ആത്മചൈതന്യത്തിന്‍റെ ബോധി ധര്‍മ്മം

ആത്മചൈതന്യത്തിന്‍റെ ബോധി ധര്‍മ്മം

നിഷ അനില്‍കുമാര്‍

                    ബുദ്ധമതത്തെ  കുറിച്ചും   സെന്‍ സന്യാസികളെ  കുറിച്ചും    അനേകം  കഥകള്‍  പ്രചാരത്തില്‍  ഉണ്ടെങ്കിലും  ഗൌതമ ബുദ്ധനോളം   മറ്റൊരു  ആത്മീയ ഗുരുവിനെ  ബുദ്ധസന്യാസിയായി  നമുക്കാര്‍ക്കും പരിചിതമല്ല   എന്നതാണ്  വലിയൊരു  സത്യം . ഒരു പക്ഷേ  ഏഴാം അറിവ്  എന്ന സിനിമ  ഇറങ്ങും  വരെ  തീര്‍ത്തൂം അപരിചിതമായ ഒരു  പേരാണ്  ബോധിധര്‍മ്മന്‍  എന്ന സെന്‍ സന്യാസിയുടേത് . മറ്റ് സെന്‍ സന്യാസികളില്‍  നിന്നും  അദ്ദേഹത്തെ  വേര്‍തിരിച്ചു  നിര്‍ത്തുന്ന  ഏറ്റവും വലിയ സവിശേഷത  മനസിനെ പോലെ തന്നെ അദ്ദേഹം  ശരീരത്തിനെയും  സ്നേഹിക്കാന്‍  പഠിപ്പിച്ചു  എന്നതാണ് . ആത്മാവിന്‍റെ വെളിച്ചം   ശരീരത്തിനും  പകര്‍ന്നു നല്‍കണമെന്നും   ആരോഗ്യമാണ്  മനകരുത്തിന്  ആധാരമെന്നും  അദ്ദേഹം  ശിഷ്യര്‍ക്ക്  പറഞ്ഞു കൊടുത്തു .  മനസിനെ  നിയന്ത്രിക്കാനുള്ള  വിദ്യയോടൊപ്പം   ശരീരത്തെ  വരുതിയില്‍ നിര്‍ത്താനുള്ള  ആയോധനമുറകളും   പരിശീലിപ്പിച്ചു .  

ബുദ്ധന്‍ ആത്മീയതക്ക് മുന്‍തൂക്കം കൊടുത്തെങ്കില്‍ ബോധി ധര്‍മ്മന്‍ ആത്മീയതക്കൊപ്പം ആരോഗ്യത്തിനും മനോബലത്തിനും കൂടി പ്രാധാന്യം നല്കി . പ്രാര്‍ഥനയോടൊപ്പം പരിശീലനവും ജീവിതചര്യയാക്കി . ഏഴാം അറിവ് എന്ന സിനിമ ബോധി ധര്‍മ്മന്‍റെ ഏകദേശ വിവരണം മാത്രമേ ആകുന്നുള്ളൂ . യഥാര്‍ഥത്തില്‍ എന്തായിരിക്കണം ഒരു സെന്‍ സന്യാസിയെന്ന് അറിയണമെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ ബോധിധര്‍മ്മന്‍ എന്തായിരുന്നു എന്നറിഞ്ഞേ തീരൂ .

സിദ്ധാര്‍ഥ രാജകുമാരനില്‍ നിന്നും ബുദ്ധനിലേക്കുള്ള ദൂരം കാഴ്ചയില്‍ നിന്നും കണ്ടറിഞ്ഞതിലേക്കുള്ള ദൂരമായിരുന്നു . സകല സുഖങ്ങളും പരിത്യജിച്ചുകൊണ്ടു ഒരാള്‍ സന്യാസിയാവാന്‍ തീരുമാനിചിറങ്ങുന്നതിന് പിന്നില്‍ കേവലം തന്‍റെ സാരഥി പകര്‍ന്നു നല്കിയ അറിവായിരുന്നു . സാരഥിയെന്നാല്‍ വഴികാട്ടിയെന്നുകൂടി അര്‍ത്ഥമുണ്ടെന്നുള്ള അറിവ് പകരാന്‍ വേദവ്യാസന്‍ ഭഗവാനെ തന്നെ സാരഥിയാക്കി ഒരിതിഹാസം തന്നെ രചിച്ചു .

രാജകുമാരനായ ബുദ്ധനെ യോഗിയാക്കാന്‍ വേണ്ടിയുള്ള കാഴ്ച വഴിവക്കില്‍ കരുതി വച്ചതും അതേ നിയോഗമാവാം . കണ്ടു എന്നതിനപ്പുറം കാഴ്ചയില്‍ നിന്നും എന്തറിഞ്ഞു എന്നതാണ് സത്യത്തിലേക്കുള്ള പാത സുഗമമാക്കുന്നത് . രാജകുമാരനായ സിദ്ധാര്‍ത്ഥന്‍ വഴിവക്കില്‍ വച്ച് രോഗിയായ വൃദ്ധനെ കാണുന്നത് അത്ഭുതത്തോടെയാണ് . മനുഷ്യന്‍റെ ദുഖങ്ങള്‍ അഞ്ജാതമായിരുന്ന കുമാരന്‍ അതേ കുറിച്ചു ഒട്ടും സന്ദേഹമില്ലാതെ തന്‍റെ സാരഥിയോട് ചോദിക്കുകയും ചെയുന്നു .

ചന്ദന്‍റെ മറുപടി ചോദ്യത്തെക്കാള്‍ ഗഹനമായിരുന്നു . കുമാരന്‍ ജീവിതത്തിന്‍റെ ഉണ്മ കണ്ടെത്താന്‍ നിയോഗിതനായത് ആ അറിവിന്‍റെ തീക്കനല്‍ നീന്തികടന്നാണ് . എന്നാല്‍ ബോധിധര്‍മ്മന്‍ സ്വയം നിയോഗിതനായതാണ് . വലംകൈയില്‍ രത്നം വച്ചുനീട്ടിയ ഗുരുവിനോട് ഈ കല്ലിനെക്കാള്‍ അമൂല്യമായ അങ്ങയുടെ അറിവ് തരൂ എന്ന് ചോദിക്കാന്‍ മാത്രം സത്യത്തെ തിരിച്ചറിഞ്ഞ കുട്ടി . രണ്ടുപേരും രാജകുമാരന്‍മാര്‍ ആയിരുന്നു എന്നതാണ് സമാനത . ബോധി പിന്നീട് ബുദ്ധന്‍റെ പിന്‍ഗാമിയായി എന്നത് നിയോഗം .

                 നാലാം നൂറ്റാണ്ടില്‍  പല്ലവ രാജവംശത്തിലെ  മൂന്നാമത്തെ പുത്രനായാണ് ബോധി   ജനിച്ചത് .   വളരെ ചെറുപ്പത്തില്‍ തന്നെ ബോധിയും സാധാരണ രാജകുമാരന്മാരെ പോലെ  കുതിര സവാരിയും  ആയോധനകലയും  പഠിച്ചു . ഈ കാലത്താണ്  ബുദ്ധന്‍റെ  ഇരുപത്തിയേഴാമത്  പിന്‍ഗാമിയായ  പ്രചനധാര  എന്ന സെന്‍ ഗുരു   കൊട്ടാരത്തില്‍  എത്തുന്നത് . പല്ലവ രാജവംശത്തിന്റെ  ആസ്ഥാനമായ  ഈ കൊട്ടാരം തമിഴ് നാട്ടിലെ  കാഞ്ചിവരത്താണ്  സ്ഥിതി ചെയ്തിരുന്നത്  .പ്രചനധാരയെ  രാജാവ്  വളരെയധികം  ബഹുമാനപൂര്‍വ്വം  സ്വീകരിച്ചു .  സാധാരണ ബുദ്ധശിക്ഷ്യര്‍   സദാ  സമയവും   ബുദ്ധസൂക്തങ്ങള്‍  ഉരുവിടുകയും   ബുദ്ധമത പ്രഭാഷണങ്ങള്‍  നടത്തുകയും  പതിവാണ് . പ്രചനധാര  അതില്‍ നിന്നൊക്കെ  തികച്ചും വ്യത്യസ്തനായിരുന്നു .  രാജാവ്  പ്രചനധരയുടെ   ഈ പ്രവര്‍ത്തിയെ  അത്ഭുതത്തോടെ  നോക്കി കാണുകയും   അദ്ദേഹത്തോട്  തന്നെ  അതിന്‍റെ  കാരണം  തിരക്കുകയും  ചെയ്തു . 

പ്രചനധാര അതിനു നല്കിയ മറുപടി ആഴമേറിയതായിരുന്നു .
ഞാന്‍ സദാ സമയവും ബുദ്ധസൂക്തങ്ങള്‍ ഉരുവിട്ടു കൊണ്ടാണ് ഇരിക്കുന്നതും , കിടക്കുന്നതും , ഉറങ്ങുന്നത് പോലും . എന്നില്‍ നിന്നും പുറത്തേക്കും അകത്തേക്കും എടുക്കുന്ന ശ്വാസത്തില്‍ പോലും ബുദ്ധ സൂക്തങ്ങള്‍ ഉണ്ടല്ലോ . ആരാധന പല തരത്തിലാണ്
ഓരോ മനുഷ്യരും വ്യത്യസ്ഥമായ ശരീരങ്ങള്‍ ഉള്ളതുപോലെ തന്നെയാണ് വ്യത്യസ്ഥ രീതിയിലുള്ള ആരാധന രീതിയും .

പ്രചനതാരയുടെ ആ മറുപടി മനുഷ്യനെ കുറിച്ചുള്ള ഏറ്റവും ഗഹനമായ മറ്റൊരു കണ്ടെത്തല്‍ കൂടിയായിരുന്നുവെന്ന് രാജാവിന് തോന്നി . മനുഷ്യരെ എല്ലാവരെയും ഒരു തൊഴിലില്‍ എന്നതുപോലെ കടുത്ത ചട്ടങ്ങള്‍ കൊണ്ട് രൂപപ്പെടുത്താന്‍ സാധിക്കില്ലയെന്ന് രാജാവിന് ബോധ്യമായി .

പ്രചനധാരയുടെ മറുപടിയില്‍ രാജാവിന് സംതൃപ്തി തോന്നി .

വിലപിടിപ്പുള്ള ഒരു രത്നം സന്യാസിക്ക് സമ്മാനിച്ചു കൊണ്ട് രാജാവ് പറഞ്ഞു .
എനിക്കു മൂന്ന്‍ പുത്രന്‍മാരുണ്ട് . അങ്ങ് അവരെ അനുഗ്രഹിച്ചാല്‍ നന്നായിരുന്നു .

പ്രചനധാര രാജാവിനൊപ്പം മൂന്ന്‍ പുത്രന്മാരെയും കണ്ടു . തന്‍റെ കൈയിലിരുന്ന രത്നം ആദ്യം മുതിര്‍ന്ന രാജകുമാരനെ ഏല്‍പ്പിച്ചിട്ട് സന്യാസി ചോദിച്ചു
ഈ രത്നത്തെ കുറിച്ച് എന്താണ് കുമാരന്‍റെ അഭിപ്രായം ?
കുമാരന്‍ മറുപടി പറഞ്ഞു .

ഈ രത്നം വളരെ അപൂര്‍വവും വിലപിടിപ്പുള്ളതുമാണ് . ഇത് താങ്കളുടെ കൈയില്‍ ഇരിക്കുന്നതാണ് ഉചിതം .

രണ്ടാമത്തെ രാജകുമാരനും ഇതേ മറുപടി തന്നെയാണ് പറഞ്ഞത് .
പ്രചനധാര പിന്നീട് വെറും ഏഴു വയസ് മാത്രമുള്ള മൂന്നാമത്തെ രാജകുമാരന് രത്നം നല്കി . ബോധി എന്നായിരുന്നു ആ കുമാരന്‍റെ പേര് .

ബോധി രത്നം നോക്കി ഏതാനും നിമിഷം പുഞ്ചിരിയോടെ നിന്നു . എന്നിട്ട് പറഞ്ഞു .
ഇത് വെറും കല്ലാണ് . എനിക്കിത് വേണ്ട ഗുരോ . എനിക്കു വേണ്ടത് അങ്ങയുടെ ഉള്ളിലുള്ള അമൂല്യ രത്നങ്ങളാണ് .
പ്രചനധാര ആനന്ദത്തോടെ രാജാവിനോടു പറഞ്ഞു .
മഹാരാജാവേ
ഈ കുട്ടിക്ക് ഉണ്മ തിരിച്ചറിയാനുള്ള അപൂര്‍വ സിദ്ധിയുണ്ട് . ഉള്ളിലെ ശക്തിയാണ് ഏതൊരു ശക്തിയേക്കാളും അമൂല്യമായതും ശക്തി മത്തായതുമെന്നും അവന്‍ തിരിച്ചറിഞ്ഞിരിക്കുന്നു . ഞാനിത്രയും നാള്‍ തേടി നടന്നത് ഇവനെയാണ് . ഇവനെ ഞാന്‍ കൊണ്ടുപോകുകയാണ് . എന്‍റെ പിന്‍ഗാമിയായി . സെന്‍ സന്യാസിയായി ഇവനെയാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത് .

സെന്‍ ഗുരുവിനോടു വളരെയധികം ബഹുമാനം ഉണ്ടായിരുന്നെങ്കിലും മകനെയൊരു ബുദ്ധ സന്യാസിയാക്കാന്‍ രാജാവ് തയ്യാറല്ലായിരുന്നു . രാജാവ് വിനയപൂര്‍വം തന്‍റെ തീരുമാനം പ്രചനധാരയോട് പറഞ്ഞു .

ഇത് കേട്ട ബോധി പിതാവിനോടു ചോദിച്ചു . അങ്ങേക്ക് എത്രനാള്‍ എന്നെയിവിടെ തടഞ്ഞു വയ്ക്കാന്‍ സാധിയ്ക്കും . കൂടിപോയാല്‍ മരണം വരെ . എന്‍റെ മരണത്തെ തടഞ്ഞു വയ്ക്കാന്‍ അങ്ങേക്ക് സാധിക്കുമോ . മരണമാണ് ഏറ്റവും വലിയ സത്യം മരണത്തെ അതിജീവിക്കാന്‍ ആര്‍ക്കാണ് സാധിക്കുക എന്ന സത്യത്തിന് മുന്നില്‍ രാജാവ് ബോധിയെ പോകാന്‍ അനുവദിച്ചു .

മരണത്തിന് മുമ്പ് ഈ സമൂഹത്തിനു വേണ്ടി നമ്മളാല്‍ കഴിയുന്ന എന്തെങ്കിലുമൊക്കെ ചെയ്യണം . അതാണ് എന്‍റെ ആഗ്രഹം . പ്രചനധാര ബോധിയുടെ പേര് ബോധി ധര്‍മ്മന്‍ എന്നാക്കി . പ്രധാനമായും മനസിനെ നിയന്ത്രിക്കുന്ന വിദ്യയാണ് പ്രചനധാര ബോധിയെ പഠിപ്പിച്ചത് . മനശക്തികൊണ്ടു എന്തു കാര്യവും സാധിക്കാനും ബോധി ധര്‍മ്മന് കഴിഞ്ഞു. ശത്രുവിനെ ഒറ്റ നോട്ടം കൊണ്ട് ബോധരഹിതനാക്കാനുള്ള സിദ്ധി ബോധിധര്‍മ്മന് ലഭിച്ചു . ഇതിനെ നോക്കൂ മര്‍മ്മം എന്നാണ് വിളിക്കുന്നത് . ഒരാളെ വിരല്‍ചൂണ്ടി മരവിപ്പിച്ചു നിര്‍ത്താനുള്ള സിദ്ധിയും ബോധിധര്‍മ്മന്‍ വികസിപ്പിച്ചെടുത്തു . ഇതിനെ ചൂണ്ടുമര്‍മ്മം എന്നു വിളിക്കും . ചൂണ്ടും മര്‍മ്മവും നോക്കൂ മര്‍മ്മവും ബോധിധര്‍മ്മനില്‍ കൂടിയാണ് ലോകത്തില്‍ പ്രചരിച്ചത് എന്നാണ് വിശ്വസം .

ബോധിധര്‍മ്മന്‍ കേരളത്തിന്‍റെ വടക്കന്‍ പ്രെദേശങ്ങളില്‍ വരികയും അവിടെ നിന്നും കളരി പയറ്റ് പഠിച്ചു എന്നും പറയപ്പെടുന്നു . ഈ നാട്ടില്‍ നിലവിലുണ്ടായിരുന്ന ആയുര്‍വേദ സിദ്ധ വൈദ്യ ശാസ്ത്രങ്ങളില്‍ അദ്ദേഹം പരിശീലനം നേടി . എല്ലാ ശാസ്ത്ര ശാഖയിലും നിപുണനായ ബോധിധര്‍മ്മന്‍ തന്‍റെ ഗുരുവായ പ്രചനധാരയുടെ നിര്‍ദ്ദേശപ്രകാരം ചൈനയിലേക്ക് പോയി . ബുദ്ധമതം പ്രചരിപ്പിക്കാനാണ് അങ്ങോട്ട് പോയത് . ചൈനയിലെത്തിയ ബോധിധര്‍മ്മനെ അവിടുത്തെ ചക്രവര്‍ത്തി സ്നേഹപൂര്‍വം സ്വീകരിച്ചു . അദ്ദേഹത്തിന് വേണ്ട എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു . അന്ന് ബോധിധര്‍മ്മന് ഇരുപത്തിരണ്ടു വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ .

ബോധിധര്‍മ്മന്‍ ജനങ്ങളെ പഠിപ്പിചത് സ്വയം തിരിച്ചറിയാനുള്ള മാര്‍ഗങ്ങളായിരുന്നു . മനസിനെ നിയന്ത്രിച്ച് മനസിന്‍റെ അപാരശക്തി പുറത്തെടുക്കാന്‍ അദ്ദേഹം മാര്‍ഗങ്ങള്‍ പറഞ്ഞു കൊടുത്തു . യോഗ ,കളരി തുടങ്ങിയവയ്ക്ക് പുറമെ ഷാവോലി എന്ന ആയോധന കലയും അദ്ദേഹം വികസിപ്പിച്ചെടുത്തു . സ്വയം പ്രതിരോധത്തിന്‍റെ മാര്‍ഗമായി ജനങ്ങളെ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു . ഷാവോലിന്‍ എന്ന വിദ്യയാണ് പിന്നീട് കുംഫൂ ആയി വികസിച്ചത് .

1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈന ഭരിച്ചിരുന്ന ചക്രവര്‍ത്തി ബുദ്ധമതത്തിന്‍റ നല്ലൊരു രക്ഷാധികാരി ആയിരുന്നു . ബുദ്ധമതത്തിന്‍റ സന്ദേശം തന്‍റെ നാട്ടിലുള്ള ജനങ്ങളെ പഠിപ്പിക്കാന്‍ അനുയോജ്യനായ ഒരു ഗുരുവിനെ കണ്ടെത്താന്‍ ഏറെ നാളുകളായി അദ്ദേഹം ശ്രമിച്ചു കൊണ്ടിരുന്നു . എന്നാല്‍ അങ്ങിനെയൊരു ഗുരുവിനെ കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചതുമില്ല . ചക്രവര്‍ത്തിക്ക് അറുപത് വയസുള്ളപ്പോള്‍ അദ്ദേഹത്തെ തേടി ആ സന്തോഷവാര്‍ത്ത എത്തി . എന്താണോ വര്‍ഷങ്ങളായി കേള്‍ക്കാന്‍ ആഗ്രഹിച്ചതും കാത്തിരുന്നതും അതായിരുന്നു ആ വാര്‍ത്ത .

ഹിമാലയന്‍ മലനിരകള്‍ക്കും അപ്പുറത്ത് നിന്നുകൊണ്ടു രണ്ടു യോഗികള്‍ ബുദ്ധസന്ദേശം പ്രചരിപ്പിക്കാന്‍ വരുന്നുണ്ട് എന്നായിരുന്നു ആ വാര്‍ത്ത .

ഏതാണ്ട് രണ്ടു മാസങ്ങള്‍ പിന്നിട്ട ശേഷമാണ് ആ യോഗികള്‍ ചൈനയില്‍ എത്തിച്ചേര്‍ന്നത് . ബോധിധര്‍മ്മനും അദ്ദേഹത്തിന്‍റ ശിഷ്യനുമായിരുന്നു അവര്‍ .
കേവലം ഇരുപത്തിരണ്ടു വയസ് മാത്രമുള്ള ഒരാളെയല്ലായിരുന്നു ചക്രവര്‍ത്തി പ്രതീഷിച്ചത് . എങ്കിലും തന്‍റെ മനസിലെ സംശയങ്ങള്‍ തീര്‍ക്കാനായി ചക്രവര്‍ത്തി ബോധിധര്‍മ്മനോടു മൂന്ന്‍ ചോദ്യങ്ങള്‍ ചോദിച്ചു . ആദ്യത്തെ രണ്ടു ചോദ്യത്തിനും അദ്ദേഹത്തിന് തൃപ്തികരമായി ഉത്തരം നല്കിയ ബോധിധര്‍മ്മന്‍ അദ്ദേഹത്തിന്‍റ മൂന്നാമത്തെ ചോദ്യത്തിന് നല്കിയ മറുപടി ചക്രവര്‍ത്തിയെ രോക്ഷാകൂലനാക്കുകയാണ് ചെയ്തത് .

ഞാന്‍ ബുദ്ധമതം പ്രചരിപ്പിക്കുന്നതിനായി ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ട് . സാധുജനങ്ങള്‍ക്ക് ധാരാളം ധനം നല്കുകയും ചെയ്തു . എനിക്ക് സ്വര്‍ഗം ലഭിക്കുവാന്‍ ഇതൊക്കെ തന്നെ ധാരാളമല്ലേ ?
ഇതായിരുന്നു ചക്രവര്‍ത്തിയുടെ ചോദ്യം .

അപ്പോള്‍ ബോധിധര്‍മ്മന്‍ പറഞ്ഞു . താങ്കള്‍ നരകത്തില്‍ പോകും എന്നു മാത്രമല്ല നരകത്തിന്‍റെ ഏറ്റവും മോശമായ ഏഴാമത്തെ നരകത്തിന്‍റെ അടിതട്ടിലാണ് എത്തിപ്പെടാനും പോകുന്നത് .
ചക്രവര്‍ത്തി ഞെട്ടലോടെ ചോദിച്ചു .
ഇത്രയൊക്കെ ചെയ്തിട്ടും ഞാന്‍ നരകത്തില്‍ പോകുന്നത് എന്തുകൊണ്ടാണ് ?

അപ്പോള്‍ ബോധിധര്‍മ്മന്‍ പറഞ്ഞു .
നിങ്ങള്‍ ഈ ചെയുന്നതൊക്കെ മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് . ജനങ്ങളുടെ മുന്നില്‍ മേനി നടിക്കാനും വളരെ ധര്‍മ്മിഷ്ട്ടനെന്നു ജനങ്ങളെ ധരിപ്പിക്കാനുമാണ് . സ്വര്‍ഗവും നരകവും ഒരാള്‍ക്ക് ലഭിക്കുന്നത് അയാളെന്തു കര്‍മ്മം ചെയുന്നു എന്നു നോക്കിയാണ് . ഈശ്വരന്‍ ഒരാളുടെ മനസിലേക്കാണ് നോക്കുന്നത് . അതുകൊണ്ടു തന്നെ താങ്കളുടെ പ്രവൃത്തികള്‍ ഒന്നും തന്നെ മുക്തിക്ക് കാരണമാകുന്നില്ല .

ബോധിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ചക്രവര്‍ത്തിക്ക് വളരെ ലജ്ജ തോന്നിയെങ്കിലും അദ്ദേഹത്തെ അവിടെ തുടരാന്‍ അനുവദിക്കുകയാണ് ചെയ്തത് .
ശരീരത്തിനും മനസിനും ശക്തി പകരുന്നതിനുള്ള മാര്‍ഷല്‍ ആര്‍ട്സിന്റെ ആദിമ രൂപം വികസിപ്പിച്ചെടുത്തത് ബോധിധര്‍മ്മന്‍ ആണെന്നാണ് പറയപ്പെടുന്നത് . ഭക്ഷണക്രമീകരണം , യോഗ , ധ്യാനം , സ്വയം പരിശീലനത്തിനുള്ള ആയുധപരിശീലനം തുടങ്ങിയവ ചൈനയിലെ ജനങ്ങളെ അദ്ദേഹം പരിശീലിപ്പിച്ചു . ജനങ്ങളില്‍ അതുവരെ നിലനിന്നിരുന്ന മൌഡ്യം വിട്ടകലുകയും മനസിനും ശരീരത്തിനും പുത്തനുണര്‍വ് ഉടലെടുക്കുകയും ചെയ്തു . ബുദ്ധസിന്ധാന്തങ്ങള്‍ അദ്ദേഹം ചൈനയില്‍ പ്രചരിപ്പിച്ചു . ധാരാളം ആളുകള്‍ ബുദ്ധമതത്തില്‍ ആകൃഷ്ട്ടരായി ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു . ചൈനയിലെ ജനങ്ങളുടെ ജീവിതം കൂടുതല്‍ ഐശ്വര്യം നിറഞ്ഞതായി തീര്‍ന്നു .
വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍ ചൈനയില്‍ തന്‍റെ ദൌത്യം പൂര്‍ത്തിയായതായി ബോധിധര്‍മ്മന് തോന്നി .

താന്‍ ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പോകുവാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം ചക്രവര്‍ത്തിയെയും ജനങ്ങളെയും അറിയിച്ചു . എന്നാല്‍ ബോധിധര്‍മ്മന്‍ ചൈന വിട്ടു പോകുന്ന കാര്യം ചിന്തിക്കാന്‍ പോലും ചക്രവര്‍ത്തിക്കും ശിഷ്യന്മാര്‍ക്കും താല്‍പര്യം ഇല്ലായിരുന്നു . കാരണം ബോധി ധര്‍മ്മന്‍ എത്തിയതിന് ശേഷമാണ് ചൈനയിലെ ജനങ്ങളിലെ ശാരീരിക മാനസീക നില മെച്ചപ്പെടുകയും ചൈനയില്‍ ഐശ്വര്യം ഉണ്ടാകുകയും ചെയ്തത് . അതുവഴി ചൈനയില്‍ സാമ്പത്തീക ഭദ്രത കൈവരികയും ചെയ്തു . എന്നാല്‍ പോയേ തീരൂ എന്ന ബോധി ധര്‍മ്മന്‍റെ ആവശ്യത്തിന് മാറ്റമുണ്ടായില്ല .

മരിച്ച ബോധി ധര്‍മ്മന്‍റെ ശരീരത്തിന്‍റെ സാന്നിധ്യം പോലും ചൈനയില്‍ ഐശ്വര്യം നിലനിര്‍ത്തുമെന്ന് രാജാവും ശിഷ്യന്മാരും കരുതി . അതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍റ ശരീരമെങ്കിലും തങ്ങളുടെ രാജ്യത്ത് ഉണ്ടാകുവാന്‍ വേണ്ടി അവര്‍ ബോധി ധര്‍മ്മന് കൊടുത്ത ഭഷണത്തില്‍ വിഷം ചേര്‍ത്തു നല്കി .
എന്നാല്‍ ഭക്ഷണം മുന്നില്‍ വന്നപ്പോഴേ അതില്‍ വിഷം കലര്‍ന്നിട്ടുണ്ട് എന്ന് തന്‍റെ ജ്ഞാന ദൃഷ്ട്ടിയാല്‍ ബോധി ധര്‍മ്മന്‍ തിരിച്ചറിയുകയും ചെയ്തു . താന്‍ പിന്നീട് ഭക്ഷണം കഴിച്ചോളാം എന്ന്‍ പറഞ്ഞുകൊണ്ട് അദ്ദേഹം അത് വാങ്ങി വയ്ക്കുകയും ആരുമറിയാതെ കളയുകയും ചെയ്തു . അവിടെ നിന്നും പാലായനം ചെയ്യാനുള്ള അവസരം ഇതാണെന്ന് അദ്ദേഹത്തിന് തോന്നുകയും ചെയ്തു . മനസിനെ നിയന്ത്രിച്ചു ശരീരത്തിനെ വരുതിയില്‍ നിര്‍ത്താനുള്ള കഴിവ് ഉപയോഗിച്ച് അദ്ദേഹം മരിച്ചത് പോലെ കിടന്നു . മരിച്ചു കിടന്നപ്പോള്‍ ഉണ്ടായിരുന്ന ചെരുപ്പും വസ്ത്രങ്ങളും അടക്കം ശിക്ഷ്യന്‍മാര്‍ അദ്ദേഹത്തെ ഒരു ഗുഹയില്‍ അടക്കം ചെയ്തു .

വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയിലെ ഒരു ഉദ്യോഗസ്ഥന്‍ ഹിമാലയസാനുക്കളില്‍ വച്ച് ബോധിധര്‍മ്മനെയും ശിഷ്യന്മാരെയും കണ്ടു . ആ സമയം ബോധിധര്‍മ്മന്‍റെ ഒരു കാലില്‍ മാത്രമേ ചെരിപ്പ് ഉണ്ടായിരുന്നുള്ളൂ .

എന്താണ് ഒരു കാലില്‍ മാത്രം ചെരിപ്പു ധരിക്കുന്നത് എന്ന്‍ ഉദ്യോഗസ്ഥന്‍ അദ്ദേഹത്തോട് ചോദിച്ചു . നിങ്ങള്‍ ചക്രവര്‍ത്തിയോട് ചോദിക്കൂ എന്നാണ് ബോധിധര്‍മ്മന്‍ മറുപടി പറഞ്ഞത് .
ഉദ്യോഗസ്ഥന്‍ ചൈനയിലേക്ക് മടങ്ങി ചെന്നു ചക്രവര്‍ത്തിയോട് വിവരങ്ങള്‍ പറഞ്ഞു . ചക്രവര്‍ത്തി ഭടന്മാരെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു . അവര്‍ ബോധിധര്‍മ്മനെ അടക്കം ചെയ്ത ഗുഹ തുറന്നു പരിശോധിച്ചു നോക്കിയപ്പോള്‍ അവിടെ ബോധിധര്‍മ്മനെ അടക്കം ചെയ്തപ്പോള്‍ ഉണ്ടായിരുന്നതില്‍ ഒരു ചെരുപ്പ് മാത്രമേ കാണുവാന്‍ സാധിച്ചുള്ളൂ .
ബോധി ധര്‍മ്മന്‍ മരിച്ചിരുന്നില്ല എന്നും അദ്ദേഹം കല്ലറയില്‍ നിന്നും അപ്രതീക്ഷനായി ഇന്ത്യയില്‍ ഹിമാലയസാനുക്കളില്‍ എത്തിയെന്ന് ചക്രവര്‍ത്തിക്കും ശിഷ്യന്മാര്‍ക്കും മനസിലായി . അതിനുള്ള അടയാളമായിട്ടാവണം ഒരു ചെരിപ്പ് മാത്രം ഗുഹയില്‍ ഉപേക്ഷിച്ചതും .

ഒരിക്കല്‍ ബോധിധര്‍മ്മനോട് ശിഷ്യന്മാര്‍ ചോദിച്ചു . ജീവിതത്തില്‍ വിജയിക്കാന്‍ ഞങ്ങള്‍ എന്താണ് ചെയേണ്ടതെന്ന് .

ബോധി പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു .

” മനസാണ് എല്ലാം . മനസിന്‍റെ ശക്തി അപാരമാണ് . നിങ്ങള്‍ എന്തു ചിന്തിക്കുന്നുവോ നിങ്ങള്‍ അതായി തീരും .നിങ്ങള്‍ ഇന്നലയെ കുറിച്ചു ചിന്തിച്ചത് കൊണ്ട് യാതൊരു പ്രയോജനവുമില്ല . നാളെയേ കുറിച്ചു സ്വപ്നം കണ്ടിരുന്നതു കൊണ്ടും യാതൊരു കാര്യവുമില്ല . നിങ്ങളുടെ മനസ് ഇന്നില്‍ കേന്ദ്രീകരിക്കൂ . ഇന്ന്‍ വിതക്കുന്ന വിത്തുകളാണ് നാളെ കൊയ്തെടുക്കാനാവുന്നത് . “

അങ്ങയുടെ അസാധാരണമായ ശക്തിവിശേഷണത്തിന്‍റെ രഹസ്യം എന്താണ് ?
ശിഷ്യന്മാര്‍ തുടര്‍ന്നു ചോദിച്ചു .
അദ്ദേഹം തുടര്‍ന്നു .
ഞാന്‍ നേരത്തെ പറഞ്ഞതൊക്കെ തന്നെയാണ് എന്‍റെ വിജയരഹസ്യം . ശ്രമിച്ചാല്‍ ആര്‍ക്കും എന്നെ പോലെ ആകാവുന്നതാണ് .
മനസിന്‍റെ ശക്തിപോലെ തന്നെ ബോധി ധര്‍മ്മന്‍ പ്രാധാന്യം കൊടുത്ത ഒന്നാണ് ശരീരത്തിന്‍റെ ആരോഗ്യവും .ഭക്ഷണ ക്രമീകരണത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും സംരക്ഷിക്കുന്ന ശരീരത്തിന്‍റെ ആരോഗ്യം കൂടിയുണ്ടെങ്കിലേ ഒരു വ്യക്തിക്ക് താന്‍ ആഗ്രഹിക്കുന്നത് എന്തും നേടിയെടുക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു .

എന്താണ് ഒരു പൂര്‍ണ്ണനായ ഗുരു എന്നു ചോദിച്ചാല്‍ മനുഷ്യന് മനസിനെയും ശരീരത്തെയും സ്നേഹിക്കാന്‍ ആവുമ്പോഴും അവയെ നിയന്ത്രിക്കാനുള്ള നിലനിര്‍ത്താനുമുള്ള അറിവ് നല്കാന്‍ നിയോഗിതനായ ഒരാള്‍ എന്നാണ് ഉത്തരം . ബോധി ധര്‍മ്മന്‍ ആ അര്‍ഥത്തില്‍ പൂര്‍ണ്ണനായ ഒരു ഗുരുവായിരുന്നു .