ഒരിക്കൽ

ഒരിക്കൽ

നിഷ ജോസ്

നാം നനയുന്നൊരു മഴയുണ്ട്
അപ്പോൾ മുടിയിഴകളെ തഴുകി
ഒരിളംകാറ്റൊഴുകും
നമുക്ക് പുണരാൻ
ചെറിയൊരിടിനാദം മുഴങ്ങും
ഒരു കുട പറന്നുവന്ന്
നമ്മുടെ ചുംബനങ്ങളെ മറയ്ക്കും
മരങ്ങൾ പുഷ്പവൃഷ്ടിയൊരുക്കും
പുതുമണ്ണിന്റെ മണം 
നമ്മളെ ഉന്മത്തരാക്കും
അപ്പോൾ,
നനഞ്ഞൊട്ടിപ്പുണർന്ന
ശരീരങ്ങളിൽ നിന്ന്
നമ്മുടെയാത്മാക്കൾ 
പുറത്തേയ്ക്ക് ചിറകുവിരിച്ചുയരും
ഹോമോസ്ഫിയറിൽ നിന്ന്
ഹെട്രോസ്ഫിയറിലേക്ക് 
കാർമേഘങ്ങൾക്കിടയിലൂടെ
അവ കൈകോർത്തുപറക്കും
മിന്നൽപിണരുകളോട്
കുശലം പറയും 
പ്രണയത്തിന്റെയാലിപ്പഴങ്ങളെ 
താഴേക്കെറിഞ്ഞു രസിക്കും 
ആകാശത്തിന്റെയോരോ ദിക്കിലും
നമ്മുടെപേരുകൾ കോറിവെയ്ക്കും
തിരിഞ്ഞു പറക്കുന്നതിന് മുൻപ് 
നീരാവിയിൽ കുളിക്കും
വെയിലാട ചുറ്റിപ്പൊതിഞ്ഞ് ഒരുടലായ് 
നമ്മളിലേക്ക് തന്നെ ഇറങ്ങിവരും
നമ്മളപ്പോഴും മറ്റൊന്നുമറിയാതെ 
ഉന്മാദത്തിന്റെ ലഹരിയിലായിരിക്കും 
ഇറുകിപ്പുണർന്ന് പുണർന്ന്
മതിമറന്നിട്ടുണ്ടാകും
ചുറ്റിവരിഞ്ഞും മുറുകിയഴിഞ്ഞും
കിതപ്പുകളിലായിരിക്കും
ശ്വാസ നിശ്വാസങ്ങൾ

നേർത്തുവരുന്നുണ്ടാകും
എങ്കിലും,
തേനൊഴിയാത്ത ചുണ്ടുകളപ്പോഴും
കോർത്തുരുമ്മിക്കൊണ്ടിരിക്കും
അപ്പോഴവിടെ, നമുക്ക് മുകളിൽ 
ഒരു മഴവില്ലുദിക്കും!