പ്രിയ സുനിൽ
വിരൽ കൊണ്ടുള്ള അമർത്തി വരയിൽ തുടർച്ച നഷ്ടപ്പെട്ട് അൽപ നേരം ചുറ്റിത്തിരിഞ്ഞ ഉറുമ്പിൻ കൂട്ടം വരി വീണ്ടെടുത്ത് യാത്ര തുടർന്നു. ഫിറമോണുകളെക്കുറിച്ച് സയൻസ് ക്ലാസിൽ നിന്നറിഞ്ഞ ദിവസം വീട്ടിലെത്തി ഉറുമ്പുകളെ വഴിതെറ്റിച്ച അപ്പർ പ്രൈമറിക്കാരി , എന്റെയുള്ളിലിരുന്ന് വിരൽ നീട്ടിക്കൊണ്ടിരുന്നു. എത്ര തന്നെ വഴിതെറ്റിക്കാൻ ശ്രമിച്ചാലും , വരിക്കിടയിൽ നിന്ന് ആരെയൊക്കെ തളളിത്താഴെയിട്ടാലും ഇത്തിരി നേരത്തെ അന്ധാളിപ്പിനൊടുവിൽ തുടർച്ച വീണ്ടെടുക്കുമവർ !
മുപ്പത്തിരണ്ടാം വയസ്സിൽ ഉറുമ്പുകളെ വഴിതെറ്റിച്ച് കളിക്കാൻ ലിഖ വിശ്വനാഥൻ ഒരു പൊട്ടിപ്പെണ്ണൊന്നുമല്ല. എൻറമോളജി ഐച്ഛിക വിഷയമായെടുത്ത് എം. എസ്. സി പൂർത്തിയാക്കിയത് ഷഡ്പദങ്ങളോടുള്ള താത്പര്യം കൊണ്ടുമായിരുന്നില്ല.ജന്തുശാസ്ത്രബിരുദക്കാരിക്ക് പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്യാൻ തൊട്ടടുത്ത കോളേജിൽ മറ്റൊരോപ്ഷൻ ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. ബി.എഡും സെറ്റും പാസ്സായി വെറ്റിനറി ഡോക്ടർ വിശ്വനാഥന്റെ ഭാര്യയുമായി. ചോദിച്ച കാശും കൊടുത്ത് എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളിൽ ജോലിയും നേടിയപ്പോൾ ഇനിയൊരു പഠനം ജീവിതത്തിലുണ്ടാവുമെന്ന് പ്രതീക്ഷിച്ചതല്ല.
വർഷങ്ങൾക്ക് ശേഷം വീണ്ടും ഷഡ്പദങ്ങളിലേക്ക് , പ്രത്യേകിച്ച് ഉറുമ്പുകളിലേക്ക് മടങ്ങി വരാനുണ്ടായ കാരണമാണ് പറഞ്ഞു വരുന്നത്. അതങ്ങനെ ചാടിക്കയറി പറഞ്ഞാൽ കേൾക്കുന്നവന് ഒന്നും പിടികിട്ടില്ലെന്നുറപ്പുള്ളതിനാൽ അൽപം വലിച്ചു നീട്ടിത്തന്നെ പറയാം.
വീട്ടിൽ നിന്ന് സ്കൂളിലേക്കും തിരിച്ചുമാ യി ജീവിതം ഓടിക്കൊണ്ടിരിക്കേ ,ഈ നേർരേഖാ സഞ്ചാരത്തിന്റെ വിരസതയകറ്റാനായി ഞാനൊരിടത്താവളം ഒപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു. വീട്ടിലേക്കുള്ള ഇത്തിരി ദൂര ട്രെയ്ൻ യാത്രയ്ക്കിടയിൽ ഒഴിഞ്ഞൊരു കോണിൽ സീറ്റും തരപ്പെടുത്തിക്കഴിഞ്ഞാൽ പിന്നെ വീഡിയോ ചാറ്റിംഗായി.കണ്ണിൽക്കണ്ണിൽ നോക്കി 'മൗനം പോലും മധുരം' എന്ന് മൂളി അടിവയറ്റിലൊരിക്കിളി പുറപ്പെട്ടു വരുമ്പോഴേക്കും ഇറങ്ങാനുള്ള സമയമായിട്ടുണ്ടാവും. അടിമുടി തളിർത്തു കൊണ്ടുള്ള മടങ്ങിവരവിൽ വീട്ടിൽ ചെയ്തു തീർക്കാനുള്ള ജോലികളോ ആറുവയസ്സുകാരന്റെ കുസൃതികളോ ഒന്നും ഒരു വിഷയമേയാവാറില്ല. പഠിക്കുന്ന കാലത്ത് ട്രിഗണോമെട്രി ഒരു കീറാമുട്ടിയായിരുന്നെങ്കിലും ജീവിതത്തിലെ ത്രികോണക്കളിയിൽ എനിക്കിന്നേവരെ ചുവടു പിഴച്ചിട്ടില്ല.
ഒഴിവു ദിവസങ്ങളിൽ ഈ മൂന്നാം കോണിലേക്കുള്ള സഞ്ചാരം ഇത്തിരി നീളം കൂടിയതായിരിക്കുമെന്നതിനാൽ ആ സമയത്ത് വരുന്ന ഫോൺ കോളുകളൊന്നും ഞാൻ സ്വീകരിക്കാറില്ല. ഒരിക്കൽ ചാറ്റിംഗ് നിർത്തി എഴുന്നേറ്റപ്പോൾ മൂന്ന് മിസ്ഡ് കോളുകൾ ചാഞ്ഞും ചരിഞ്ഞും നോക്കിയെങ്കിലും ഞാൻ കണ്ടതായി ഭാവിച്ചില്ല. ആവശ്യക്കാർ വീണ്ടും വിളിക്കട്ടെ.അങ്ങനെ ചിന്തിച്ചതിന്റെ തൊട്ടടുത്ത നിമിഷം എനിക്കൊട്ടും ഇഷ്ടമല്ലാത്തൊരു കാര്യം സംഭവിച്ചു.ആരോ എന്നെ പുതിയൊരു വാട്സാപ്പ് ഗ്രൂപ്പിൽ പിടിച്ചിട്ടു. സാധാരണ ചെയ്യാറുള്ളതുപോലെ തന്നെ ഗ്രൂപ്പേതാണെന്നു പോലും നോക്കാതെ പിൻവാതിൽ തിരഞ്ഞോടി. ഇറങ്ങിയോടലും പിടിച്ചു കയറ്റലും മൂന്നു തവണ ആവർത്തിച്ചപ്പോഴാണ് 'ഇതേതാപ്പാ ഈ പുലിമട ' എന്നൊരാകാംക്ഷ എനിക്കുണ്ടായത്. അല്പം മുൻപ് വന്ന മിസ് കോളിന്റെ ഉടമ തന്നെയാണ് ഗ്രൂപ്പിന്റെയും 'മുതലാളി'. ഡിഗ്രി ബാച്ചിന്റെ കൂട്ടായ്മയാണ്. രക്ഷപ്പെടാനുള്ള വഴി തേടി അഡ്മിനെ നേരിട്ട് സമീപിച്ചു.
”ഹാഷിം, ഒന്നും വിചാരിക്കല്ലേ ഒരുപാട് ഗ്രൂപ്പുകളുള്ള കാരണം ഫോൺ ഹാംഗാവുന്നു. പ്ലീസ് റിമൂവ് മി. “
” ഈ ഗ്രൂപ്പോണ്ട് അന്റെ ഫോൺ ഹാംഗാവാണെങ്കി അങ്ങട് സഹിച്ചാളാ. ഓൾടെ ഒര് ജാഡ. ഒന്നു പോടീ കടുകേ!”
മുൻശുണ്ഠി എനിക്ക് സമ്മാനിച്ചിരുന്ന ഇരട്ടപ്പേര് ചേർത്താണവന്റെ മറുപടി.ഇവനിതൊന്നും മറന്നില്ലേ !
വർഷങ്ങളുടെ ഇടവേള പ്രകടമാവാത്ത ചാറ്റുകളിൽ ഇഴുകിച്ചേരാനാവാതെ ,അഥവാ അതിന് ശ്രമിക്കാതെ മൗനിയായി ഞാനവിടെ തുടർന്നു. കുറേക്കഴിയുമ്പോൾ ഹാഷിം തന്നെ എന്നെ പിടിച്ച് പുറത്താക്കിക്കോളുമെന്നായിരുന്നു വിചാരം. ഇടയ്ക്കെപ്പോഴോ ഗ്രൂപ്പിൽ വരുന്ന മെസ്സേജുകൾ ശ്രദ്ധിച്ചപ്പോഴാണറിയുന്നത് പഠനത്തിൽ എന്നേക്കാൾ പുറകിലായിരുന്ന പലരും പി.എച്ച്.ഡി പൂർത്തിയാക്കിയിരിക്കുന്നു എന്ന്. ഡോക്ടർ ചേർത്തുള്ള യൂസർ നേ മുകൾ വല്ലാതെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. പണിതു കൊണ്ടിരിക്കുന്ന വമ്പൻ വീടുകൾക്കു മുന്നിൽ ‘കരിങ്കണ്ണാ നോക്ക് ‘ എന്നെഴുതി വയ്ക്കുന്നതു പോലെ ഒരസൂയ ക്ഷണിക്കൽ ഈ ഡോക്ടറെഴുത്തിനു പിന്നിലും ഇല്ലേയെന്നൊരു തോന്നൽ. അന്നേ വരെ ഉണ്ടായിട്ടില്ലാത്തൊരു മോഹം മനസ്സിൽ വീണ് വേരുകളാഴ്ത്തി.
പകൽ മുഴുവൻ നാൽക്കാലികളോട് മല്ലിട്ട് രാത്രി നാലുകാലുകളിൽ മല്ലിടുന്നയാളോട് ഈ മോഹം ഞാനന്നേരം തന്നെയങ്ങ് പറഞ്ഞുവെച്ചു. ചില കാര്യങ്ങൾക്കൊക്കെ വേഗത്തിൽ അനുമതി കിട്ടാൻ ഈ ‘നേരം’ അത്യുത്തമമാണെന്ന് അനുഭവത്തിലൂടെ അറിയാം.
എൻട്രൻസ് ജയിച്ചു കയറുന്നതിനേക്കാൾ പ്രയാസപ്പെട്ടത് യൂണിവേഴ്സിറ്റി അംഗീകരിച്ച ഒരു വഴികാട്ടിയെ കിട്ടാനാണ്.
“ഇതൊക്കെ പി.ജി കഴിഞ്ഞയുടനെ ചെയ്യേണ്ടതായിരുന്നു. നെറ്റ് എഴുതി ജെ.ആർ എഫ് കിട്ടിയിരുന്നെങ്കിൽ യൂണിവേഴ്സിറ്റി ഇങ്ങോട്ട് അപ്രോച്ച് ചെയ്തേനെ.ഇതിപ്പോ ഗൈഡാവാൻ വില്ലിംഗായ ഒരാളെ കിട്ടണ്ടേ?”
ഇഷ്ടക്കേട് പ്രകടമാക്കിയെങ്കിലും വിശ്വേട്ടൻ തന്നെയാണ് രാജേന്ദ്രനാഥിനെ കണ്ടെത്തിത്തന്നത്. എന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ വിശ്വേട്ടനോട് മാത്രം കാര്യങ്ങൾ സംസാരിക്കുന്ന ഗൗരവക്കാരന്റെ മേൽനോട്ടത്തിൽ , ഗവേഷണം പൂർത്തിയ ക്കുന്ന കാര്യം ആലോചിച്ചപ്പോൾ തന്നെ തൊണ്ട വരണ്ടു.
” അയാളൊരു മാന്യനാണെന്നേ ,അല്ലേലും ഈ ബുദ്ധിജീവികൾക്കൊന്നും പെണ്ണുങ്ങളെ അത്ര പിടിക്കൂല്ല.അതോണ്ടെന്താ വിശ്വസിച്ച് നിന്നെയിങ്ങോട്ട് പറഞ്ഞു വിടാലോ!”
തിരിച്ചു പോരുന്ന വഴിയിൽ വിശ്വേട്ടനൊരു ശരാശരിക്കാരൻ ഭർത്താവായി.
എൻറമോളജിയിൽ പി.ജി കഴിഞ്ഞയാൾക്ക് ആ വഴിക്ക് തന്നെയുള്ള തുടർപഠനമായിരിക്കും നല്ലതെന്നാണ് രാജേന്ദ്രൻ സാറിന്റെ അഭിപ്രായം. അങ്ങനെയെങ്കിൽ ഉറുമ്പുകളെക്കുറിച്ചൊരു ഗവേഷണം ആയാലെന്താണെന്ന് ചിന്തിച്ചു. ഷഡ്പദങ്ങളുടെ കൂട്ടത്തിൽ സങ്കീർണതകളേറെയുള്ള കോളനികളിൽ നിഗൂഢതകളിനിയും ബാക്കിയുണ്ടാവില്ലേ? മുട്ടയിടാൻ മാത്രം നിയോഗിക്കപ്പെട്ട രാജ്ഞിയെ പെൺവർഗത്തിൽ തന്നെയുള്ള ജോലിക്കാർ തീറ്റിപ്പോറ്റുന്നു.
”ഓളവിടെ സുഖിച്ച് കഴിയ്യാ. ഞങ്ങള് ങ്ങനെ പണിട്ക്ക്വാ.” ഒരിക്കൽ പോലും അവരിങ്ങനെ ചിന്തിക്കുന്നില്ലല്ലോ. കൂട്ടിനുള്ളിൽ ചുറ്റിത്തിരിയുകയും അവിടവിടെ കൂട്ടം കൂടി നിൽക്കുകയും ചെയ്യുന്ന ചില ജോലിക്കാരും ഉണ്ടത്രേ.അവരനുഷ്ഠിക്കുന്ന ധർമം എന്താണെന്ന് ശാസ്ത്രജ്ഞന്മാർ ഇതുവരെ കണ്ടെത്തിയിട്ടില്ല പോലും!
” പെണ്ണുങ്ങളല്ലേ ഇനി പരദൂഷണം വല്ലോമായിരിക്ക്വോ?”
വിശ്വേട്ടന്റെ ചിരി കണ്ട് ഞാനൊന്ന് കണ്ണുരുട്ടി.
ഉറുമ്പുകൂട്ടത്തെ നോക്കി ഗവേഷണത്തെക്കുറിച്ച് ചിന്തിച്ചിരിക്കുമ്പോഴാണ് ഖമറുവിന്റെ വിളി വന്നത്. എടുക്കാതിരുന്നാലോ എന്നാലോചിക്കും മുൻപേ വിരലുകൾ വിളി തോണ്ടിയെടുത്തു.ഉച്ചയ്ക്ക് അവളുടെ വീട്ടിലെത്തണമെന്ന് കല്പന.ഡിഗ്രി ബാച്ചിന്റെ ഗെറ്റ്ടുഗെദർ! ആസ്ട്രേലിയയിലും ഗൾഫിലും മേഞ്ഞു നടക്കുന്നവരൊക്കെ കൂടണഞ്ഞ സമയമാണത്രേ. നാട്ടിൽ തന്നെയുള്ള ഞാൻ ചെല്ലാതിരുന്നാൽ അവൾ വന്ന് പിടിച്ച് കെട്ടിക്കൊണ്ടു പോവുമെന്ന് ഭീഷണിയും. അവിടെയെത്തി സൗഹൃദത്തിന്റെ ഊഷ്മളതയിലേക്ക് പതിയെ അലിഞ്ഞു ചേരാൻ തുടങ്ങുമ്പോഴാണ് മൂന്നാം കോണിൽ നിന്നുള്ള നിശ്ശബ്ദ സന്ദേശം എന്റെ ഫോണിനെ വിറകൊള്ളിച്ചത്.
” മിസ് യു ഡിയർ, വേഗം വാ ഞാൻ ലൈനിലുണ്ട്” .
പൊക്കിളിന് താഴെ നിന്നും ഒരു തരിപ്പ് ഊർന്നിറങ്ങി ഇക്കിളി കൂട്ടി. രണ്ട് ദിവസമായി നവീൻ ലൈനിൽ വരാത്തതിന്റെ ഒരു വിഷമം ഉള്ളിലുണ്ടായിരുന്നു. എല്ലാം ഇട്ടെറിഞ്ഞ് ഇറങ്ങി ഓടാനൊരു വെമ്പൽ !
” ലിഖേ ഒരു പാട്ട് പാടെടീ…. കഭീ കഭീ മതിട്ടോ. കേൾക്കാൻ കൊതിയായിട്ടാ പെണ്ണേ”.
ഖമറു മൂക്ക് പിടിച്ച് വലിച്ചപ്പോൾ വല്ലാതെ നൊന്തു. ശീലങ്ങളും ഓർമകളുമൊന്നും പഴകിയിട്ടില്ല ഇവർക്കാർക്കും.
കുറേ നാളായി പാടാതിരിക്കുന്നതു കൊണ്ട് തൊണ്ട വഴങ്ങില്ലെന്ന് കള്ളം പറഞ്ഞ് തടിയൂരിയപ്പോൾ ഹാഷിമെന്നെ കൂർപ്പിച്ചൊന്ന് നോക്കി. ഇക്കഴിഞ്ഞ ആന്വൽ ഡേയ്ക്ക് സ്കൂളിൽ പാടിയ പാട്ട് അവൻ കേട്ടിരുന്നോ ആവോ?
പെയിൻ ആൻറ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനവുമായി അവ നിടയ്ക്കൊക്കെ സ്കൂളിൽ വരാറുണ്ട്. വലിയ ചങ്ങാത്തത്തിനൊന്നും നിൽക്കാറില്ലെന്ന് മാത്രം.ഇവരിങ്ങനെ പിരിച്ചുണ്ടാക്കുന്ന കാശ് അർഹതപ്പെട്ടവരിൽ എത്തുന്നുണ്ടോയെന്നൊരു സംശയവും എന്റെ ഉള്ളിലുണ്ടായിരുന്നു.
ഗ്രൂപ്പിൽ ഞാനൊഴികെയുള്ളവരെല്ലാം ഹാഷിമിനോട് അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന് തോന്നി. പലരും അവന്റെ സാന്ത്വന ചികിത്സാ സംഘടനയിലെ സന്നദ്ധ പ്രവർത്തകരുമാണ്. സദാ സമയം അവൻ കൈയിൽ കൊണ്ടു നടക്കുന്ന വെള്ളക്കുപ്പിയിലേക്ക് എന്റെ ചുളിഞ്ഞ നോട്ടം വീണപ്പോൾ ഹാഷിമൊന്നു ചിരിച്ചു.
“ലിഖേ… ഇത് മധുരള്ള വെള്ളൊന്നും അല്ലാട്ടോ. ങ്ങളെപ്പോലല്ല. കായി കൊട്ത്ത് വാങ്ങ്യ സാധനാ ന്റെ ഉള്ളിൽ കടക്കണത്. അപ്പോ കുടിക്കണ വെള്ളത്തിനും ഒരു ലിമിറ്റ് ണ്ടേയ്.. ”
ഗൾഫിൽ ജോലി ചെയ്തു കൊണ്ടിരിക്കേ രോഗബാധിതനായതും നാട്ടിലെത്തി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതുമെല്ലാം ഖമറുവാണ് വിവരിച്ചത്.. പിന്നീട് ഹാഷിമിനെ നോക്കുമ്പോഴെല്ലാം ഞാനറിയാതെ എന്റെ കണ്ണിലൊരു കുറ്റബോധം നിഴലിച്ചു.
മടങ്ങിപ്പോരുമ്പോൾ റോഡരികിൽ അപേക്ഷയുമായി നിന്നയാളുടെ പെയിൻ ആൻറ് പാലിയേറ്റീവ് ബോക്സിലേക്ക് ,എന്റെ ബാഗിൽ നിന്നൊരഞ്ഞൂറ് ചാടി വീണു.
വൈകീട്ട് നവീന്റെ മുഖം സ്ക്രീനിൽ കണ്ടതും പതിനേഴ് തികയാത്തൊരു പരിഭവക്കാരിയായി ഞാൻ.
”എന്തേ രണ്ടൂസം ?”
”ഒന്നും പറയണ്ട മോളേ പനി പിടിച്ചു. അവള് പുറകീന്ന് മാറണ്ടേ!”
” നവീൻ…. ഈ ഉറുമ്പുകൾക്കും നമ്മളെപ്പോലെ പനി പിടിക്കോ?”
അങ്ങനൊരു ചോദ്യം ചോദിക്കണമെന്ന് വിചാരിച്ചതേയല്ല. എവിടന്ന് ചാടി വീണു അത് ?
” ഉറുമ്പുകൾക്ക് പനി മാത്രല്ല വയറ്റെളക്കോം വാതോം വരെ ഉണ്ടാവും. ഇതൊക്കെ നിന്റെ വെറ്റിനറി നായരോട് പോയി ചോയ്ക്കെടീ. എന്തേലും മിണ്ടിപ്പറയാം ന്ന് കര്തി വന്നപ്പോ…”
എല്ലാ ജീവികൾക്കും അസുഖം വരില്ലേ? തീർച്ചയായും ഉറുമ്പുകൾക്കും ഉണ്ടാവും. കൂട്ടിൽ വെറുതെ ചുറ്റിത്തിരിയുന്നവർക്ക് അസുഖക്കാരെ പരിപാലിക്കുന്ന ജോലിയാണെങ്കിലോ?
” ലിഖേ… നീ ഉറുമ്പുകൾക്കിടേൽ തന്ന്യാ?”
” നവീൻ.. ഒരു മൂഡില്ല നാളെ വരാം ട്ടോ ബൈ.”
വിശ്വേട്ടന് ലീവ് കിട്ടാതിരുന്നതിനാൽ പിറ്റേന്ന് ഒറ്റയ്ക്കാണ് രാജേന്ദ്രൻ സാറിനെ കാണാൻ പോയത്. ഭർത്താവിന്റെ അഭാവത്തിൽ അയാളുടെ കണ്ണിൽ പെയ്തിറങ്ങിയ പുതിയൊരു ഭാവം വല്ലാതെ അലോസരപ്പെടുത്തി. നോട്ടമേറ്റ് പൊള്ളുന്നിടങ്ങളിലേക്കൊക്കെ സാരി വിടർത്തിയിട്ട് ചൂളിപ്പിടിച്ചിരുന്നു. ഗവേഷണത്തിനായി ഞാൻ കണ്ടു പിടിച്ച വിഷയം അദ്ദേഹത്തിനൊട്ടും സമ്മതമായില്ലെന്നു മാത്രമല്ല വിഡ്ഢിത്തം എന്ന് പരിഹസിക്കുകയും ചെയ്തു.ഉറുമ്പുകളും അഫിഡുകളും തമ്മിലുള്ള സഹജീവനത്തെ ആസ്പദമാക്കിയൊരു വിഷയമാണ് നിർദേശിക്കപ്പെട്ടത്.. എല്ലാം സമ്മതിച്ച മട്ടിൽ ‘പിന്നെ വരാം’ എന്നു പറഞ്ഞ് ഞാനെഴുന്നേറ്റു.ബുദ്ധിജീവി കാപട്യത്തിൽ നിന്നും പച്ചയായ ഒരാണിലേക്ക് പെട്ടെന്നൊരു ചുവടുമാറ്റം അയാൾ നടത്തിയത് ഒരു ‘ക്ലീഷേ’ ഡയലോഗോടുകൂടിയായിരുന്നു.
“ലിഖയ്ക്ക് സാരിയാണ് ചേർച്ച!”
ബസിറങ്ങി ഓട്ടോയിലേക്ക് കാലെടുത്ത് വയ്ക്കും മുൻപേ ” ലിഖേ..ഹാഷിം അഡ്മിറ്റാ .തീരെ വയ്യ. ടൗണിലുണ്ടെങ്കിൽ കെ.എം.എച്ചിലേക്കൊന്നു വാ.” ഖമറുവിന്റെ പരിഭ്രമം കലർന്ന ശബ്ദം ഫോണിലൂടെ കേട്ട് ഓട്ടോ ഹോസ്പിറ്റലിലേക്ക് വിട്ടു.
തളർന്ന കണ്ണുകൾ ആയാസപ്പെട്ടു തുറന്നതിനാലാവാം അവ വല്ലാതെ തുറിച്ചു നിന്നു.
”ഞാൻ കായി കൊടുത്ത് വാങ്ങീതും പറ്റിച്ചൂന്ന് തോന്നണത്. വെള്ളത്തിന്റെ അളവ് പിന്നേം കൊറച്ചു. ആഴ്ചേ ലൊരിക്കൽ ഡയാലിസിസും .ജീവിതം ആകെയങ്ങട്ട് തെരക്കിലായിപ്പോയെടീ..”
അവന് സാധിക്കാത്തതിനാൽ അന്നത്തെ ദിവസം പാലിയേറ്റീവ് പ്രവർത്തകയായി ഖമറുവിന്റെ കൂടെയൊന്ന് ചെല്ലാ മോ എന്ന ചോദ്യം എന്നെ നിശ്ശബ്ദയാക്കി. ആരോഗ്യ സാമൂഹ്യ രംഗത്തെ വിദഗ്ദ്ധർക്കൊപ്പം പാലിയേറ്റീവ് കോളനിയിലെ ഒരംഗമായി ഞാനന്ന്. ഉറുമ്പിൻ കൂട്ടത്തിലെത്തിയ അഫിഡിനെപ്പോലെ ഞാൻ പകച്ചു നിന്നു.ഇവരെന്നെ എങ്ങനെയായിരിക്കും പ്രയോജനപ്പെടുത്തുന്നത്?
അശ്വിന്റെ കട്ടിലിനു ചുറ്റും തണുത്ത മൗനം കട്ടപിടിച്ച് കിടക്കുന്നുണ്ടായിരുന്നു. വേദനസംഹാരികളുടെ ആലസ്യം അവന്റെ കണ്ണുകൾക്ക് താങ്ങാനാവുന്നില്ല. ഒന്നോ രണ്ടോ വാചകങ്ങൾക്കപ്പുറം സംസാരിക്കാനാവാതെ കണ്ണും നിറച്ച് അമ്മ.അശ്വിന്റെ മുറിവുകൾ പരിശോധിച്ച് നിർദേശങ്ങൾ നൽകുന്നുണ്ട് പാലിയേറ്റീവ് കെയറിലെ ഡോക്ടർ. ചുറ്റിലുമെല്ലാവരും കൂടി നിൽക്കുമ്പോഴും അശ്വിന്റെ കണ്ണുകൾ ജനാലയിലൂടെ പുറത്തേക്ക് നീണ്ടു. മുറിയിൽ നിന്ന് നോക്കിയാൽ കാണാവുന്നിടത്ത് പുതിയൊരു സൈക്കിൾ.ഞാനവന്റെ കട്ടിലിലിരുന്ന് നഗ്നമായ തലയിലൂടെ പതുക്കെ വിരലോടിച്ചു.
”ആൻറീ , ഞാനിനിയെങ്ങനെയാ ന്റെ സൈക്കിള് ചവിട്ട്വാ ? മാമ വാങ്ങിത്തന്നതാ പുത്യേ സൈക്കിള്.”
അരയ്ക്ക് കീഴോട്ട് ശൂന്യമായ ഇടത്തേക്കാലിലേക്ക് ചൂണ്ടി അവൻ ഉറക്കെയുറക്കെ കരഞ്ഞു.കാലിൽ രൂപം കൊണ്ട കുഞ്ഞുമുഴ മാലിഗ്നന്റ് ഗ്രോത്താണെന്ന് തിരിച്ചറിയാൻ വൈകിപ്പോയതിനാലുണ്ടായ നഷ്ടം. എന്തു പറഞ്ഞ് ആ കുട്ടിയെ ആശ്വസിപ്പിക്കണമെന്നറിയാതെ ഞാനും കൂടെ കരയാൻ തുടങ്ങി.ഖമറു എന്നെ ശകാരിച്ചതൊന്നും ഞാൻ ശ്രദ്ധിച്ചില്ല..
സാന്ത്വന ചികിത്സയുമായി മറ്റു ചിലയിടങ്ങളിലും കയറിയിറങ്ങിയെങ്കിലും അശ്വിന്റെ കണ്ണീര് വീണ് കാഴ്ച നഷ്ടപ്പെട്ട എനിക്ക് യാന്ത്രികമായ ചില ചലനങ്ങൾ മാത്രമേ സാധ്യമായുള്ളൂ.
ആശുപത്രിയിൽ വെച്ച് എന്റെ ‘കാട്ടിക്കൂട്ടലുകൾ’ ഖമറു വിവരിക്കുമ്പോൾ ഹാഷിമിന്റെ മുഖത്ത് തളർന്ന ചിരി.
”യ്യിങ്ങനെ സഹതപിക്കണതെന്തോണ്ടാറിയോ ലിഖേ? ദൊക്കെ മറ്റുള്ളോർക്ക് മാത്രാ വര്വാന്ന് വിചാരിക്ക് ന്നോണ്ടാ.ഇതന്റെ കുട്ടിക്കാ വന്നതെങ്കിലോ? ഓനെ ജീവിതത്തിൽക്ക് മടക്കി കൊണ്ട് വരാനല്ലേ നോക്ക്വാ. പാലിയേറ്റീവ് കെയറിന്റെ പണീം അത് തന്ന്യാ. മരണത്തിലേക്കടുത്തോർക്ക് സാന്ത്വനം. ജീവിതത്തിലേക്കാണെങ്കിൽ കൈത്താങ്ങും.”
നാളുകൾ എണ്ണപ്പെട്ടുവെന്നുറപ്പായ ഒരാളുടെ ചിന്തകളും സംസാരവുമല്ല ഹാഷിമിന്. സംഘടനയുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾ തടസ്സപ്പെടുമോ സംഭാവനകളും മറ്റ് സഹായങ്ങളും കുറഞ്ഞു വരുമോ എന്നൊക്കെയുള്ള ആശങ്കകളാണ്. തനിക്കും കുടുംബത്തിനും രോഗങ്ങളുണ്ടാവരുതേയെന്ന പ്രാർത്ഥനയോടെയാണ് പലരും ചാരിറ്റബിൾ ട്രസ്റ്റിനോട് സഹകരിക്കുന്നത്. ഓരോ വീട്ടിലും ഒരാൾ മാറാരോഗത്തിനടിമപ്പെടുന്ന കാലത്ത്, അതത്ര വിദൂരമല്ലതാനും, ആര് ആരെ സഹായിക്കും?താൻ ജയിച്ചു കയറിയ പരീക്ഷയ്ക്ക് മറ്റുള്ളവരെ പരിശീലിപ്പിക്കുന്ന ഹാഷിമിനെപ്പോലുള്ളവർ ഇനിയും ഉണ്ടായിക്കൂടെന്നുണ്ടോ? എന്തോ അങ്ങനെയൊരു പ്രതീക്ഷ അവന്റെ മുഖത്ത് കണ്ടില്ല.
” ലിഖാ..യ് തെരക്കിലാന്നൊക്കെയ റിയാം… ന്നാലും.. വനിതാ പ്രവർത്തകർ കുറവാണ് നമുക്ക്.ഒഴിവുള്ളപ്പോ സഹകരിച്ചാ മതി. അടുത്ത മാസം ടൗണിലൊരു പരിശീലനം നടക്കുന്നുണ്ട്. പാലിയേറ്റീവ് പ്രവർത്തകർക്കായി.. പറ്റുമെങ്കിൽ…”
വാചകം മുഴുമിപ്പിക്കാൻ അവസരം കൊടുക്കാതെ ഞാൻ ആശുപത്രി വിട്ടിറങ്ങി. ചോദിച്ചാൽ പറ്റില്ലെന്ന് പറയൽ അസാധ്യമാവും. ഇപ്പോൾ ഉള്ള തിരക്കുകൾ തന്നെ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുന്നു.
അശ്വിന് വേണ്ടി കൃത്രിമക്കാൽ സംഘടിപ്പിക്കുന്നതിലായി പിന്നീടെന്റെ ശ്രദ്ധ. ഇടയ്ക്ക് അവനെയൊന്ന് പോയി കണ്ടില്ലെങ്കിൽ എന്തോ ഒരസ്വസ്ഥത !
” നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് ആ രാജേന്ദ്രൻ എന്നെ വിളിച്ചിരുന്നു. മുഷിഞ്ഞാ സംസാരിച്ചത്.. ഇന്ന് ചെല്ലാമെന്നേറ്റിരുന്നോ നീ?
ആരംഭശൂരത്വം മാത്രം പോരാ എല്ലാറ്റിലും. ഇങ്ങനൊരുത്തനെ ഗൈഡായിക്കിട്ടാൻ ബുദ്ധിമുട്ടീതൊക്കെ ശരിക്കറിയാവുന്നവളല്ലേ നീ !”
വിശ്വേട്ടൻ കത്തിത്തീരുന്നത് വെറുതെ നോക്കി നിന്നു.. നാലുമണിച്ചായയോടൊപ്പം ചവച്ചിറക്കാൻ അന്നൊരുപാട് ചിന്തകളാണ് കൂട്ടു വന്നത്.
ഹാഷിമിന്റെ ദയനീയ ഭാവവും അവന്റെ ചോദ്യവും മനസ്സിൽ കിടക്കുന്നുണ്ട്.. ഉള്ളിൽ നടന്ന ചോദ്യോത്തര പോരാട്ടത്തിന് ശേഷം ഒരു ചോദ്യം മാത്രം ബാക്കിയായി.പേരിൽ ഒരലങ്കാരം ചാർത്തിക്കിട്ടണോ അതോ സ്വയം ഒരലങ്കാരമായി മാറണോ?
ഡൈനിംഗ് ടേബിളിനോട് ചേർന്ന് ഭിത്തിയിലൂടെ അരിച്ചു നീങ്ങുന്ന ഉറുമ്പുകളിലേക്ക് വീണ്ടും ശ്രദ്ധ തിരിഞ്ഞു. അതിലൊരുത്തനുണ്ട് എന്റെ നേരെ വിരൽ ചൂണ്ടുന്നു.
” പഠിക്കാനെന്നും പറഞ്ഞ് എത്ര ദിവസമായി പുറകെ നടക്കുന്നു! നീയങ്ങോട്ട് വാ രാജ്ഞിയെ ഭീഷണിപ്പെടുത്തി മുട്ടകൾ തട്ടിയെടുക്കാൻ ,കാമധേനുക്കളായ അഫിഡുകൾക്ക് വില പറയാൻ ,പട്ടാളക്കാരുടെ മനോവീര്യം തകർക്കാൻ. പഠനം എന്നാൽ സ്വാർത്ഥതയാണെന്ന് ധരിച്ചു വച്ചിരിക്കുന്ന നീയൊക്കെ ഞങ്ങളിൽ നിന്നെന്ത് പഠിക്കാൻ?”
എന്റെ വിരലുകൾ വെപ്രാളപ്പെട്ടു ചെന്ന് ഹാഷിമിനെ തപ്പിയെടുത്തു.. ഞങ്ങൾ തമ്മിലുള്ള സംസാരം തീർന്നതും എല്ലാ ചോദ്യങ്ങളും അവസാനിച്ച് എന്റെയുളളം കാലിയായി..
മേശപ്പുറത്ത് വിശ്രമിച്ചിരുന്ന വലതു കൈ ഇക്കിളിപ്പെട്ടപ്പോഴാണ് ഉറുമ്പു പടയുടെ സഞ്ചാരം ഇങ്ങോട്ട് വഴി തിരിഞ്ഞതായി കണ്ടത്.ഇവരെന്നു മുതലാണ് മനുഷ്യന്റെ ഭാഷ മനസ്സിലാക്കിത്തുടങ്ങിയത് ?