പ്രിയ സുനിൽ
ഏതെങ്കിലും മരത്തിന്റെയോ കാട്ടുചെടിയുടെയോ മറവു പറ്റി ചീവീടുകളുടെ മൂളലിൽ ഇഴുകിച്ചേർന്നിരുന്ന ചീമയുടെ സങ്കടങ്ങൾ കടലാസ് വലിച്ചെടുത്തു തുടങ്ങി. കാലപ്പഴക്കത്താൽ അഴുകി ദ്രവിച്ച് കരിനിറമായ ഓർമകൾ പോലും കടലാസിൽ വീണ് തിളങ്ങുന്നത് ഒട്ടൊരു സന്തോഷത്തോടെയാണ് അവൾ നോക്കി നിൽക്കാറുള്ളത് .ഇത്തരത്തിലൊരു മാറ്റം പ്രതീക്ഷിച്ചൊന്നുമല്ല ഇരുപത്തിരണ്ടാം വയസ്സിൽ നാലാം ക്ലാസ് തുല്യത പാസായത്. വളഞ്ഞുപുളഞ്ഞും കെട്ടുപിണഞ്ഞും സ്വന്തം ജീവിതത്തോട് സാമ്യമുള്ള അക്ഷരങ്ങളോട് കൂട്ടുകൂടാനൊരിഷ്ടം തോന്നി. സ്വയം ഒരു വേട്ടക്കാരിയാവുന്നതിലൂടെ വേട്ടയാടപ്പെടൽ അവസാനിക്കും എന്നും തോന്നി. കഷ്ടപ്പെട്ട് വളച്ചെടുത്ത അക്ഷരങ്ങളെ തന്നെ പിൻതുടർന്നു.പത്താം ക്ലാസ് തുല്യത പാസായ അന്ന് ഊരിലെ കൂട്ടുകാർക്കെല്ലാം മുളയരിപ്പായസം വെച്ചു കൊടുത്തു ചീമ. കുറേ കേൾക്കുമ്പോൾ എന്തെങ്കിലും പറയണമെന്ന് തോന്നും പോലെ ,കുറേ വായിച്ചപ്പോൾ അവൾക്കെഴുതാൻ തോന്നി.
” കഥേം കവിതേം എഴ്തണോർക്ക് ശില്പശാലണ്ടത്രേ അടുത്ത മാസം തിരുവന്തോരത്ത്.ചീമയ്ക്ക് പോണോ?”
അക്ഷരങ്ങളുമായി കൂട്ടുകൂടാൻ പഠിപ്പിച്ച ഗംഗ ടീച്ചറാണ് ചീമയ്ക്ക് വേണ്ടി അപേക്ഷ അയച്ചതും അവളെയും കൂട്ടി തലസ്ഥാനത്ത് എത്തിയതും. പട്ടണത്തിലെത്തുമ്പോഴെല്ലാം ഉള്ളിലുണ്ടാവാറുള്ള പെട പെടപ്പ് മറയ്ക്കാൻ വേണ്ടി ചീമ വെറുതെ പുഞ്ചിരിച്ചു കൊണ്ടിരുന്നു. സംസാരത്തിലൂടെയും എഴുത്തിലൂടെയും മാത്രം ദൃശ്യമാക്കപ്പെടുന്ന ചില കൂടുകൾക്കുള്ളിലാണ് ഇവിടുത്തെ മനുഷ്യരെല്ലാം. കാട്ടിലെ കൂടുകൾക്കൊന്നും മറച്ചുവയ്ക്കപ്പെട്ട ഉള്ളറകളില്ലല്ലോ തെറ്റിദ്ധരിപ്പിക്കുന്ന പുറംമോടികളും. പേര് ‘ചീമ ‘എന്ന് പറയുമ്പോൾ ”ഷീമയല്ലേ? ” എന്ന മറുചോദ്യവും കാട്ടിലവൾ കേട്ടിട്ടില്ല.
ശില്പശാലയിലെ ആദ്യ ദിനം തന്നെ കൂട്ടത്തിലെ ഒരു സുമുഖനെ ചീമയ്ക്ക് വല്ലാതെയങ്ങിഷ്ടപ്പെട്ടു.കീഴാളർക്ക് വേണ്ടിയുള്ളതായിരുന്നു അവന്റെ രചനയും സംസാരവും. നാണത്തോടെ അവളൊന്നു ചിരിച്ചപ്പോൾ നെറ്റിച്ചുളിച്ച് മുഖം കോട്ടി അവനൊരു സുന്ദരിക്കോതയുടെ അരികിൽ പോയിരുന്നു. ‘കഥ ഉഗ്രൻ’ എന്ന് ആ കോത ആംഗ്യം കാണിച്ചതും അവനാകെ കോരിത്തരിച്ചതും കണ്ട് ചീമ മുഖം തിരിച്ചു.
ക്യാമ്പിന്റെ രണ്ടാം ദിനവും ചീമ തലേന്നത്തെ വസ്ത്രത്തിൽ തന്നെ തുടർന്നതിനാലാണോ എന്നറിയില്ല അവളുടെ ചുറ്റുവട്ടത്തൊന്നും ആരും ഇരുന്നില്ല. മുടിയിലിട്ട ദ്രവിച്ച റബ്ബർ ബാന്റ് കണ്ട് ദയ തോന്നി ആരോ അവൾക്കൊരു ‘മുടിയിൽ കുടുക്കി ‘ സമ്മാനിച്ചു.കഴുത്തിനും മുടിക്കുമിടയിലെ തണുത്ത കൂട്ടിപ്പിടുത്തം അലോസരപ്പെടുത്തിയപ്പോൾ അവളത് തിരിച്ചും കൊടുത്തു.
സ്വന്തം രചനകൾ അവതരിപ്പിക്കാനും മറ്റുള്ളവർ വിലയിരുത്തുന്നത് കേൾക്കാനും അവസരമുണ്ടായിരുന്നിട്ടും അതിനു തുനിയാതെ ചീമ കഥയും മുറുകെ പിടിച്ചിരുന്നു. ഉടൽ വേവുമ്പോൾ ചെന്നിരിക്കാനുള്ള മരുപ്പച്ചയാണ് അവൾക്കെഴുത്ത്.പ്രദർശിപ്പിച്ച് കൈയടി വാങ്ങാനും അതിന്റെ സ്വകാര്യത നഷ്ടപ്പെടുത്താനും മനസ്സ് വന്നില്ല. മാത്രവുമല്ല അവിടെ കേട്ട കഥകൾ മിക്കതും അവളുടെ ഗ്രാഹ്യശേഷിക്കപ്പുറമായിരുന്നു. അങ്ങനെയൊക്കെയാവാം എഴുതേണ്ടതെന്നൊരു ധാരണയും കയറിക്കൂടി. കാൾ മാർക്സിന് എഴുതാനുള്ള മൂലധനം ദാരിദ്ര്യവും പട്ടിണിയുമായിരുന്നെന്ന് വലിയൊരു സാഹിത്യകാരൻ പറഞ്ഞു കേട്ടു. തനിക്കത് കൂടാതെ ‘അറിവില്ലായ്മ ‘ എന്നൊരു ഘടകം കൂടി അധികമുണ്ടെന്നവൾ കരുതി. ഏറെ അറിവുണ്ടായിരുന്നെങ്കിൽ എഴുതാൻ ഭയപ്പെട്ടേനെ !
കഥ വായിക്കാനായി തയ്യാറെടുക്കുന്ന ഷിബുവിലാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ. മെലിഞ്ഞ് നീണ്ട ഊശാന്താടിക്കാരൻ പയ്യനെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ചീമ ശ്രദ്ധിച്ചിരുന്നു. അനവസരത്തിലുള്ള അവന്റെ ചില പ്രതികരണങ്ങൾ പലരെയും പ്രകോപിതരാക്കുന്നുണ്ടായിരുന്നു. ഒരു കഥ പോലും അവന്റെ ‘നല്ല ‘ വാക്ക് കേട്ടില്ല.” ഇതിലും ഭേദം എഴുതാതിരിക്കുന്നതല്ലേ ?” എന്നും ആരോടോ ചോദിക്കുന്നത് കേട്ടു. സാഹിത്യകാരന്മാർ ക്ലാസെടുക്കുമ്പോൾ ഇടയ്ക്ക് കയറി തർക്കുത്തരം പറഞ്ഞും എല്ലാവരിൽ നിന്നും അകന്നു മാറിയും ഇരുന്ന അവനോട് ചീമയ്ക്ക് ഒരടുപ്പം തോന്നി. വിടർന്ന ഒരു ചിരി കൊടുത്ത നിമിഷം തന്നെ തിരിച്ചു കിട്ടിയതും അവളെ സന്തോഷിപ്പിച്ചു. ‘അയ്യോ പാവം’ കോലത്തിലുള്ള ഒരു സാഹിത്യകാരിയെ പപ്പും പൂടയും പറിച്ചവൻ നിർത്തിപ്പൊരിച്ചപ്പോൾ അവൾ ചിരിക്കാതിരിക്കാൻ പാടുപെട്ടു.
” സമൂഹത്തിന് വേണ്ടിയാണ് എഴുതുന്നതെന്ന് നിങ്ങൾ പറഞ്ഞു. എഴുതിയത് പെട്ടെന്ന് പ്രസിദ്ധീകരിച്ചില്ലെങ്കിൽ ഖേദിക്കേണ്ടി വരുമെന്നും നിങ്ങൾ തന്നെ പറഞ്ഞു. സമൂഹത്തിന് വേണ്ടിയാണെങ്കിൽ ,അത് മറ്റാരെങ്കിലും ചെയ്താൽ ഖേദിക്കേണ്ട കാര്യമുണ്ടോ?”
ഇതുകൊണ്ടൊക്കെത്തന്നെ അവന്റെ കഥയെ കീറി മുറിക്കാൻ കണ്ണും കാതും കൂർപ്പിച്ചിരിക്കുകയാണ് എല്ലാവരും. ഇന്നാ പിടിച്ചോ എന്ന മട്ടിലാണ് ഷിബു തുടങ്ങിയതും.
കഥയുടെ പേര് ‘ഉടൽ വേവുന്ന ഗന്ധം’. നായകനായ എന്റെ പേര് പറയുന്നില്ല. നിങ്ങളെന്നെ മുള്ളെന്ന് വിളിച്ചോ ! വലിയൊരു മുള്ളിന്റെ മുരട്ടിൽ കിളിർത്ത കൊച്ചു മുള്ള്. കൂറ്റൻ മുള്ളിന്റെ കഥ കേട്ട് ഇഷ്ടം തോന്നി കൂടെ പോന്നവളാണ് അമ്മ.മുനയുള്ള ഒരു കഥ തന്നെയാണ് ജീവിതമെന്ന് അമ്മ മനസ്സിലാക്കി വന്നപ്പോഴേക്ക് അവരുടെ സ്നേഹപ്രകടനങ്ങളുടെ അനാവശ്യ ഉപോല്പന്നങ്ങളായി ഞാനും എന്റെ അനിയത്തിയും പിറവിയെടുത്തു കഴിഞ്ഞിരുന്നു. മിച്ചഭൂമിയിൽ സർക്കാർ ചെലവിൽ കെട്ടിപ്പൊക്കിയ കൂരയ്ക്കുള്ളിൽ അച്ഛന്റെ കഥകൾ കേട്ട് വയറു നിറച്ച് മൂന്ന് ജീവനുകൾ.ചില്ലറ കൂലിവേലകളും ആരുടെയൊക്കെയോ സഹായങ്ങളും തേടിപ്പിടിച്ച് അമ്മ പാഞ്ഞു നടന്നു. എങ്ങുനിന്നോ വന്നു പെട്ടൊരു വയസ്സൻ നായയും ‘പാച്ചൻ’ എന്ന പേര് സ്വീകരിച്ച് കൂടെക്കൂടി. വാർദ്ധക്യത്താൽ അവശനെങ്കിലും ഇടയ്ക്കും തലയ്ക്കും കുരച്ച് കാരണവരായി ഉമ്മറത്ത് അവനിരുന്നു.
പാച്ചൻ ചത്ത ദിവസം കുഴിച്ചുമൂടാൻ സ്ഥലം തിരഞ്ഞ് അമ്മ കുഴങ്ങി. തൂമ്പ കൊള്ളുന്നിടത്തെല്ലാം പാറപോലെ ഉറച്ച മണ്ണ്. സഹായത്തിനാണെങ്കിൽ വിളിച്ചാൽ കേൾക്കുന്നിടത്തൊന്നും ആരുമില്ല. കഥയുടെ ചെപ്പിനകത്ത് എഴുത്താണിയുമായിട്ടിരുന്ന അച്ഛൻ കഥകളൊന്നും അറിഞ്ഞതുമില്ല.അഴുകി നാറാൻ തുടങ്ങിയപ്പോൾ രണ്ടും കല്പിച്ച് അമ്മ പാച്ച ന് ചിത കൂട്ടി. അടുക്കി വെച്ച വിറകു മെത്തയിലേക്ക് പാച്ചനെ എടുത്തു കിടത്തിയപ്പോൾ ഞാനും അനിയത്തിയും വാവിട്ടു കരഞ്ഞു. അവന്റെ ഉടൽവെന്ത മണം അമ്മയുടെ തലച്ചോറിലെ ചില പ്രത്യേക കോശങ്ങളെ ഉത്തേജിപ്പിച്ചത് ഞങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവായി മാറി. മനുഷ്യന് ചിതയൊരുക്കാനും അത്ര ബുദ്ധിമുട്ടൊന്നുമില്ലെന്ന് അമ്മ പതുക്കെ പഠിച്ചെടുത്തു. വലിയ മുതൽ മുടക്കില്ലാതെ ജീവിച്ച് പോകാനുള്ള മാർഗമാണ് തെളിഞ്ഞു വന്നത്. ഉടൽ വെന്ത മണത്തിന്റെ അകമ്പടിയോടെ ഞങ്ങളുടെ വയറ് നിറയാൻ തുടങ്ങി. തലയോട്ടി പൊട്ടുന്ന ശബ്ദമൊക്കെ പതിയെപ്പതിയെ പരിചിതമായി. ജഡം തീയിലിട്ട് കുത്തിയും ഇളക്കിയും അമ്മ ക്ഷീണിക്കുമ്പോൾ ഇടയ്ക്കൊക്കെ ഞാനും സഹായത്തിനിറങ്ങി. കഥ വരുന്ന വഴിയിൽ പുതിയ ഗന്ധം തടസ്സമായപ്പോൾ അച്ഛൻ കഥച്ചെപ്പുമെടുത്ത് ഇറങ്ങിപ്പോയി. ഒരാൾക്കുള്ള അരി കുറച്ചിട്ടാൽ മതിയല്ലോ എന്ന് അമ്മയുടെ ആത്മഗതം.
കഥയുടെ ഒരു വിത്ത് എന്നിൽ വീണ് മുളച്ചുതുടങ്ങിയത് അച്ഛൻ പോയതിന് ശേഷമാണ്.അത്ര പെട്ടെന്ന് നുള്ളിയെടുക്കാൻ സാധിക്കാത്ത ഒരു കരുത്ത് അതിനുണ്ടെന്ന് കണ്ട് അമ്മ ഭയന്നു. കഥകൾ വായിച്ച് ‘അച്ഛന്റെ മകൻ തന്നെ ‘ എന്നെല്ലാവരും പ്രശംസിച്ചപ്പോൾ ആ ഭയം ഏറിവരികയായിരുന്നു. ഒരു ദിവസം രാത്രി അമ്മ എന്റെ മുറിയിലേക്ക് കയറി വന്നു. കഥകളോരോന്നും മറിച്ചു നോക്കിക്കൊണ്ടിരുന്നു.
‘ഇതിലൊന്നും ഉടൽ വേവുന്ന ഗന്ധമില്ലല്ലോ!’
എന്റെ ചുളിഞ്ഞ പുരിക്കക്കൊടികൾക്കു താഴെ മിഴിച്ച കണ്ണുകളിലേക്കവർ സൂക്ഷിച്ചു നോക്കി.
” പെണ്ണുടൽ വേവുന്ന ഗന്ധമില്ലാതെ എന്തു കഥ? ഇന്നേ വരെ ആരും ഭാവനയിൽ പോലും കണ്ടിട്ടില്ലാത്ത വിധം കുത്തിയിളക്കി വേവിക്കണം. തിരിച്ചും മറിച്ചും ഇട്ട്. കരിഞ്ഞു തുടങ്ങീട്ടേ നിർത്താവൂ. ഭാവിയിൽ അതേ അനുഭവം നിന്റെ അനിയത്തിക്ക് വന്നാൽ പോലും പതറരുത്.. കഥ കാലത്തിന് മുൻപേ സഞ്ചരിച്ചിരിക്കുന്നുവെന്ന് ഊറ്റം കൊള്ളണം. സ്വയം വെളിച്ചപ്പെടണം. എന്നാലേ നിന്നെ ജനം സ്വീകരിക്കൂ. അല്ലാതെ ഇമ്മാതിരി സന്മാർഗ കഥകളൊക്കെ ആര് വായിക്കാൻ! “
അമ്മ മുറിയിൽ നിന്നിറങ്ങിപ്പോയിട്ടും ഞാൻ കുറേ നേരം അനങ്ങാതിരുന്നു. ഒടുവിൽ തീരുമാനിച്ചു.
ആ രാത്രി അവസാനിച്ചത് എന്റെ കഥകൾ കരിഞ്ഞ മണത്തോടൊപ്പമായിരുന്നു. മുള്ളു കൊഴിഞ്ഞാൽ ആർക്കാണ് ചേതം!
ചില മുള്ളുകളൊക്കെ കൊഴിയേണ്ടവ തന്നെ.
പറഞ്ഞവസാനിപ്പിച്ച മട്ടിൽ ഷിബു എഴുന്നേറ്റു. കഥയോ കാര്യമോയെന്ന അമ്പരപ്പുകൾക്കിടയിലൂടെ തലയുയർത്തി പുറത്തേക്ക് നടന്നു നീങ്ങി. ഒരിക്കൽ പോലും തിരിഞ്ഞു നോക്കാതെ..
അവന്റെ അസാന്നിദ്ധ്യത്തിലും കഥയെ പോസ്റ്റ്മോർട്ടം ചെയ്ത് കാമ്പില്ലെന്ന് കണ്ടെത്താനുള്ള വെമ്പലായി പിന്നീട്.
”ഇതെന്തോന്ന് കഥ. അവന് പറയാനുള്ളതൊക്കെ തോന്നിയ മട്ടിൽ എഴുതി വെച്ചാൽ കഥയാവോ? “
കഥ കേട്ട് പൊള്ളിയ സാഹിത്യത്തിന്റെ ഉള്ള് വേവാത്ത വേവലാതികൾ പരസ്പരം വിളമ്പി അവർ സ്വയം തണുക്കാനുള്ള വഴികൾ തേടി.
ചീമ മാത്രം തലയും കുമ്പിട്ട് മിണ്ടാതിരുന്നു. ഷിബുവിന്റെ കഥയിൽ നിന്നിറങ്ങി വന്ന ഗന്ധം അവളുടെ ഓർമകളിലേക്കാഴ്ന്നിറങ്ങി സുഖകരമല്ലാത്ത പലതിനെയും വലിച്ച് പുറത്തിട്ടു കൊണ്ടിരുന്നു. അവയ്ക്കും ഉടൽ വെന്ത് കരിഞ്ഞ ഗന്ധമായിരുന്നു. അക്ഷരങ്ങളെ പിൻതുടരാൻ തുടങ്ങിയപ്പോൾ മുതൽ വിട്ടകന്ന ആ ഗന്ധം തിരിച്ചെത്തി അവളെ വലിച്ചിഴയ്ക്കാൻ തുടങ്ങി. ആ ഗന്ധത്തോടൊപ്പം നിസ്സഹായയായി ഉടലില്ലാതെ അവൾ കാട്ടിലെത്തി. അവിടെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പുറകിലേക്ക് പിടിച്ചുകെട്ടിയ കൈകളുമായി പതിനേഴു വയസ്സിന്റെ നിഷ്കളങ്കതയുമായി കുഞ്ഞു ചീമ! കാടും കാട്ടുമക്കളും സംരക്ഷിക്കപ്പെടേണ്ട കൈകളാൽ അവളുടെ ഉടൽ മിനുപ്പുകൾ ഞെരിഞ്ഞമരുന്നു. വേദന കടിച്ചമർത്തി കണ്ണുകളടച്ച് അവൾ ഞെളിപിരി കൊള്ളുന്നു. പൊടുന്നനെ നിശ്ചലമായ ആക്രമണത്തിൽ ആശ്വാസം പൂണ്ട് അവൾ കണ്ണ് മിഴിക്കുന്നു. കാക്കിയിട്ടവനെ കൈകൾ മുകളിലേക്കുയർത്തിയ നിലയിൽ തോക്കിൻ മുനയിൽ നിർത്തിയ താടിക്കാരനെ കാണുന്നു. ആ താടിക്കാരനെ ചീമ അന്നാദ്യമായല്ല കാണുന്നത്. കാട്ടിൽ തമ്പടിച്ച അവന്റെ കൂട്ടത്തെ കണ്ട് അവൾ എത്രയോ തവണ ഭയന്നോടിയിട്ടുണ്ട്.
ദു:സ്വപ്നങ്ങളിൽ തോക്കേന്തിയവൻ ഒരു വില്ലനായി അവതരിച്ചിട്ടുണ്ട്. അരുവിയിലെ വെള്ളം മോന്തി ക്ഷീണമകറ്റിയ അവളുടെ മുന്നിലേക്ക് ഭക്ഷണപ്പൊതി നീട്ടിയാണവൻ ആ ഭയമകറ്റിയത്.ഇപ്പോൾ രക്ഷകന്റെ വേഷമിട്ടിരിക്കുന്ന അവനെ ചീമ അമ്പരപ്പോടെ നോക്കി.
” ഓടിക്കോ ” എന്നവൻ കണ്ണുകൾ കൊണ്ട് പറഞ്ഞപ്പോൾ ജീവനും കൊണ്ടോടുകയായിരുന്നു അവൾ. കാടിനെ നടുക്കിയ വെടിയൊച്ചയിലേക്ക് മടങ്ങിയ കണ്ണുകളെ അവൾക്ക് വിശ്വസിക്കാനായില്ല. ചീമ സുരക്ഷിതമായ അകലത്തിലെത്തിയോ എന്നവൻ തിരിഞ്ഞു നോക്കിയ തക്കത്തിന് ആ ദുഷ്ടൻ തോക്ക് തട്ടിയെടുത്തതാവാം. അലറിക്കരഞ്ഞ ചീമയുടെ വായ മൂടിക്കെട്ടി കാടും കാട്ടുമക്കളും ഭയന്നു നിന്നു.
”ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഭീകരന് നേരെ വനപാലകൻ നിറയൊഴിച്ചു “
പിറ്റേന്നത്തെ പത്രങ്ങൾ എഴുതിപ്പിടിപ്പിച്ചത് വായിക്കാനുള്ള അക്ഷരജ്ഞാനം അന്ന് ചീമയ്ക്കില്ലാതെ പോയി.വെടിയേറ്റു വെന്ത മാംസ ഗന്ധത്തിൽ നിന്നും ഓടിയൊളിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീടെല്ലാം.
ഇപ്പോഴിതാ വീണ്ടുമത് തലച്ചോറിന്റെ മടക്കുകളിലെല്ലാം വ്യാപിച്ച് വിങ്ങുന്നു. ചുറ്റുമിരിക്കുന്നവരെല്ലാം ആ ഗന്ധത്തിന്റെ ഉറവ തേടി തന്നിലേക്കടുത്തു കൊണ്ടിരിക്കുന്നതായി അവൾക്ക് തോന്നി. ഇല്ല… അടുത്ത കഥയ്ക്ക് കോപ്പുകൂട്ടാൻ ഉടൽ വിട്ട് തരില്ല….
ചീമ എഴുന്നേറ്റ് ഷിബു നടന്ന് നീങ്ങിയ വഴിയിലൂടെ പതുക്കെ നടന്നു തുടങ്ങി.