ഇത് ഭാരതം!

ഇത് ഭാരതം!


നിത്യാലക്ഷ്മി. എൽ. എൽ

ഇത് ഭാരതമോ!
നിന്റെ നടുവിൽ ഞാനൊരു
ദ്രൗപതിയായി നിലവിളിക്കുന്നു!
നീ പക്ഷേ,
ചൂതാട്ടത്തിലെന്നെ പണയമാക്കി,
മൗനത്തിലംഗം കൂനിപ്പിടിച്ചിരിക്കുന്നു!

ഇത് ഭാരതമോ!
ഞാനലറിയിട്ടും,
തീരാത്ത ചേല തന്നനുഗ്രഹിക്കാൻ
വന്നീല കൃഷ്ണനും ആരുമൊന്നും..!

ഇത് ഭാരതമോ!
ദേവീ എന്ന് വിളിച്ചെന്നെ കുമ്പിടാൻ,
ആരുണ്ടിവിടെ? ,ആരുമില്ല, പക്ഷേ,
തെരുവിലൊരു നായ ,
പെറ്റ് കൂട്ടാൻ കിടക്കും കണക്കെ,
കല്ലെറിയുന്നു, പിന്നാലെ കൂടി,
ബന്ദിയാക്കുന്നു പിന്നെ,
അടിമച്ചൂരലാലെന്നെ
തൊട്ട് നോവിക്കുന്നു;
അറിവുണ്ടായില്ലിത്ര നാൾ,
ഇതോ ഭാരതം!

ഹാ, ഇത് ഭാരതം തന്നെ!
കണ്ണ് മൂടിക്കെട്ടി അന്ധരാകുന്നതും
കണ്ടില്ലറിഞ്ഞില്ലയെന്ന് ചൊല്ലുന്നതും
ഒടുവിലോടിക്കിതച്ച് വന്നെത്തി,
വിലാപം, വിലാപമെന്നോതി നടക്കുന്നതും
മാത്രമറിയുന്ന ഗാന്ധാരിമാർ
തിങ്ങി നിറയുന്നിത് ഭാരതം തന്നെ!