ആഗ്നേയ

ആഗ്നേയ

ജി എസ് ദിവ്യ

ത്രേതായുഗത്തിലെ
പേരുമായി
കലികാലത്തിൽ
പിറന്നവൾ ,
സ്വയം വരത്തിനായി
ദ്വാപരയുഗത്തിലേയ്ക്ക്
പുറപ്പെട്ടതറിഞ്ഞ് ,
സ്മാർത്തവിചാരക്കാർ
അരയും തലയും മുറുക്കി ,
ആളെക്കൂട്ടി,
കോടതിയെ സമീപിച്ചിട്ടുണ്ട്.
സദാചാരത്തിൻ്റെ കാവൽക്കാർ,
പകൽ മാന്യത തേച്ചുമിനുക്കി
ഉടുത്തൊരുങ്ങി ,
സമരങ്ങളും പ്രകടനങ്ങളും
നടത്തുന്നു.
ചാനലുകൾ,
സസ്യവും മാംസവും
ഒരുപോലെ നുറുക്കി
സദ്യ വിളമ്പി കൊഴുപ്പിക്കുമ്പോൾ
മൂടിക്കെട്ടിയ വായ
ചിരിക്കുന്നത്,
മൂക്കുത്തി മാത്രമാണ് കണ്ടത്.
അവൾ മടങ്ങിയെത്തുമെന്നും,
പങ്കിട്ടെടുക്കലും
വാതുവെപ്പും ചൂതുകളിയും ,
വസ്ത്രാക്ഷേപങ്ങളും
മുടിയഴിച്ച രക്തപ്രതിജ്ഞയും,
കാനനവാസവും അജ്ഞാത വാസവും
അരക്കില്ലവും
ഇനിയും അരങ്ങേറുമെന്നും
കൊതിച്ച്
കണ്ണു മൂടി കാത്തിരുന്നവർ ,
കെട്ടഴിച്ചു കണ്ടത് —–
കണ്ണകിയെരിച്ച മഥുരയും,
ഗാന്ധാരി കറുപ്പു മാറ്റി
വിലപിച്ച
കുരുക്ഷേത്ര ഭൂമിയും ,
പുകഞ്ഞും വെന്തു നീറിയും
പാതി ജീവനാൽ രാശിപ്പലകയിൽ
കരുക്കൾ നിരത്തുന്നതാണ്.
അവളപ്പോൾ
ഭൂതവും ഭാവിയും
ഇല്ലാത്തൊരിടത്ത്
പുതിയ ഇതിഹാസം
രചിക്കാൻ തുടങ്ങിയിരുന്നു.,
അടുത്ത യുഗത്തിലേയ്ക്കായി .