട്ടിക്കാലം തൊട്ട് നാട്ടുകാർക്കും വീട്ടുകാർക്കും ഒരുപോലെ അനഭിമതനായ സുജാതൻറെ ജനനം കൊണ്ട് നാടിന് നന്മ ഉണ്ടായിട്ടില്ലെന്നതോ പോട്ടെ തിന്മകളുടെ പെരുമഴക്കാലം ഉണ്ടായിട്ടുമുണ്ട്.
‘സുജാതൻ എന്തേ ഇങ്ങനെ ?’ എന്നന്വേഷിക്കാൻ ധൈര്യമുണ്ടായത്
സുഹൃത്തും സ്വന്തം പാർട്ടിയിലെത്തന്നെ ശത്രുവുമായ ജയശീലനു മാത്രമായിരുന്നു.
കാര്യം ലക്ഷ്മിയേടത്തിയും കുടുംബവും തനിക്കു വളരെ വേണ്ടപ്പെട്ടവരെങ്കിലും സുജാതനെ ഒതുക്കാതെ ഒരു രാഷ്ട്രീയ ഉയർച്ച സാധ്യമല്ലാത്തതുകൊണ്ട് , അവൻറെ പൂർവ്വകാല രഹസ്യങ്ങളുടെ ചരിത്രം തേടിപ്പോകാൻ തന്നെ ജയശീലൻ തീരുമാനിച്ചു.
അയാൾ പലപോംവഴികളും ആലോചിച്ചു.
സുജാതൻറെ ജാതകം,ബാല്യം, കൂട്ടുകാർ,പ്രണയം എന്നിങ്ങനെ സർവ്വതും ചികഞ്ഞു പരിശോധിക്കാൻ തന്നെ അയാൾ മനസ്സിലുറച്ചു.
ഇതിലേക്കായി ആദ്യം സമീപിക്കാൻ ശ്രമിച്ചത് പ്രൈമറി അധ്യാപകനായിരുന്ന സദാനന്ദൻ മാഷെ ആയിരുന്നു. അദ്ധേഹം ഭാര്യയുടെ മരണശേഷം മക്കളുടെ വീടുകളിൽ മാറിമാറി കുടിപാർക്കുന്നതുകൊണ്ട് നാട്ടിൽ വല്ലപ്പോഴുമേ കാണൂ എന്നറിഞ്ഞതോടെ ആ വഴിക്കുള്ള അന്വേഷണം പിന്നീടത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
അങ്ങനേയിരിക്കെയാണ് സുജാതൻറെ ഉറ്റ സുഹൃത്തും സഹപാഠിയുമായിരുന്ന ശാന്തകുമാരനെ ഓർമ്മവന്നത് .
അഡ്രസ്സും വിവരങ്ങളും തപ്പിയെടുത്ത് നൂറണിയിലെ അയാളുടെ വീട്ടിൽ ചെന്നപ്പോഴാണ് അയാൾ എത്രമാത്രം അശാന്തിയോടാണ് ജീവിതത്തോണി തുഴയുന്നതെന്നു മനസ്സിലാക്കാനായത്.
എങ്കിലും സുജാതനെക്കുറിച്ചുള്ള ചില വിലയേറിയ വിവരങ്ങൾ അയാൾ പങ്കുവച്ചു.
സുജാതൻ ഏഴാം ക്ളാസ്സുവരെ കാരുണ്യവും സഹജീവിസ്നേഹവുമൊക്കെയുള്ള നല്ലകുട്ടിയായിരുന്നത്രേ.
ആ കാലത്തെപ്പൊഴോ അവൻ വഴിതെറ്റി. തല്ലും പിടിയും പെൺകുട്ടികളുടെ പുറകെ നടപ്പും ഒക്കെച്ചേർന്ന് അവനൊരു ‘ബാലദാദ’യായിത്തീർന്നിരുന്നു.
കുറേ നേരം എന്തൊക്കെയോ ഓർത്തിരുന്ന ശേഷം ഒരു പുച്ഛച്ചിരിയടെ അയാൾ പറഞ്ഞുഃ
കണക്കിൽ മൂന്നുമാർക്കു നേടിയവൻ കണക്കിൽക്കവിഞ്ഞ സ്വത്തുമായി വിലസുന്നു.എന്നാൽ കണക്കിൽ നൂറിൽ നൂറുവാങ്ങിയ ഞാനോ,
ജീവിതത്തിൻറെ കണക്കുശരിയാവാതെ അലയുന്നു. അതല്ലെങ്കിലും കണക്ക് അമൂർത്തമാണല്ലോ! എന്തും ഏതുമാകാം..!
അന്വേഷണത്തിൻറെ രണ്ടാം ഘട്ടം പൂർത്തിയാക്കി ഇനിയെന്ത് എന്നാലോചിച്ച് ഇരിക്കവേയാണ് സദാനന്ദൻമാഷ് നാട്ടിലെത്തിയെന്നറിയുന്നത്.
ഒരു പഞ്ചിങ്ങ് ന്യൂസ് വീണുകിട്ടിയെങ്കിലോ എന്ന അത്യാർത്തിയിൽ മാഷുടെ വീട്ടിലേക്കോടി.
”ധിക്കാരി, താന്തോന്നി, തെമ്മാടി
ഏഭ്യൻ ഇത്യാദി ”മനോഹര” തെറിപ്പദങ്ങളാലാണ് മാഷ് അയാളുടെ വർണ്ണന തുടങ്ങിയത്.
”ഒരു പദ്യംപഠിച്ചുവരാൻ ഒരു മാസം സമയംകൊടുത്തിട്ടും ചെയ്യാഞ്ഞപ്പൊ അവൻറെ ചന്തിക്കു ഞാൻ രണ്ടു കൊടുത്തു. ആ ദേഷ്യത്തിന് എൻറെ ക്ളാസ്സീന്നിറങ്ങിപ്പോയോനാ !
വൈകീട്ട് ഞാൻ വീടെത്തിയപ്പൊ കണ്ടകാഴ്ച്ചയെന്താന്നോ ?
തൊഴുത്തിൽ നിറവയറായി നിന്ന നന്ദിനിപ്പശുവിൻറെ മുതുകത്താകെ അടികൊണ്ടപ്പാട്!
ന്തേണ്ടായ്യ് ന്നു ചോച്ചപ്പൊ ൻറെ വാമഭാഗം പറയ്യാ
” പശു ഉറക്കെ നെലോളിക്കണകേട്ട് ഓടിച്ചെന്നപ്പൊ ഈ നശൂലം ചെ
തൊഴുത്തീന്നോടണ കണ്ടൂന്ന്…’
ഗുണം പിടിക്കില്ല… അവനും അവൻറെ ഏഴുതലമുറയും…”
സദാനന്ദൻമാഷുടെ ഒട്ടും ആനന്ദമില്ലാത്ത മുഖത്തേക്ക് ദയനീയമായൊന്നു നോക്കിക്കൊണ്ട് ജയശീലൻ എഴുന്നേറ്റു.
എവിടേയുമെത്താത്ത അന്വേഷണ പുസ്തകവുമായി അന്നൊരുനാൾ പൂക്കോട്ടെ പാടവരമ്പിലൂടെ നടക്കുമ്പോഴാണ് അവിചാരിതമായി ആ കാഴ്ച്ചകണ്ടത്.
ലക്ഷ്മിയേച്ചിയുടെ സ്ഥിരം സഹായിയായിരുന്ന അമ്മിണിയമ്മ പാടശേഖരങ്ങൾക്കപ്പുറമുള്ള അവരുടെ കൊച്ചുവീടിൻറെ വരാന്തയിൽ കാലും നീട്ടിയിരിക്കുന്നു.
യുറീക്ക…. എന്ന മനസ്സിൻറെ മന്ത്രണം ശരിവച്ചുകൊണ്ട് ജയശീലൻ ആ കൊച്ചുവീട്ടിലേക്കു വച്ചുപിടിച്ചു.
കാര്യകാരണങ്ങൾ വിശദമാക്കാതെ ഒരു കഥയെഴുതാനാ എന്നു പറഞ്ഞിട്ടു കൂടി അവർ ഉണ്ടചോറിനു നന്ദികാണിക്കുന്ന തരത്തിലുള്ള പൂക്കോട്ടുകാരെക്കുറിച്ചുള്ള ഭക്തിഗാനസുധയുതിർത്തുകൊണ്ടേയിരുന്നു .
ഒടുവിലാണ് അറ്റകൈ പ്രയോഗം നടത്തിയത്.
ജയശീലൻ നീട്ടിയൊരു പുത്തൻ നോട്ട് ബ്ളൗസിനുള്ളിലേക്ക് താൽക്കാലിക നിക്ഷേപം നടത്തിക്കൊണ്ട്
അവർ പറഞ്ഞു തുടങ്ങി.
” സത്യാ ഉണ്ണ്യേ….
സുജാതൻകുട്ടി തങ്കം പോലത്തെ കുട്ട്യാർന്നു. അമ്മടെ സ്വന്തം ഉണ്ണി.
വീടാകെ കുസൃതികൊണ്ട് സന്തോഷം നിറച്ചോൻ.
കുട്ടി വലുതായെന്നു പറഞ്ഞ് ലക്ഷ്മിക്കുട്ടി അവൻറെ കിടത്തം മോളിലെ അറയിലേക്ക് മാറ്റണവരെ ഒരുകൊഴപ്പോല്ല്യാർന്നു.
പിന്നെപ്പിന്നെ അവനു വാശിയും ദേഷ്യവും ഒക്കെയായി.
അന്നൊരീസം വയറുവേദനകൊണ്ടു പുളഞ്ഞൊരു രാത്രിയിൽ ച്ചിരി ചുക്കുക്കാപ്പിവയ്ക്കാൻ അടുക്കളേപോയതാ ഉണ്ണ്യേ ഞാൻ.
അടുക്കളയിൽനിന്ന് വടക്കോറത്തേക്കുള്ള വാതിൽ തുറന്നു കിടക്കണകണ്ട് ഞാൻ പേടിച്ചു..
പതിയെ എത്തിനോക്കിയപ്പൊ എന്താ ????
ജയശീലൻ ജിജ്ഞാസയോടെ ചോദിച്ചു
”എന്താ. അമഃമിണ്യമ്മേ.??”
”മ്മടെ സുജാതൻകുട്ടി വടക്കോറത്തെ മാവിൻറെ മറവിൽ ഇരുട്ടത്ത് ഒറ്റയ്ക്കങ്ങനെ നിക്കുണൂ…
സത്യം പറയാലോണ്ണ്യേ
ൻറെ തൊണ്ടക്കുഴലിൽനിന്ന് ശബ്ദം പുറത്തുവന്നില്ല.
ഒറ്റയ്ക്ക് ഒരു മുറീന്ന് മറ്റേ മുറീൽക്ക് പോവാത്ത ആളാ…”
ജയശീലൻ ശ്വാസമടക്കിപ്പിടിച്ച് കേട്ടിരുന്നു…
“”ന്നിട്ട്?????
”ന്നിട്ടെന്താ
ൻറെ ഉണ്ണ്യേ…
കുട്ടി പടിപ്പുരഭാഗത്തേക്കും നോക്കി ഒറ്റനിൽപ്പാ!
പെട്ടെന്ന് പടിപ്പുരയ്ക്കടുത്തുള്ള തൊഴുത്തിൽനിന്ന് ഒരാളെറങ്ങിപോണപോലെ..”
”ആരാദ് അമ്മിണ്യമ്മേ’?
അതറിഞ്ഞില്ല ഉണ്ണ്യേ…
കൊറച്ചുകഴിഞ്ഞപ്പൊ ദേ ഒരാള്…മുടിയൊക്കെ വാരിച്ചുറ്റി വടക്കോറത്തേക്ക് വരണൂ…..”
”അതാരാ അമ്മിണ്യേമ്മേ?”
”അതാരാ???…..
അമ്മിണ്യമ്മ ശബ്ദംതാഴ്ത്തി തുടർന്നു
”മ്മടെ ലക്ഷ്മിക്കുട്ടീ….”
അകത്തുകടന്ന് വാതിലടച്ച് അറയിലേക്കുപോണവരെ ഞാൻ അടുക്കളയുടെ ഇരുട്ടിൽ പതുങ്ങിനിന്നു.
എൻറെ തൊണ്ടയിലെ വെള്ളംവറ്റ്യുണ്ണി…
പെട്ടെന്നാണ് സുജാതൻകുട്ടിയെ ഞാനോർത്തത്…
വാതിൽതുറന്ന് അവനടുത്തെത്തുമ്പോൾ രണ്ടുകൈയ്യും മുഖത്തമർത്തി അവൻ പൊട്ടിപ്പൊട്ടിക്കരയുകയായിരുന്നു.”
ജയശീലൻ പ്രജ്ഞയറ്റവനെപ്പോലെ കുറച്ചുനേരം നിന്നു…
അവൻറെ കണ്ണുകൾ നിറഞ്ഞിരുന്നു.
അമ്മിണ്യേമ്മ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
സുജാതൻറെ ജീവിതകഥ കുറിച്ച കൈപുസ്തകം പാടത്തേക്ക് കീറിവലിച്ചെറിഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ
ജയശീലൻ ആത്മഗതമെന്നോണം പറഞ്ഞു,
”ലക്ഷ്മ്യേടത്തീ…. ദേവതയെന്ന
നിങ്ങളുടെ മുഖംമൂടി ഞാൻ വലിച്ചു കീറുന്നില്ല.
അതവൻറെ ഉള്ളിൽ കിടന്നഴുകട്ടെ…. നിങ്ങളുടെ മകൻ
സുജാതൻറെ…