എഴുത്തിലെ മുഖമൂടി

എഴുത്തിലെ മുഖമൂടി

ഇയാസ് ചൂരൽമല

കാമം നിറച്ചവർ
പ്രേമമെഴുതി
തിരികെ തിരയാതെ
ജീവിതമെഴുതി

ചിക്കിച്ചികയാതെ
ചിന്തയിലിരിക്കാതെ
മനസ്സിൽ നുരയുന്നവ
കുത്തി കുറിച്ചു

വാശി പറഞ്ഞും
മുഷ്ട്ടി ചുരട്ടിയും
വിപ്ലവ പൊടിപാറും
വരികളെഴുതി

പെണ്ണിൻ മഹത്വവും
മണ്ണിൻ നിറത്തെയും
കബളം ചാർത്താതെ
ചേർത്തു ചേർത്തെഴുതി

അന്യന്റെ പശിയിൽ
അന്നം വിളമ്പിയും
മൗനത്തിൻ വിശപ്പിൽ
കൂടൊരുക്കിയും
അർത്ഥം ജ്വലിക്കുന്ന
കവിതയെഴുതി

മരണം മണക്കും
പ്രകൃതിയെ സ്നേഹിച്ചും
വിത്തു പാകിയും
വെള്ളം നനച്ചും
പച്ചപുതച്ചൊരു
വരിയുമെഴുതി

ഡയറിയടച്ചു
പെൻതൊപ്പിയിട്ടു
ശ്വാസമയച്ചയാൾ
മുഖം മൂടിയഴിച്ചു

എഴുതിക്കുറിച്ച
വരികളെയൊക്കെയും
അന്യോന്യം വിഡ്ഢിയാക്കും
സ്വന്തത്തിലേക്കയാൾ
വേഗം നടന്നു

അവിടെ
സ്നേഹം മറന്നൊരു
കാമം പിറന്നു
പെണ്ണും, മണ്ണതും
കത്തിപിടിച്ചു

ഭീരുവാം പോരാളി
ഓടിയൊളിച്ചു
കഷ്ടത കണ്ട
കണ്ണും അടഞ്ഞു

പ്രകൃതിസ്നേഹവും
അന്യം പറഞ്ഞു
പ്രത്യയശാസ്ത്രവും
അകലം പറഞ്ഞു..!