ഒന്നാമൻ

ഒന്നാമൻ

റിസ് വാന ഹബീബ്. സി.എച്ച്

നിലയ്ക്കാതെയുള്ള ഫോണിന്റെ വിളി കേട്ട് ഹരി ഫോണെടുത്തു നോക്കി. .
അറിയാത്ത നമ്പര്‍. .!!!ആരാണാവോ… .
ഹരി കോളെടുത്ത് ചെവിയോടു ചേര്‍ത്തു വെച്ചു.

ഹലോ..

ഹലോ…ഹരി സാറല്ലേ. ?

അതേ…

ഇത് ഞാനാ മാഷെ സനൽ…

സനൽ..?

മാഷ് മറന്നോ…2006 ലാസ്റ്റ് ബാച്ച്..

സനൽ…!ഗവൺമെൻറ് കോളേജില്‍ തൻറെ വിദ്യാർത്ഥി
..ലാസ്റ്റ് ബെഞ്ചേർസിൽ ഒന്നാമന്‍. !.തൻറെ ക്ലാസില്‍ അവൻ അറ്റൻറു ചെയ്ത ദിവസങ്ങള്‍ വിരലിലെണ്ണാം..അതില്‍ തന്നെ മിക്ക ദിവസവും അലക്ഷ്യമായി ക്ലാസില്‍ ഇരുന്നതിന് ഗെറ്റൗട്ടടിച്ചിട്ടുമുണ്ട്…എക്സാം എഴുതാനും അസൈൻമെൻറു വെക്കാനും മാത്രം കാണുന്ന ദ ബ്ലാക്ക് മാർക്കഡ് ബാക്ക് ബെഞ്ചേർസ്. ..എത്ര ഇറെസ്പോൺസിബിളാണ് ഇവരുടെ പേരൻറ്സ്….അങ്ങനെ ഒരിക്കല്‍ തോന്നിയ നിമിഷത്തിലാണ് അവരുടെ മാതാപിതാക്കളോട് കോളേജില്‍ വന്ന് തന്നെ കാണാന്‍ പറഞ്ഞത്. ..വന്നു. ..ഒരാളുടെ മാത്രമല്ല…ബാക്ക് ബെഞ്ചേർസിലെ ഓരോരുത്തരുടെയും മാതാവോ പിതാവോ….മക്കൾക്ക് ക്ലാസ് അറ്റൻറ് ചെയ്യാന്‍ കഴിയാത്തതിന് അവർക്കോരോരുത്തർക്കും പറയാന്‍ പല ഉത്തരമുണ്ടായിരുന്നു..പക്ഷേ, അതിനുള്ള കാരണം ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ..പട്ടിണി…!!കൊടിയ ദാരിദ്ര്യം!
വിശ്വസിക്കാൻ ഒട്ടും പ്രയാസം തോന്നിയില്ല…അവരുടെ രൂപങ്ങള്‍ അതിനുള്ള അടയാളങ്ങളായിരുന്നു…അടച്ചിട്ട ക്ലാസ് മുറികൾക്കപ്പുറം ഒരു ലോകത്ത് അവരോരോരുത്തരും കല്ലു വെട്ടിയും സിമൻറു ചുമന്നും കാലിവയറുകൾക്കന്നമേകാനുള്ള തത്രപ്പാടിലായിരുന്നെന്ന് അറിഞ്ഞ മാത്രയില്‍ പിന്നെ ബാക്ക് ബെഞ്ചിലോട്ടു നോക്കുമ്പോൾ ഹരി എന്ന മനുഷ്യന്റെ ഉള്ളു പിടഞ്ഞിട്ടേയുള്ളൂ…അങ്ങനെയുള്ള ബാക് ബെഞ്ചേർസിലെ ഒരാളാണ് ഈ വിളിക്കുന്നത്…

മാഷേ….
നിശബ്ദതയെ ഭേദിച്ചു കൊണ്ട് സനലിന്റെ ശബ്ദം. .

ആ…ഓർമയുണ്ട്…സനല്‍. .
ഹരി ഓർമയിലേക്ക് കൂടുതല്‍ ചേക്കേറാൻ നിൽക്കാതെ മറുപടി പറഞ്ഞു.

മാഷ് ഇപ്പോള്‍ ഫ്രീയാണോ..?

ഫ്രീയാണോ എന്നു ചോദിച്ചാൽ അല്ല. .എന്നാലും സാരമില്ല. കാര്യം പറഞ്ഞോളൂ. .
ഹരി ഉള്ള കാര്യം വ്യക്തമാക്കി.

എന്നാല്‍ ഞാന്‍ പിന്നെ വിളിക്കാം. .എനിക്ക് കുറച്ചു സംശയങ്ങള്‍ ചോദിക്കാനാ…

സംശയമോ…

ആ…മാഷേ…ഞാനിപ്പോൾ ഒരു സ്കൂള്‍ അധ്യാപകനാ…എനിക്കു സംശയമുള്ളത് ഞാന്‍ എന്റെ മാഷിനോടല്ലാതെ വേറാരോടാ ചോദിക്കേണ്ടേ…
അവൻറെ മറുപടിയിൽ ചിരി പടര്‍ന്നു.

എന്നാല്‍ വൈകീട്ടു വിളിച്ചോളൂ…
ശരി മാഷേ..

ഒരു വർഷത്തോളം വാതോരാതെ ക്ലാസെടുത്തിട്ടും ഒരിക്കല്‍ പോലും ഒരുവിധ സംശയവുമായി തൻറെ മുന്നില്‍ വരാത്തവനാണ്..ഒരധ്യാപകനായി തൻറെ വിദ്യാർത്ഥികൾക്കു മുന്നില്‍ നിന്ന് പതറാതെ വാതോരാതെ ക്ലാസെടുക്കേണ്ടോൻ…അവനാണിപ്പോൾ സംശയങ്ങളുമായി മാഷേ എന്നു വിളിച്ച് തന്നെ തേടിപ്പിടിച്ച് വിളിച്ചിരിക്കുന്നത്…ഓർത്തപ്പോൾ തന്നെ ഹരിക്കു കണ്ണുകള്‍ നിറഞ്ഞു. .. തൻറെ വിദ്യാർത്ഥിയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ചിക്കിയെടുക്കാൻ, സായംസന്ധ്യയോടു കൂട്ടുകൂടാനായി, സൂര്യന്‍ ചില്ലകളിറങ്ങി വരുന്നതും കാത്ത് മട്ടുപ്പാവിലെ ചാരുകസേരയിൽ ഹരി ചാഞ്ഞിരുന്നു…