ഇലകൾ

ഇലകൾ

പ്രേം കൃഷ്ണൻ

ഇലകൾ രാത്രികളിൽ
ചൂടി നിൽക്കുന്ന
മൗനരേഖകളിലെന്നും
തുമ്പി ശലഭം ഉറുമ്പ്
എന്നിവർ കണ്ടെടുത്ത
ജീവിതത്തിന്റെ
വഴികളുണ്ടായിരുന്നു.

അവർ നാളെയും
തുടരുമെന്ന
നിശബ്ദഭാഷ
ഒരില വേറൊരിലയ്ക്ക്
തൊട്ടുരുമ്മി കൈമാറി
കൊഴിയുമ്പോഴേക്കും
ലോകം പതിവ് പോലെ
ഏതൊക്കെയോ
പരിവർത്തനങ്ങളെ കുറിച്ച്
പറഞ്ഞു കൊണ്ടേയിരിക്കും.

വേരിന്റെ അദൃശ്യത
അതിന്റെ ഉള്ളിലെ
കലയുടെ ഗഹനതയെന്ന്
മണ്ണിലലിഞ്ഞ് സ്പർശിക്കുന്ന
ഇലയുടെ
ആന്തരികരൂപിക്കറിയാം.

ആ സമയത്തും
ലോകം പതിവ് പോലെ
ഏതൊക്കെയോ പരിവർത്തനങ്ങളെ കുറിച്ച്
പറഞ്ഞ് കൊണ്ടേയിരിക്കും.

ഈ ഭൂഗോളത്തിൽ
പരസ്പ്പരം
കണ്ട് മുട്ടാത്ത
എത്രയെത്ര മനുഷ്യർ !
ഒരു യാത്രയുടെ പരിമിതിയെ
പലായനങ്ങൾ കൊണ്ട്
വാർത്തയിലറിയപ്പെട്ട്
സഞ്ചാരങ്ങൾ
വിലക്കപ്പെടുമ്പോൾ
വീഴ്ച്ചയിലും
ഒന്ന് പറന്ന് പാളുന്ന ഇല
ഉറുമ്പ് ശലഭം തുമ്പി
എന്നിവർ
കനമില്ലാതെ
സഞ്ചരിച്ചൊരു
പ്രപഞ്ച രേഖയാകുന്നു.

ഒരിലയുടെ പലയിലകൾ..