ആഴങ്ങളിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍

ആഴങ്ങളിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍

അനിൽ കുറ്റിച്ചിറ

നാല്‍ക്കവലയില്‍
എന്നോ ഉപേക്ഷിച്ച
ഉറവയുടെ
ആഴങ്ങളിലേക്കെന്ന പോലെ
ഇറങ്ങിച്ചെന്നാല്‍ കാണാം
മൂന്നിഷ്ടങ്ങള്‍ തടവിലാക്കിയ
അവന്‍െറ നാലുവരി കവിത
പുളിച്ച് പൊന്തിക്കിടപ്പാണ്
പലപ്പോഴായി
അവന്‍ ഇട്ടുപോയ ചിത്രങ്ങള്‍

അമ്മക്ക് പകരം
പുണര്‍ന്ന്
നെഞ്ചു പൊള്ളിച്ചവളുടെ
കള്ളമല്ലാത്ത കരച്ചില്‍

അവന്‍
നടന്ന് കൊതിതീരാ-
ഇടവഴി
ചുരവളവുകള്‍

ഇനിയും പിളര്‍ത്തി നോക്കാത്ത
രണ്ട് ക ത്തുകള്‍
ഒന്നിലൊരു വേശ്യ
മറ്റൊന്നില്‍ കവി
ഒരുമിച്ച് പുഞ്ചിരിക്കാലം
പകുത്തവര്‍

അവന്‍ വരുമെന്ന്
മുനിഞ്ഞ് കത്തുന്നു
കിലുക്കിക്കുത്ത്
മുച്ചീട്ടു തട്ടുകള്‍

അവന്‍െറ
വേര്‍പ്പിന്‍ ചുട്ടി
വീണിടത്തൊക്കെ
കപടാദരവിന്‍
വെയില്‍ മഴക്കളികള്‍

പ്രാര്‍ത്ഥനകളെ
ആട്ടിയോടിച്ച് തഴുതിട്ട
മദ്യശാല പോലെങ്കിലും
മരിച്ചവന്റെ
ഫെയ്സ് ബുക്ക് പേജില്‍ കാണാം
അവന്റെ
മരണമറിയാത്തവളുടെ
വരവുപോക്കുകള്‍