ഇലഞ്ഞി മണം

ഇലഞ്ഞി മണം

അജിത്രി

വെറുതെ ഷെൽഫിലേക്കു നോക്കി. പകുതി വായിച്ച ഓം പ്രകാശ് വാൽമീകി വാൽ മാക്രിയുടെ പരിണാമഘട്ടം പോലെ കമിഴ്ന്നു കിടക്കുന്നു.

ഇതുവരെ എഴുതിയതൊക്കെയും ഉമിയായ പോലെ.
വെറുതെ കുറെ സമയം പോയി.ഒരു യാത്ര പോകാനുള്ള ആഗ്രഹം. ഒരു പ്രദക്ഷിണം.

ഓട്ടോയിലാണെങ്കിലും ഡ്രൈവർ മറു ചോദ്യമുയർത്തുന്ന ആളായിരുന്നില്ല. ആ യാത്ര അങ്ങനെ കുറേ നേരം തെരുവുകളിലൂടെ നീണ്ടു. സിഗ്നൽ കാത്തു കിടന്നപ്പോഴൊക്കെ ബൈക്കിൽ ൈസഡ് സീറ്റിലേക്ക് മാത്രം ശ്രദ്ധി ക്കുന്ന സുന്ദരന്മാരെ കണ്ടു. ഓം പ്രകാശിനെ വായിച്ചിട്ടും പ്രകാശമുള്ള ഒരു നോട്ടം തന്നെ തേടി വന്നതുമില്ല.

വണ്ടിയെടുത്തതും കേട്ടതൊരു നിലവിളിയാണ്.
പരിഭ്രമങ്ങൾ ആക്രോശങ്ങൾ .അമർഷങ്ങൾ!

പോലീസെത്തിയ പാടെ അയാൾ എല്ലാവരുടേയും വിലാസം എഴുതിയെടുക്കാൻ തുടങ്ങി. ഫോൺ നമ്പർ സഹിതം.
ഡ്രൈവറിൽ നിന്ന് ഒരു നെടുവീർപ്പ് പറന്നുയരുന്നത് ഞാൻ കണ്ടു.
അയാളുടെ മൂക്കിൻ തുമ്പിലെ വിയർപ്പുള്ളികൾക്ക് ഒരു പ്രത്യേക വശ്യതയുള്ളതു പോലെ തോന്നി.

” ഒരു ബൈക്കുകാരനെ രക്ഷിക്കാൻ ഞാൻ ഇടത്തേക്കൽപ്പം വെട്ടിച്ചതാണ്. ആ പെണ്ണപ്പോൾ ഇങ്ങോട്ട് വരികയായി രുന്നു.ആ നിമിഷം ഞാൻ ചവിട്ടിയതുകൊണ്ട് ചക്രം കേറിയില്ല.
അതു കേട്ട പാടെ അപരിചിതരിലൊരാളും അതു ശരിവെച്ചു.

ഡ്രൈവർ അയാളെ നോക്കി ഒന്നു ചിരിച്ചു. അത്രയും ഉള്ളു തുറന്ന് അയാൾ ആരോടെങ്കിലും ചിരിച്ചിട്ടുണ്ടോ ആവോ?

അത്യാഹിത വിഭാഗത്തിന് നേരെ നിന്ന് പോലീസുകാരൻ എന്നെ തന്നെ നിരീക്ഷിക്കാൻ തുടങ്ങി.

” എന്നാ നിങ്ങൾ നോക്കി നിൽക്കുന്നത്! നിങ്ങളെ പോലെ ഒരു സ്ത്രീയല്ലേ. ഒപ്പം പോകൂ”

ഡ്രൈവറോടും വരാൻ ആംഗ്യം കാണിച്ചിട്ട് ഞാനും അകത്തേക്ക് നടന്നു.
ഉള്ളിലേക്ക് കയറിയതോടെ ആ വലിയ വരാന്തയും മുന്നറിയിപ്പുകളും വലിയ ചുമരുകളും എന്നെ പ്രേതലോകം പോലെ ഭയപ്പെടുത്തി.

കുറേ നേരം ഞാനവിടെ നിന്നിട്ടും ഡ്രൈവർ കയറി വന്നില്ല. പുറത്തേക്ക് ചെന്നു നോക്കി. ചില്ലറ ചിരിയിൽ ഒതുക്കരുത് ” എന്നെഴുതിയ ഓട്ടോ അവിടെ ഇല്ലായിരുന്നു.

ഒറ്റപ്പെട്ടെങ്കിലും ഒളിച്ചോടാൻ ഞാൻ തയ്യാറല്ലായിരുന്നു’ എന്തുവന്നാലും നേരിടാൻ തീർച്ചയാക്കി.

അവളെ ഒന്നു ശരിക്കും കാണാൻ ഞാൻ ആഗ്രഹിച്ചു. എന്റെ മടിയിൽ കിടന്നപ്പോഴുള്ള നാല്പത്തഞ്ചു ഡിഗ്രി വീക്ഷണകോണിലൂടെയാണ് ഇത്രയും നേരം ഞാനവളെ കണ്ടതു മുഴുവൻ.

ഒരു നാടോടി പെണ്ണിന്റെ വിലക്ഷണമായ ഭാവവ്യത്യാസങ്ങളെ ഒരു സുന്ദരിയുടെ മുഖത്തിന്റെ സജീവ ചലനങ്ങളായി കാണാനുള്ള മാനസിക പക്വത എന്നിൽ ഇല്ലായിരുന്നു. ഞാനെഴുതിയ എല്ലാ മോശം കഥകളും എന്നും സവർണപക്ഷത്താൽ എനിക്ക് റ്റാ റ്റാ തന്ന് അന്തരീക്ഷം മുഴുവൻ പാറി നടക്കുന്നതായി പലപ്പോഴും തോന്നിയിരുന്നു. അവിടെ മുറിവേറ്റവരും നിലവിളിക്കുന്നവരും അധികം ഇല്ലായിരുന്നു.

അശുപത്രിക്ക് പുറത്തു നിന്ന് ഒരു ആംബുലൻസിന്റെ ചോര വാർന്ന ശബ്ദം മുഴങ്ങി. അല്പം കഴിഞ്ഞ് അശരണമായ പ്രാർത്ഥന പോലെ രണ്ട് കാലടി ശബ്ദം ചോരയുറയുന്ന ഭയത്തോടെ ഞാൻ തിരിച്ചറിഞ്ഞു.

അത് ആ ഡ്രൈവറായിരുന്നു. പോലീസ് കാരനെ പ്രതീക്ഷിച്ച ഞാൻ അയാളുടെ കൈയ്യിലെ ജ്യൂസ് ജാറിലേക്ക് കണ്ണയച്ചു.അയാൾ എനിക്കായി ഒരു കോഫി യും കരുതിയിരുന്നു.

അതു വാങ്ങുമ്പോൾ ഞങ്ങളുടെ വിരലുകൾ തമ്മിൽ സ്പർശിച്ചു. അത് ശ്രദ്ധിക്കാതെ അയാൾ എന്നോട് ആ പെണ്ണ് കണ്ണൂ തുറന്നോ എന്നു ചോദിച്ചു. വരാന്തയിൽ കണ്ട നഴ്സുമാരോടും അവളെ പറ്റി അയാൾ അന്വേഷിച്ചു.
മധ്യവയസിന്റെ ഭ്രമണ വേഗത തെറ്റി കറങ്ങിയ ഞാൻ അയാളുടെ ഫോണിലെ സന്ദേശം വായിച്ച് ഐസായി പിന്നെ ജലമായി മിഴികളെ കുളിർപ്പിച്ചു, നീരാവിയായി തപിച്ചു. ഓട്ടോയെന്ന അശ്ലീല ശകടത്തിലെ വികട സരസ്വതി എന്ന പദസഞ്ചയത്തിനു താഴെ
ഞാനിരിക്കുന്ന ഒരു ചിത്രം.

എന്റെ അവസ്ഥ കണ്ടിട്ടും അയാൾക്ക് ഒരു കുലുക്കവും ഇല്ല. ആ പെണ്ണിനെ ജ്യൂസ് കുടിപ്പിക്കാനായി അയാളുടെ ശ്രമം.

ശരീരത്തിൽ ധാരാളം ഇറച്ചി മുഴകളുള്ള ഒരു സർജൻ വന്ന് ചിരിച്ചു കൊണ്ട് ഡ്രൈവറോട് വേണമെങ്കിൽ പോകാമെന്ന് അറിയിച്ചു.
ഒരു സൂപ്പർ സ്പെഷ്യാലിറ്റി പ്രൈവറ്റ് ഹോസ്പിറ്റലിൽ കിടക്കാൻ മാത്രം ധനശേഷി നിങ്ങൾക്കുണ്ടോ?

ഈ സ്ത്രീയെ ആരും തിരിഞ്ഞു നോക്കാനില്ലാത്ത സ്ഥിതിക്ക് ഞങ്ങൾ ഏറ്റെടുക്കാനും തയ്യാറാണ്. ചാരിറ്റി പ്രവർത്തനം ഞങ്ങൾ ക്ക്ഒരു ശരീരഭാഗം തന്നെയാണ്.

അവൾക്കെന്താണ് സംഭവിച്ചതെന്ന് മെഡിക്കൽ കുറിപ്പിലൂടെ അറിയാതെയും അവളെ തനിച്ചാക്കി മടങ്ങാനും അയാൾക്ക് മടിയുള്ള തു പോലെ.

എനിക്കാണെങ്കിൽ എത്രയും പെട്ടെന്ന് വീട്ടിലെത്തിയാൽ മതിയെന്നായി. ഭർത്താവിനോട് കാര്യങ്ങൾ മുഴുവനായല്ലെങ്കിലും അല്പം തരിപ്പു കേറ്റി അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു ഞാൻ.

ഡ്രൈവർ എന്റെ കൂടെ ഏറ്റവും മുകൾനിലയിലുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ചേംബറിലേക്ക് വന്നു. ഞങ്ങളെ അങ്ങോട്ട് വിളിപ്പിച്ചതാണ്.

വല്ലാത്തൊരു വെളിച്ചവും തണുപ്പും നിശ്ശബ്ദതയുമായിരുന്നു മുകൾ നിലയിലെ വരാന്തയ്ക്ക് അയാളോടൊപ്പം അങ്ങനെ നടക്കാൻ നല്ല രസം ഉണ്ടായിരുന്നു. ഒരു ഹിന്ദി പാട്ട് അകമ്പടിയായി വരുന്നതു പോലെ.

അവിടെനിന്നുനോക്കുമ്പോൾ ഒരു വലിയ പള്ളിയുടെ താഴികക്കുടം ഫാഷൻ ഫ്രൂട്ടു പോലെ മധുരിച്ചു നിന്നു.

അയാൾ വിരലുകൾ ചേർത്തു പിടിക്കുകയും നടുവിരൽ മാത്രം ഒടിച്ച് ശബ്ദമുണ്ടാക്കുകയും ഇടതു കൈ കൊണ്ട് ചുമരിനെ ഇടിക്കുകയും ചെയ്തു. അയാളുടെ കട്ടി മീശയ്ക്കു മുകളിൽ ചുവച്ചു രാശി പടർന്ന നീണ്ട മൂക്ക് വിറയ്ക്കുന്നത് ഞാൻ അതിശയത്തോടെ നോക്കി നിന്നു.

അവിടെ എഴുതിയത് ഞാൻ പതുക്കെ വായിച്ചു. ഡോക്ടർ ചേനക്കുണ്ടൻ നിയാസ്.

ഏതു രഹസ്യത്തിൽ പങ്കുചേരാനാണ് ഞങ്ങളെ വിളിച്ചതെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് ഡോക്ടർ തുടങ്ങിയത്.

എന്റെ മനസ്സ് നിലവിളിക്കാൻ തുടങ്ങി. അപ്പോൾ ഭർത്താവിന്റെ വിളി വന്നു. ഫോൺ സൈലന്റ് ആക്കി ചേനക്കുണ്ടൻ ഡോക്ടറുടെ വാക്കുകൾക്കായി കാതോർത്തു

എനിക്ക് എന്തിനെയൊക്കെയോ സംശയമായി. ഇറച്ചി മുഴകളുള്ള ഡോക്ടറുടെ ആഹ്വാനത്തിന്റെ അർത്ഥം ഏറെക്കുറെ തെളിയുകയും ചെയ്തു
ഒരു നഴ്സ് എന്നെ പുറത്തേക്ക് നടത്തിച്ചു. കൃത്യമായ അവഗണനയുടെ ഒരു ഭാവം ഞാൻ നഴ്സിന്റെ താഴ്ത്തി പിടിച്ച മിഴികളിൽ വായിച്ചു.

ലിഫ്റ്റിന്റെ പാതാള യാത്രയിലും നഴ്സ് എന്നോടൊപ്പം ഉണ്ടായിരുന്നു. അവളുടെ പല്ലു മുഴുവനും കമ്പിയിട്ടിരുന്നു. ആ മഞ്ഞ ചിരി ഒരു മാലാഖയ്ക്കിണങ്ങിയതല്ലായിരുന്നു. നഴ്സിന്റെ ദൈന്യതയൊന്നും പ്രത്യേകിച്ച് വേതനകമ്മി യൊന്നും അവരുടെ ദേഹ ചൈതന്യത്തിൽ പോറലേ ല്പിച്ചിരുന്നുമില്ല

വനം അന്യമായ ആനയെ പോലെ ഇറച്ചി മുഴകളുള്ള ഡോകടർ ഒരു നാടോടി യെ പരിചയപ്പെടുത്തി.

രോഗിയുടെ ഭർത്താവാണത്രേ!

രോഗി എന്നു വിളിക്കാൻ പറ്റുമോ? അപകടത്തിൽ പെട്ട രോഗിയിൽ നിന്നും മണ്ണിന്റെ യും ജലത്തിന്റേയും കറ ഉണങ്ങി പിടിച്ചത് ആ മനുഷ്യൻ തുടച്ചു കളയുന്നത് ഞാൻ ശ്രദ്ധിച്ചു.
അയാളുടെ മുൻവരിയിലെ പല്ലുകൾ പുകയില കറ പിടിച്ചും അകന്നും ഇരുന്നു.

ഭാഗ്യമോ നിർഭാഗ്യമോ ഉള്ള ആ പെണ്ണിന്റെ മുഖം ഇപ്പോൾ എന്റേ താണെന്ന്
ഞാൻ സങ്കല്പിച്ചു.”

മുടി ക്രോപ്പ് ചെയ്ത ഒരു ഗൈനക്കോളജിസ്റ്റിന്റെ കൂടെ നേരത്തേ കണ്ട നഴ്സും മറ്റൊരു അഡ്മിനിസ്ട്രേറ്ററും അവിടേക്ക് നടന്നു വന്നു.

ജനിതക അബ റേഷൻ, തന്നെ… വ്യത്യസ്ത സമൂഹത്തിലെ അഭിശപ്തരായി ജീവിക്കാൻ .വിധിക്കപ്പെട്ട ആളുകൾക്ക് തുണയായി മാറുക.”

ഗൈനക്കോളജിസ്റ് ഫോണിലൂടെ ഒരു ആരോഗ്യ മാസികക് ഇൻറർവ്യൂ നൽകിയതാണെന്ന് നഴ്സ് പിന്നീട് പറയുന്നതു കേട്ടു .

വനിതാ ഡോക്ടറും അവളെ വിശദമായി പരിശോധിച്ചു

പുറത്തു നിൽക്കുന്ന സമയമത്രയും അവളുടെ ഭർത്താവിനോട് കുട്ടികളെ ഫാക്ടറികളിൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന കാലമാണ് വരാൻ പോകുന്നതെന്നും ഒരു ആധാർ കാർഡും എടിഎം കാർഡുമുണ്ടെങ്കിൽ എളുപ്പത്തിൽ കുട്ടിയെ ലഭ്യമാക്കുന്ന ഒരു പദ്ധതി വരുന്നുണ്ടെന്നും അഡ്മിനിസ്ട്രേറ്റർ അല്പം തമിഴ്കലർത്തി പറഞ്ഞു കൊടുക്കുന്നതു കേട്ടിരിക്കാൻ കൗതുകം തോന്നി വന്നപ്പോഴേക്കും അയാൾ ആ വിവരണം മതിയാക്കി.
അവളുടെ ഭർത്താവ് തോർത്തുമുണ്ട് കുടഞ്ഞ് ചുമലിലേക്കിട്ട് അടഞ്ഞ വാതിലിലേക്ക് നോക്കിയിരുന്നു.

PG Dയെക്കുറിച്ചു പറഞ്ഞു കൊണ്ടാണ് രണ്ട് ഡോക്ടർമാരും പുറത്ത് പോയത് – ഭൂതത്തിന്റെ കുടത്തിൽ നിന്നും പുറത്തു വരുന്ന പുക പോലെ അവർ ഒഴുകുകയായിരുന്നു.

പ്രീ ഇംപ്ലാൻറ്റേഷൻ ജനിറ്റിക് ഡയഗ്നോ സിസ് എന്ന ഈ പരിപാടിയെ കുറിച്ച് ഞാനും വായിച്ചിരുന്നു. ഈ രീതിയിലേക്ക് ഈയിടെ പെൻഷൻ പറ്റിയ അധ്യാപക ദമ്പതികൾ ചേക്കേറുകയും ആശിച്ച രീതിയിൽ കുഞ്ഞുൽപാദനം നടത്തി വിജയം വരിക്കുകയും ചെയ്തിരുന്നു.

അവരുടെ ചുവടുപിടിച്ച് മക്കൾ വിദേശത്തുള്ള മറ്റൊരു ദമ്പതികൾ പുതിയൊരു കുഞ്ഞിന് ഓർഡർ നൽകിയ വിവരവും ഞാൻ ട്രഷറിയിലെ ലീല വഴി അറിഞ്ഞിരുന്നു.

ഇങ്ങനെയുണ്ടാകുന്ന കുട്ടികൾക്ക് ജനിതക .രോഗങ്ങൾ ഒന്നും ഇല്ലെന്നും കുട്ടി ആണോ പെണ്ണോ ആണെന്ന് ഉറപ്പിച്ചും സൗന്ദര്യവും ബുദ്ധിയും ഒക്കെ ഉണ്ടെന്നു് തീർച്ചയാക്കിയും തയ്യാറാക്കുന്ന ഭ്രൂണത്തെ സ്വന്തം ഗർഭപാത്രത്തിലോ അല്ലെങ്കിൽ വാടക പാത്രത്തിലോ വളർത്തി യു ളള നിർമാണ ചെലവ് ഈ ആശുപത്രിയിൽ താരതമ്യേന കുറവാണത്രേ.

അറിയപ്പെടുന്ന ഒരു പത്രസ്ഥാപനം പ്രവർത്തിക്കുന്ന തിന്റെ തൊട്ടടുത്ത ഈ ആശുപത്രി കെട്ടിടത്തിന്റെ തൊട്ടു താഴെ നടന്ന അപകടമായതുകൊണ്ടാണ് ഇവിടേക്ക് ഓട്ടോ ഡ്രൈവർ വണ്ടി വിട്ടത്. പോലിസ് കാരന് എവിടെയായാലും കുഴപ്പമില്ലായിരുന്നു. ഇതു വരെയുള്ള ബില്ലെല്ലാം ഡ്രൈവർ അടച്ചതായും ഞാൻ മനസിലാക്കി.

ഈ അടുത്തു വായിച്ച ഒരു കഥയിൽ പിതാവിന്റെ വിത്തു സഞ്ചിയെടുത്ത് പാക്കിസ്ഥാനിലേക്കു പോയി വലംകൈകൊണ്ടൊരു ചാലുകീറി വിത്തുകൾ ചാലിലേക്ക് കുത്തിവെക്കാൻ തുടങ്ങിയ മകന്റെ നേരെ നീണ്ടു വന്ന ഒരു കൈ പോലെ ഇറച്ചി മുഴയുള്ള ഡോക്ടർ ഒരു കെട്ട് നോട്ടുകൾ ഞങ്ങൾക്കുനേരെ നീട്ടി.

മറ്റൊരാശ്രയവുമില്ലാതെ ഡ്രൈവർ മുഖം തിരിച്ചു. വിശ്വസിക്കാനാവാതെ അവളെന്നെ യും പണത്തേയുംനോക്കുന്നതു കണ്ടു.
പിന്നെ ആദരവോടെ ഡ്രൈവറേയും .

കുഴന്ത ഇവർക്ക് മട്ടും!

അങ്ങനെയെന്തോ അവൾ മൊഴിഞ്ഞ പോലെ.അവളുടെ ഭർത്താവ് അതു തിരുത്താൻ ശ്രമിച്ച് പരാജയപ്പെട്ടിടത്തു നിന്നും
കുട്ടികളുണ്ടാകുന്ന ഫാക്ടറിയുടെ മതിലുകൾ നിറയെ വിഷവാതകം വമിക്കുന്നതായും ഓകസിജനെ അപായപ്പെടുത്താൻ ഭീകരമായ ആധിപത്യ പ്രവണതയോടെ പുതിയ കെണികൾ രൂപെ ടു ന്നതായും എനിക്ക് അനുഭവപ്പെട്ടു.

ഇല്ലാത്ത ശ്വാസം മുട്ടിഞാനാ ദമ്പതികളെ നോക്കി. അവരിൽ നിന്നുയരുന്ന ജീവിക്കാനുള്ള ത്വരയുടെ ശക്തിയും പണിയാൻ പോകുന്ന വീടിനെ കുറിച്ചുള്ള സ്വപ്നവും എത്ര ശക്തമാണെന്ന് അപ്പോൾ മുതൽ എനിക്ക് മനസിലായി.

നീങ്കയെനിക്ക് കാളിയമ്മൻ മാതിരി തായേ ” എന്നും പറഞ്ഞ് അവൾ എഴുന്നേറ്റിരുന്നു –

ഞാനും ഒരു പെണ്ണല്ലേ.
പ്രായം ഇത്തിരി കൂടിയാലും വൈകിയിട്ടൊന്നും ഇല്ല. ഈ അവസരം എനിക്ക് കിട്ടാത്തതിൽ സങ്കടം തോന്നി.

അതു ഞാൻ ഉള്ളിലൊതുക്കി.
അത്യ ധികമായ ജീവിത രതി പണത്തിന് മുകളിൽ ചെറുതാലി പോലെ ഊഞ്ഞാലാടി.

ഒരു ചെറു യാത്രയുടെ പൊരുൾ വ്യക്തമാക്കി കൊണ്ട് ഡ്രൈവർ വയലറ്റ് നിറമുള്ള ഏതാനും നോട്ടുകൾ എനിക്ക് നേരെ നീട്ടി.

കാണാം.

എന്നു പറഞ്ഞു കൊണ്ട് അയാൾ ചിരപരിചിതനെ പോലെ പടികൾ ചാടിയിറങ്ങി.

പറുദീസാ നഷ്ടവും പറുദീസാ നേട്ടവും ഗാന്ധിയുടെ കണ്ണടയിലൂടെ വ്യക്തമായി കണ്ടു.

ആ നോട്ടുകൾ ഞെരിച്ചു മടക്കി ഞാനവളുടെ ഭർത്താവിനെ ഏല്പിച്ചു. ഒമ്പതു മാസം ഇനി നവ ദ്വാരങ്ങളുമടച്ച് ഇതിനുള്ളിൽ കിടക്കേണ്ട വരല്ലേ!

ഇപ്പോൾ ഡ്രൈവർക്ക് പിറകിൽ നടക്കാൻ ചെറു തല്ലാത്ത ഒരു ഭയം തോന്നി തുടങ്ങി.