കല ജി.കെ
ഓടിക്കിതച്ചെത്തി സമയത്തിനു തീവണ്ടി പിടിക്കാനായത്തിന്റെ ആശ്വാസത്തിൽ സൂസൻ മരിയ ജനലരികെയുള്ള ഒറ്റസീറ്റിന്റെ കമ്പിയിൽ പിടിച്ചുനിന്നു കിതപ്പടക്കി. രണ്ടുദിവസത്തെ കാര്യമായതിനാൽ ഹാൻഡ്ബാഗ് മാത്രമെടുത്താണ് ഇറങ്ങിയത്. വസ്ത്രങ്ങൾ ആവശ്യത്തിനു വീട്ടിലുണ്ട്. ഇരിക്കാനൊരിടം…?
തൊട്ടപ്പുറത്തെ ബെർത്തിലെക്ക് ഒന്നെത്തി നോക്കി. കുറെ ചെറുപ്പക്കാർ ആണും പെണ്ണുമായി. ആശ്വാസം. ഇരുത്തം വന്ന ഒരു അവിവാഹിതയുടെ എല്ലാവിധ ഭാവങ്ങളും ശരീരഭാഷയിലൂടെ പ്രകടപ്പിച്ച് അവൾ അവർക്കിടയിലേക്കു കയറിച്ചെന്നു ജനലിനരികെത്തന്നെ സ്ഥലം പിടിച്ചു. ചെറുപ്പക്കാരുടെ കലപിലക്കൂട്ടം. മൊബൈൽ ഫോണിലേക്ക് ഇടയ്ക്കിടെ നോക്കിയും വിരലുകളാൽ ദ്രുതപ്രവർത്തനം നടത്തിയും ചെറുപ്പത്തിന്റെ ആവേശം മുന്നേറി. വാട്സാപ്പ് സന്ദേശങ്ങളുടെ പോക്കുവരവു തിങ്ങിനിറഞ്ഞ ആ കമ്പാർട്ട്മെന്റിൽ, അതാതു മൊബൈൽ നമ്പറിലേക്കു കുറിമാനങ്ങളെത്തുന്ന അറിയിപ്പുമണികൾ കേൾക്കാം. അവർക്കിടയിൽ പതിനാറു വയസ്സ് തോന്നിക്കുന്ന കുട്ടി ഗാന്ധിജിയുടെ ‘എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ’ വായിക്കുന്നതു കണ്ടു കൗതുകത്തെക്കാളെറെ ആശ്വാസമാണു തോന്നിയത്. പുതുതലമുറയെങ്കിലും ഗാന്ധിജിയെ അറിയാൻ ശ്രമിക്കുന്നുണ്ടല്ലോ എന്ന ആശ്വാസം.
വീണ്ടും പെണ്ണുകാണൽ ചടങ്ങിനായുള്ള എല്ലാ തയ്യാറെടുപ്പോടും കൂടിയാണ് ഇപ്രാവശ്യവും വീട്ടിലേക്കു പോകുന്നത്. ഒരു പങ്കാളിയെ കണ്ടെത്താൻ കഴിയാഞ്ഞതു കഴിവുകേടായി സ്വയം അംഗീകരിക്കുന്നതിനെക്കാൾ അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തിനു വഴങ്ങിക്കൊടുക്കുന്ന സന്തോഷത്തിലേക്കു ചായാനാണ് അവൾക്കിഷ്ടം. തീവണ്ടിജനാല പകുത്തു തരുന്ന ദൃശ്യങ്ങളിലേക്ക് അവൾ നോട്ടമെറിഞ്ഞു. പ്രകൃതി വരച്ചുതീർത്തതും പാതിയാക്കിയതുമായ ജീവനുള്ള ചിത്രങ്ങളിൽ കണ്ണും മനസ്സും കൊടുക്കുന്നതിനു മുൻപേ പിടിച്ചു വലിച്ചോടുന്ന വണ്ടിച്ചക്രങ്ങളോട് ഈർഷ്യ തോന്നി. ചുളിഞ്ഞ മുഖവുമായി ജനാലയിൽ കൈമുട്ടൂന്നി കൂട്ടം തെറ്റിയോടുന്ന മേഘങ്ങളെ കടന്നു പിടിച്ചു. തീവണ്ടിയോടൊപ്പം മത്സരിച്ചോടുന്ന വലിയ മേഘങ്ങൾ… കൂട്ടംതെറ്റിയും കൂട്ടുകൂടിയും പാഞ്ഞകന്നും മെല്ലെ ഇഴഞ്ഞും അവ നീലരാശിയിൽ പടർന്നിറങ്ങി. മേഘങ്ങളിൽനിന്നു താഴേക്കിറങ്ങി തിരിച്ചു കമ്പാർട്ട്മെന്റിലെക്കു വന്നപ്പോൾ ഏറെയും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. ഇതിനിടെ അവരെല്ലാം എവിടെ ഇറങ്ങി? അത്ഭുതം ആശ്ചര്യത്തിനു വഴിമാറി.
അതു മങ്ങുംമുൻപേ ‘രഘുപതി രാഘവ രാജാറാം’ പാടി ഗാന്ധിജിയും രണ്ടു കൂട്ടികളും പുസ്തകങ്ങളുമായി കയറിവന്നു. ഒക്ടോബർ രണ്ടിനുതന്നെ ഗാന്ധിജിയെ നേരിട്ടു കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ, ആ തേജസ്സുറ്റ മുഖത്തേയ്ക്കു സ്നേഹാദരത്തോടെ നോക്കി. വെളുത്ത മുഖത്തു കറുത്ത വട്ടക്കണ്ണട കൂടുതൽ ശോഭ നൽകുന്നുണ്ട് . ഖദർ ധോത്തി അണിഞ്ഞ ഗാന്ധിജിയും അനുയായികളും അവൾക്കെതിരെയുള്ള സീറ്റിൽ പുസ്തകങ്ങൾ ചേർത്തുവച്ച് ഇരുന്നു.
തന്റെ ആത്മകഥ ഗാന്ധിജി അവൾക്കായി നീട്ടി. പുഞ്ചിരിയോടെ അതു വാങ്ങിയതും ചർക്കയും നൂലും ഇണപിരിഞ്ഞുണ്ടാകുന്ന ദൃശ്യ, ശ്രാവ്യ വലയത്തിലേക്ക് അവൾ ഇഴഞ്ഞിറങ്ങി. ഇരുളടഞ്ഞ തുരങ്കത്തിലൂടെ അതിവേഗത്തിൽ തീവണ്ടി കൂകിപ്പാഞ്ഞു ഗാന്ധിജിയുടെ പ്രാർഥനായോഗം നടക്കുന്ന സമ്മേളന വേദിയിലെത്തി.
തിങ്ങിനിറഞ്ഞ, ആവേശഭരിതരായ അനേകായിരങ്ങൾ… യോഗത്തിൽ പങ്കെടുക്കാൻ ഗാന്ധിജി, അവശത മറന്നു വേദിയിലേക്കുള്ള വഴിയിലൂടെ നടന്ന് അണികളെ അഭിവാദ്യം ചെയ്തു. പക്ഷേ, നിശ്ചയിക്കപ്പെട്ട നിമിഷങ്ങളുടെ ഗതിവേഗതയിൽ ഉറച്ചുവച്ച കാലടികൾ തെന്നി. കുതിച്ചുചാടിയ രക്തം ചാലുതീർത്ത വെറുംമണ്ണിൽ ഗാന്ധിജി കുഴഞ്ഞു വീണു. നിലവിളികളുടെയും ആർത്തനാദങ്ങളുടെയും ഇടയിൽ ബോധരഹിതയായ അവളെ താങ്ങി തീവണ്ടി വീണ്ടും ഇരുളടഞ്ഞ തുരങ്കത്തിലൂടെ നിറക്കൊഴുപ്പുമുറ്റിയ ബഹളങ്ങളിലേക്കു തിരിച്ചെത്തി.
തുടർച്ചയായി അടിക്കുന്ന സെൽഫോൺ ഉണർത്തിയ അവളുടെ ബോധത്തിലേക്കു തീവണ്ടിയിലെ ഗാന്ധിജി കടന്നുവന്നു… പുറത്തു തിക്കിത്തിരക്കുന്ന ജനാവലി. നിർത്തിയിട്ട തീവണ്ടിയിൽനിന്നു സുമുഖനായ ഗാന്ധിയെയും പുസ്തക്കെട്ടു താങ്ങിയ കൂട്ടാളികളെയും ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ വായിച്ചിരുന്ന പതിനാറുകാരനെയും പോലീസ് കയ്യാമം വച്ചു കൂടെക്കൂട്ടിയിരുന്നു. പോലീസുകാരുടെയും മണം പിടിച്ചോടുന്ന പോലീസ് നായ്ക്കളുടെയും ഇടയിൽനിന്ന് അപ്പോഴും എന്തിനോ വ്യഗ്രത പൂണ്ടുള്ള അക്രമാസക്തമായ ‘ടിക്ക് ടിക്ക് ശബ്ദം’ ആധിപിടിച്ചു പെരുകുന്നുണ്ടായിരുന്നു.
∙