ജിതിൻ ജോസഫ്
കടലിനെ ധ്യാനിച്ചു
കരയെ ധ്യാനിച്ചു
തിരയെ ധ്യാനിച്ചു, തീരത്തെയും
കാറ്റിനെ ധ്യാനിച്ചു,
കരയിലെ മണലിനെയും,
മണലിൽ ഉറങ്ങിക്കിടക്കുന്ന ആമമുട്ടകളെയും ധ്യാനിച്ചു
കാക്കകളെ ധ്യാനിച്ചു കടൽകാക്കകളെയും
ശംഖുകളേ ധ്യാനിച്ചു,
ശംഖിനുള്ളിലെ ഓംകാരത്തെയും
മത്സ്യങ്ങളെ ധ്യാനിച്ചു,
മത്സ്യകന്യകയെയും
വള്ളങ്ങളെ ധ്യാനിച്ചു,
വൻ കപ്പലുകളിലും
വലയെ ധ്യാനിച്ചു
ചൂണ്ടയെ ധ്യാനിച്ചു
ഇരയെ ധ്യാനിച്ചു.
ആഴക്കടലിലെ കൊട്ടാരങ്ങളെ ധ്യാനിച്ചു.
അസ്തമയ സൂര്യനെ ധ്യാനിച്ചു,
ഉദയ രശ്മികളെയും.
കടയിൽ പോയ അരയനെ ധ്യാനിച്ചു ,
അവനെ കാത്തിരിക്കുന്ന അരയത്തി പെണ്ണിനേയും.
കടലിന്റെ ചുഴികളെ ധ്യാനിച്ചു,
കരയിലെ ചതിയെയും.
മീൻ കാരി പെണ്ണിനെ ധ്യാനിച്ചു,
അവളുടെ ഉടലിനെയും .
കാറ്റിൻ ഗന്ധവും
ഉളുമ്പ് മണവും ധ്യാനിച്ചു.
ധ്യാനങ്ങൾക്കൊടുവിൽ
എന്റെ ഉൾക്കടലിൽ അപ്പോഴും
കോളിളക്കങ്ങൾ മാത്രം ബാക്കിയായി.
ചിലപ്പോൾ ഒരു വേലിയേറ്റവും
ചിലപ്പോൾ ഒരു വേലിയിറക്കവും.
ചിലപ്പോൾ ഒരു വലിയ
സുനാമി തന്നെയും.