ഷാലു ജോമോൻ
ഇന്നലെയും കണ്ടതാണന്ന്,
ഒരുപാട് വർത്തമാനങ്ങൾ പറഞ്ഞതാണന്ന്,
ഒത്തിരി ചിരിച്ചതാണന്ന്
നമ്മൾ സങ്കടം പറയാറുണ്ട്!
ഇനി കാണാനും മിണ്ടാനും ചിരിക്കാനും പറ്റില്ലല്ലോ എന്ന്
ചുരുക്കം ചില കണ്ണീരില്ലാത്ത നെടുവീർപ്പുകളുമുയരും.
ചെയ്യാമെന്നേറ്റ
ഒരുപാട് കാര്യങ്ങൾ
അവർ ബാക്കിവച്ചിട്ടുണ്ടാവും.
പിറ്റേന്നിടാനുള്ള വസ്ത്രം,
ചാർജ് ചെയ്യാനിട്ട മൊബൈൽ,
തീർപ്പാക്കാത്ത ഓഫീസ് ഫയൽ,
പ്രാതലിനരച്ചുവച്ച ദോശമാവ്,
എല്ലാം അങ്ങനെ തന്നെയിരിക്കുന്നുണ്ടാവും!
അയാളൊഴിച്ചിട്ട
ശൂന്യതയുടെ
അടയാളങ്ങളെ
നമ്മളങ്ങനെ നിസഹായതയോടെ
നോക്കി നിൽക്കും !
ഇനിയും പണി പൂർത്തിയാക്കാത്ത അയാളുടെ വീടിൻ്റെ പ്ലാൻ
ഇനി മാറ്റി വരയ്ക്കപ്പെടുമായിരിക്കും.
ഏറെ ആശിച്ച് വാങ്ങിയ വാഹനമിനി പുതിയ ഉടമസ്ഥരെ തേടുമായിരിക്കും.
മകളുടെ വിവാഹത്തിനായി
സ്വരുക്കൂട്ടിയതൊക്കെ
ഇനി പലർക്കായ്
കടംവീട്ടപ്പെടും.
എത്ര പെട്ടന്നാണ്
അയാളുടെ സ്വപ്നങ്ങൾ
മരണപ്പെട്ടത്!
പൂർത്തിയാക്കാതെ പോയ പ്രണയഭാഷണം,
പെട്ടന്ന് മടങ്ങിവരാമെന്ന
പാലിക്കാനാവാത്ത വാക്ക്,
ലക്ഷ്യത്തിലെത്തും മുൻപ്
ഒടുങ്ങിപ്പോയ യാത്ര..
അങ്ങനെ എത്രയെത്ര ജീവിതക്കിനാവുകളാണ്
അടുത്ത പുലരിയിലേക്ക്
നീണ്ടുപോവാത്തത്!
ആകസ്മികമായി മരണപ്പെടുന്നവരെക്കുറിച്ച്
പറയുമ്പോൾ
നമ്മുടെ ജീവിതത്തെ നമ്മൾ
അക്കരെയെന്തെന്നറിയാത്തൊരു
തുരുത്തിൽ കെട്ടിയിടാറുണ്ട്!