ഊണ് തയ്യാർ

ഊണ് തയ്യാർ

ഇയാസ് ചൂരൽമല

പേരറിയാത്തവരെ
ഊരറിയാത്തവരെ
ഊണ് കഴിക്കാൻ
വിളിച്ചു വരുത്താറുണ്ട്

ഊണ് തേടിനടക്കുന്നവരോട്
ഇവിടെയുണ്ടെന്ന്
ഉച്ചത്തിൽ വിളിച്ചു
കാണിച്ചു കൊടുക്കാറുണ്ട്

ഏതോ
വഴിപോവുന്നവരെ പോലും
ചില നേരത്ത്
ദയനീയ നോട്ടത്താൽ
വിളിച്ചിരുത്താറുണ്ട്

ഊൺശാലക്കുമുന്നിൽ
കാലമിത്ര കഴിച്ചിട്ടും
ഒരു നേരം പോലും
സമയത്തിനുണ്ടതില്ല

ഇന്നുവരെയും
വിളിച്ചു വരുത്തിയവരിലാരും
ഊണ് കഴിച്ചോ എന്ന്
സ്നേഹം പകർന്നതുമില്ല

എത്ര വിയർപ്പൊഴുക്കിയാലെന്താ
കൂടണയും നേരം
കാത്തിരിക്കും ചുണ്ടിൽ
മധുരം കിനിയാറുണ്ടല്ലോ..!