കിനാവ്
മലവെള്ളം
അതിർത്തികൾ ഭേദിച്ചെത്തിയിട്ടുണ്ട്
അകത്തളത്തിൽ
നാലരവയസ്സുകാരൻ
കട്ടിലിലിരുന്നു
തോണിയിറക്കാൻ ശ്രമിക്കുകയായിരുന്നു
ആറാം ക്ലാസിൽ പഠിക്കുന്ന
ഉമ്മുക്കുത്സുവപ്പോൾ
വീഡിയോ കോളിൽ
മരുഭൂമിയിലെ ഉപ്പയ്ക്ക്
ആദ്യവിരുന്നെത്തിയ
മടക്കിമലവെള്ളത്തെ
കാണിക്കുകയായിരുന്നു
മുറ്റത്ത് ഇടത്തെക്കോണിലെ മൈലാഞ്ചിയപ്പോൾ
മൂക്കോളം
വെള്ളത്തിനടിയിലായിരുന്നു.
അന്നുരാത്രി
ആധിയിലാണവൻ കിടന്നത്
ഉറക്കത്തിൽ ഹൃദയം
നിലച്ചുപോയപ്പോഴാണു
ഉമ്മറപ്പടിയിൽ കാവൽനിന്ന
മലവെള്ളം തിരിച്ചിറങ്ങിയത്
ഉമ്മുകുത്സു ഖുറാൻ
ഓതുകയാണു
ഉപ്പയുടെ ആത്മശാന്തിക്കായി
ആരും കാണാതെ
ചിലതുള്ളികൾ
പിടിവിട്ടു താളുകളിൽ
ലയിച്ചു ചേരുന്നുമുണ്ട്.
ഉമ്മ ഒന്നുവിങ്ങാനാകാതെ
വിമാനത്തിനായ്
കാതോർക്കുകയാണ്
ഇനിയൊന്നും മിണ്ടാത്ത
പ്രിയതമന്റെ വരവിനായി.
നാലരവയസ്സുകാരൻ
വിളിക്കാതെയെത്തിയെ
അപരിചിതർക്കിടയിലൂടെ
കളിച്ചുനടക്കുകയാണ്.
കലങ്ങിമറിഞ്ഞ
കണ്ണുമായ് പുഴയപ്പോൾ
ഒഴുക്കുതുടരുകയാണ്
എന്തോ പറയാൻ
മറന്നപോലെ