ആകസ്മികം

ആകസ്മികം

ജി എസ് ദിവ്യ

ഗഗന മിഴികളിൽ നിന്നേറെ
വിഷയസ്വന വർഷ ബിന്ദുക്കൾ ,
മണ്ണിൻ ഹരിത ശോഭയിൽ
പടർന്ന നാളിലൊരു –
ഗദ്ഗദത്തുണ്ടിലൊളിപ്പിച്ചോ – രുഡു സ്വപ്നത്തിളക്കത്തിൽ
പോലുമുണ്ടെത്രയോ കോടി
മൗനകഥനങ്ങൾ .
ഒരു പച്ചപ്പൊരു പീതബിന്ദുവിൽ ശോക –
രാഗരേണുവിൽ തൊടും ധവള ,
രേഖ തൻ മഞ്ജുളാഗ്രങ്ങളിൽ ,
ആദിത്യ കിരണങ്ങൾ ചെറ്റൊന്നു
നാണിച്ചു തെല്ലിട നില്പൂ മൂക – മനന്തതയിലേയ്ക്കലതല്ലും
ഹൃദന്തം .
വർണ്ണ പത്രങ്ങളഴകാൽ വീശിയൊരു
ചിത്ര പതംഗമെത്രയോ ,
ഹർഷത്തോടാരാമ കാന്തികൾ
നുകരുന്നിതാ മന്ദം ; ഹൃദ്യം.
പുഷ്പദലങ്ങളിലിലച്ചാർത്തിലു-
ലയുമാരാമ മുഗ്ദ്ധതേ,നിന-
ക്കിതിത്ര കൗതുകമേകിയ
ഹസ്തങ്ങളിൽ ,
എത്രയോ ചിത്രപ്പിറവികൾക്കാമോദ ,
രംഗവേദികളലങ്കരിച്ചീടുന്നു.
മന്ദാനിലൻ മാറത്തു ചെമ്മേ ,
നൽക്കുളിരേകി പുണരുന്നിടയ്ക്കിടെ ,
നയനാനന്ദ സുഖ ദീർഘ സ്മൃതികളിൽ പെട്ടു –
യിരപ്പോളനവദ്യ സുന്ദര
കേളികളാടിടുന്നു.
അനവരതമിങ്ങനെ
തൂമ നിറഞ്ഞൊരീപ്പൂവാടിയേറെ
കൺകുളിരേകി കാണ്മൂ മോദം .
ക്ഷണമൊന്നു കൺചിമ്മിത്തുറക്കുന്ന നേരം ,
പിടി വീഴുന്നു തക്കം പാർത്തൊളിഞ്ഞിരുന്നു
നുണഞ്ഞ മാർജാരക്കൊതി ,
ഹൃദയഭേദകം ,ക്രൂര-
മതത്യന്തം നോവിപ്പിച്ചതാ
വേർപെടുത്തുന്നു,
വർണ്ണ പത്രങ്ങൾ ,കൗതുകം ,
ഹർഷാതിരേകങ്ങൾ ,
ശലഭ സ്വപ്നങ്ങൾ
ചോരച്ചുവപ്പിറ്റിറ്റ് വീണൂഴിയിലമരുന്ന നേരം ,
കൂട്ടം കൂടി കിതക്കുന്നുണ്ടിത്തിരി ദൂരെ
പെരുകിപ്പെരുത്താർത്തു മുരളുന്ന
മാംസക്കൊതികൾ ,
ശ്വാസ ദാഹങ്ങളതിഘോരമാം
അധമത്ത ചോദന.
പകലിൻ മുഖങ്ങൾ ഇരുളിൻ്റെ ദർപ്പണം നോക്കും നിശയിലപ്പോഴും ,
ഛായയുടയാത്ത നിഴലിൻ്റെ
രൂപ ., നാമങ്ങൾ മാത്രമേ
മാറുന്നുള്ളൂ.
സ്വാസ്ഥ്യതകളെയസ്വാസ്ഥ്യമാക്കി ,
ഇരയും വേട്ടക്കാരനും
പാഞ്ഞുകൊണ്ടിരിക്കുന്നു,
ഇരുളിലും വെളിച്ചത്തും.