രജേഷ് കെ.കെ
“അടുത്തത് ഉത്ഘാടന പ്രസംഗമാണ് “
ഇടത്തും വലത്തും ജനലിൽ കെട്ടിയ കോളാമ്പിയിലൂടെ കഥാകൃത്തിന്റെ പേര് പൊട്ടിയൊഴുകി.സ്കൂളിലെ സാഹിത്യ വേദിയുടെ ഉത്ഘാടനമാണ്. ഓടുമാറ്റി ഷീറ്റിട്ടെങ്കിലും പഴയ സ്കൂളുതന്നെയാണ് രംഗം.എട്ടാം ക്ലാസ്സിൽ രണ്ടാംവർഷവും പൂർത്തിയാക്കിയ ക്ലാസ്സാണ് വേദി. അതേ ബഞ്ച് അതേ ഡസ്ക് . അന്ന് രമണിയുടെ പേരു കൊത്തിവച്ച ബഞ്ചാണ് മുൻ നിരയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. രമണി ഇന്ന് ക്ലാസ്സിലെ അധ്യാപികയാണ്. വർഷം ഇരുപത് കഴിഞ്ഞു ഒൻപതു കടക്കാത്തതു കൊണ്ടു പത്തിൽ തോറ്റില്ല. അതോടെ പഠിപ്പു തീർന്നു.
ഭാഗം കിട്ടിയ രണ്ടേക്കർ തരിശ്ശിൽ വിത്തെറിഞ്ഞു. പയറ്, വെണ്ട, മത്തൻ. അത് കഷ്ടി പാസ്സായി. നഷ്ടം വന്നില്ല. അടുത്തത് വാഴക്കൃഷിയാക്കി. അപ്പോൾ അപ്പനോട് നാട്ടുകാരുപറഞ്ഞു “നേരത്തേ ചെയ്യേണ്ടതായിരുന്നു…!” പക്ഷേ കൃഷി ലാഭമായിരുന്നു. പിന്നെ മണ്ണിനെ പൊന്നാക്കാൻ കണ്ണും പൂട്ടിയങ്ങിറങ്ങി.
കൂടെ പഠിച്ചവർ ഉദ്യോഗസ്ഥരായി. ചിലര് വിദേശത്തു പോയി. മറ്റു ജോലികൾ ചെയ്തു ബിസിനസ്സുകാരായി. വിവാഹം കഴിച്ചു കുട്ടികളായി. കഥാകൃത്തിന്റെ അപ്പൻ അലോചനകളുമായി നാടുനീളെ നടന്നു. പത്തിൽ തോൽക്കാത്ത കൃഷിക്കാരന് പൊന്തൻ കായക്കുള്ളത്ര ഡിമാന്റ് കമ്പോളത്തിലില്ലാ എന്ന സത്യം അപ്പോഴാണ് അറിയുന്നത്. മകൻ പെണ്ണുകെട്ടിക്കാണാൻ യോഗമില്ലാത്ത അപ്പൻ നാടുനീങ്ങി.
കൃഷി കൊണ്ട് കഥാകൃത്തിന് വീടായി സൗകര്യമായി പക്ഷേ പെണ്ണായില്ല. പത്തു കടക്കാതെ പ്യൂൺ ജോലി കിട്ടാനും വഴിയില്ല. അങ്ങനെ ഇരിക്കുമ്പോളാണ് പത്രത്തിൽ “ചെറുകഥ അവാർഡിനു ക്ഷണിക്കുന്നു” എന്നു കാണുന്നത്. ഒരോ ക്ലാസ്സും ഒന്നും രണ്ടും കൊല്ലം തറവായി പഠിച്ചതുകൊണ്ട് മലയാളം കഷ്ടി എഴുതാനും വായിക്കാനുമറിയാം.
അന്നു രാത്രി അത്താഴമുണ്ട് കിടന്നു. പക്ഷേ ഉറക്കം വരുന്നില്ല. ബീഡി വലിച്ചു നോക്കി ഇല്ല. വെള്ളം കുടിച്ചു. ഇല്ല ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ ചെറുകഥയേക്കുറിച്ച് ഓർമ്മ വന്നു.
മേശപ്പുറത്തിരുന്ന പറ്റു ബുക്കിന്റെ പുറംവശത്ത് കഥ എഴുതാനാരംഭിച്ചു. എഴുതി എഴുതി നേരം വെളിച്ചമായപ്പോൾ കഥ എഴുത്ത് അവിടെ നിർത്തി. അതോടെ കഥ അവസാനിച്ചു.
ഫാക്റ്റംഫോസ് വാങ്ങാൻ ചന്തയ്ക്കു പോയപ്പോൾ കഥയെ കവറിലാക്കി അവാർഡിന് യാത്രയാക്കി.
വാഴ കൂമ്പെടുത്തപ്പോൾ അയച്ച കഥ കുല വെട്ടാറായപ്പോൾ അവാർഡുമായി തിരിച്ചു വന്നു.അങ്ങനെ പത്ത് തോൽക്കാത്തവൻ നാടറിഞ്ഞ കഥാകൃത്തായി.
നാടുനീളെ തോരണങ്ങൾ കെട്ടി നാട്ടുകാർ അഘോഷമാക്കി. ആഴ്ചയിൽ മൂന്നുവട്ടം ക്ലാസ്സിനു വെളിയിൽ നിർത്തുന്ന മലയാളം സർ അദ്ധ്യക്ഷ പ്രസംഗത്തിന്റെ നാലുവാല്യം കഥാകൃത്തിനു വേണ്ടി മാറ്റിവച്ചു. ” ടിയാന്റെ ആദ്യ കഥ ഏട്ടാം ക്ലാസ്സിലെ ക്രസ്തുമസ്സ് പരീക്ഷക്കാണ് പിറക്കുന്നത്. ” പേപ്പർ നോക്കിയ സാർ കരഞ്ഞു പോയത്രേ! അത്ര ഹൃദയസ്പർശിയായിരുന്നു കഥ.
രമണി ടീച്ചർ ക്ലാസ്സ് മുറിയുടെ ചുവരും ചാരി നിൽക്കുകയാണ്. സർക്കാർ സ്കൂളിൽ ടീച്ചറായിട്ടേ വിവാഹം കഴിക്കൂ എന്ന വാശി കൊണ്ട് പ്രായം മുപ്പത്തിമൂന്നുകടന്ന രമണി കഥാകൃത്തിന്റെ കൈയ്യെഴുത്തു പ്രതിയിലേയ്ക്കു നോക്കി . “രമണി ഐ ലവ് യൂ “. ഡസ്ക്കിന്റെ മൂലയ്ക്ക് കോമ്പസ്സുകൊണ്ട് കോറിയിട്ട ലൗ ചിഹ്നം ടീച്ചറിന്റെ ഹൃദയത്തിൽ വരച്ചതു പോലെ കിടന്നു. .
ഉത്ഘാടന പ്രസംഗത്തിന് കഥാകൃത്ത് എഴുന്നേറ്റു. മുന്നിൽ കൂടി നിൽക്കുന്ന വിദ്യാർത്ഥികളെ നോക്കി കഥാകൃത്ത് ചിരിച്ചു.