ആണായിരുന്നെങ്കിൽ

ആണായിരുന്നെങ്കിൽ

ഇയാസ് ചൂരൽമല

വീടിനു ചുറ്റിലും
കൂടെ കളിക്കാൻ
കൂട്ടുകാരികൾ ഇല്ലാതെ
വന്നപ്പോഴാണവൾ
ആദ്യമായ് കൊതിച്ചത്

വയസ്സ് തികഞ്ഞ്
രക്തം പൊടിഞ്ഞപ്പോൾ
വലിയപെണ്ണെന്ന്
മുദ്രണചെയ്യപ്പെട്ട നേരം
വീണ്ടും അവൾ കൊതിച്ചുപോയ്

ഒന്ന് പുറത്തു പോവാനായ്
സമ്മതം തേടി
വീട്ടുകാർക്ക് പിറകെ
നടന്നു മടുത്തപ്പോഴാണവൾ
പതുക്കെ മൊഴിഞ്ഞത്

ഉടുപ്പിലും നടപ്പിലും
ഒത്തിരി കാണാകുരുക്കുകൾ
മുറുകി തുടങ്ങിയപ്പോഴാണവൾ നിശബ്ദമായ് ദൈവത്തിലായ്
പരാതി പറഞ്ഞതും

എത്ര വൈകിയാലും
മറു ചോദ്യമില്ലാതെ
വീടണയും കൂടപ്പിറപ്പിനെ
കണ്ടു കണ്ടാണവൾ
മനസ്സിൽ നിനച്ചത്

വീട് വീട്ടിറങ്ങാനുള്ളതാ
വീട്ടു ജോലികൾ
ചെയ്ത് ശീലിക്കണം
എന്ന പതിവുകൾ
കേട്ടുമടുത്തപ്പോഴവൾ
കൂട്ടിരിക്കുന്നവരോടും പറഞ്ഞു

ആശിച്ചു നേടിയ
സ്വപ്നങ്ങളൊക്കെയും
താലിചരടിൽ കുരുങ്ങി
പിടഞ്ഞു മരിച്ചപ്പോഴും
മൗനമായ് മാത്രം
സ്വയം പരാതി പറഞ്ഞത്

പിച്ചവെച്ച വീടും
കൂടപ്പിറപ്പുമെല്ലാം
അന്യമാണെന്നറിഞ്ഞപ്പോഴാണവൾ
നടക്കില്ലെന്നുറപ്പുള്ളൊരാഗ്രഹം
മനസ്സിന് അടിത്തട്ടിൽ
ഒളിപ്പിച്ചു വെച്ചത്

ആണായിരുന്നെങ്കിൽ
എന്നുള്ളൊരാഗ്രഹം
നിശബ്ദത മാത്രമായ് മരിച്ചതും
പെണ്ണാണ് ശബ്ദം ഉയരരുത്
എന്നുള്ളൊരാ താക്കീതിനു മുന്നിൽ