ഏകാന്തതയിലെ വാതായനങ്ങൾ

ഏകാന്തതയിലെ വാതായനങ്ങൾ

എം.ഒ. രഘുനാഥ്

ഏകാന്തതയുടെ തുരുത്ത്…
തടവറയിലായ രാപ്പകലുകൾ…
കൂർത്ത മുള്ളുകളായി
വിരസതയുടെ വെയിൽ നാളങ്ങൾ…
അനുഭവങ്ങളുടെ
നിലച്ചുപോയ രാസമാറ്റങ്ങൾ…

ഉള്ളിലെ
ശൂന്യത തുളച്ചെത്തിയ
നീലവെളിച്ചച്ചുരുളുകൾ
പഴയൊരു പുസ്തകത്തിലേക്ക്
കണ്ണുകളെ
ആവാഹിക്കുന്നു…

“ആര് സമ്മാനിച്ചു…
എന്ന് കിട്ടി…
ഒന്നും ഓർമ്മയിലില്ല.
ആവേശത്തോടെ
തുറന്നിട്ടേയില്ല…
ആശ്ചര്യത്തോടെ
ഏടുകൾ മറിച്ചിട്ടുമില്ല…
തടിച്ച പുറം ചട്ടകൾ…
എണ്ണിയാലൊടുങ്ങാത്ത താളുകൾ…
സ്ഥാനം തെറ്റി കിടന്നിരുന്ന
വാക്കുകളും വരകളും…
വരികൾക്കിടയിൽ
അപരിചിതങ്ങളായ നാനാർഥങ്ങൾ…
മടുപ്പുളവാക്കുന്നതും
ഭയപ്പെടുത്തുന്നതുമായ
നിലവിളികൾ…”

ഇന്ന്..,
അതിന്റെ പേജുകൾ
കനം കുറഞ്ഞിരിക്കുന്നു..!

താളുകൾക്കിടയിൽ
ഉണങ്ങാത്ത
മഷിയുടെ ഗന്ധം..!

വാക്കുകളും വചനങ്ങളും
തെളിയുന്നു..!

വരികൾക്കിടയിൽ
പ്രകാശ കണികകൾ…
താളുകളുടെ ഓരം കടന്ന്,
മുഖം തഴുകി…
ശിരസ്സിനു മുകളിൽ
എങ്ങോട്ടെന്നറിയാതെ..!

താളുകൾ ഒഴുകി നടക്കുന്നു…
മണിക്കൂറുകൾ
നിമിഷങ്ങളാകുന്നു….
ഇരിപ്പിടത്തിൽ നിന്നും
വലിച്ചുയർത്തിയപോലെ
പറന്നുയരുകയാണ്…

ഭാഷയും ദേശവുമില്ലാത്ത
വഴിയോരങ്ങളിലൂടെ…
ആചാരങ്ങളും നിയത വേഷവുമില്ലാത്ത
രൂപങ്ങളിലൂടെ…
ക്ലിപ്തതയുടെ ഘടികാരങ്ങളില്ലാത്ത
പ്രകാശവർഷങ്ങളിലൂടെ…
പളുങ്കുറവകളൊഴുകുന്ന
താരാപഥങ്ങളിലൂടെ…
അപരിചിതവും ആകർഷകവുമായ
പുതിയൊരിടത്തേക്ക്…