ശോഭന
ഒരു കുയിൽപ്പാട്ടിന്നു മറുപാട്ടു പാടാത്ത
മനസ്സു ഞാൻ സ്വന്തമാക്കുന്നു.
ഇലയുടെ കവിളിൽ തലോടാതെ പൂക്കളോ
ടൊട്ടും ചിരിക്കാതെ ചെടി നനയ്ക്കുന്നു.
ഒരു മയിൽപ്പീലി പ്രസവിക്കുവാൻ വെച്ചു
പുസ്തകത്താളു മറിക്കാൻ മടിക്കുന്നു
ആകാശമേ പാളി നോക്കരുതേയെന്ന
മന്ത്രണം പിന്നെ മറന്നു പോകുന്നു ഞാൻ.
ഒരുവരി കവിതയും വന്നില്ല പേനയും പുസ്തകത്താളും തുറന്നേയിരിപ്പൂ ഞാൻ
ഒരു കിനാക്കാഴ്ച്ചയിൽ പോലും തെളിഞ്ഞില്ല
കവനമനോഹരി നിന്നുൾത്തുടിപ്പുകൾ
ഒരു മാരിവില്ലും തെളിഞ്ഞു വിടർന്നില്ല
മുല്ല മന്ദാരങ്ങൾ നോക്കിച്ചിരിച്ചില്ല
ഈണവും ശീലും പദാവലിഭംഗിയും
അർത്ഥവും ആശയപുഷ്ടിയും വന്നില്ല.
ഒരു കുഞ്ഞുകാറ്റും കടന്നുവന്നില്ലെന്റെ
ജാലകവാതിൽ തുറന്നേയിരിപ്പു ഞാൻ
കവിതകളെല്ലാം കഴിഞ്ഞുപോയീ സഖീ
ഹൃദയമോ വല്ലാതിരുണ്ടുപോയി.
കവിതേ, സുവാണീ ശരിക്കും പിണങ്ങിയോ?
എൻ കൂട്ടു വിട്ടു നീ പോയ് മറഞ്ഞോ…?