കാമുകൻ (പുഴ)
തീരങ്ങളോളം തീർക്കും
കടലെന്ന പ്രണയിനിയെ
തേടിയലയുകയണീ
ഓളങ്ങളൊക്കെയും
മതിമറന്നെങ്കിലും വഴിയോരങ്ങളെ
ദാഹമകറ്റാൻ മറക്കാറില്ല..!
മടുപ്പില്ലാത്തവൻ(കടൽ)
പരാതിയൊട്ടുമില്ലാതെ
ഇറുകെ പുണരുന്നുണ്ട്
തന്നിൽ കൈ നീട്ടുന്നവരുടെ
വയറു നിറക്കാറുണ്ട്
പറഞ്ഞു തീരാ കഥ
എന്നും തീരത്തോട് പറയാറുണ്ട്..!
വിഡ്ഢികൾ (പ്രകൃതി)
പച്ച പട്ടുടുത്ത്
കണ്ണിമ വെട്ടാ കാഴ്ചകൾ
ഒരുക്കി വെച്ചത്
നമ്മിലാനന്ദം പകരാനാ
നീയോ കൂടെ കൊണ്ടുപോവാത്തവയെ
എത്തി പിടിക്കാനുള്ള ഓട്ടത്തിലും..!
നിസ്സഹായൻ(ആകാശം)
കെട്ടിയിടപ്പെട്ടതിനാൽ
കാണും കാഴ്ചകളാൽ
മുഖം ചുവക്കാറുണ്ട്
നെഞ്ചിലടിച്ചു കരയാറുണ്ട്
ചില മനുഷ്യപ്രവർത്തിയിൽ
കണ്ണുകൾ ഇറുകെയടക്കാറുണ്ട്..!
നഗ്നൻ(കർഷകൻ)
മണ്ണിനെ ദൈവമായ് കണ്ടതിൽ
പിന്നെ മണ്ണിലിറങ്ങും നേരം
നഗ്ന പാദനാണ്
വിളഞ്ഞതൊക്കെയും വിലയിട്ടു
വിറ്റാലും വയറിൻ നഗ്നത
ശമിപ്പിക്കാൻ തികയാറില്ല..!