ഒരു കത്ത്

ഒരു കത്ത്

മുരളീധരൻ കാരക്കാട്ട്

പ്രിയപ്പെട്ട വത്സലേ,

എന്തൊക്കെയുണ്ട് വിശേഷങ്ങൾ? അരുൺ എന്നാണു തിരിച്ചു പോയത്? ഒരു പ്രത്യേകകാര്യം പറയാനാണിപ്പോഴീകത്തെഴുതുന്നത്.ഇന്നലെ പാർവ്വതിയുടെ കല്യാണമായിരുന്നു.

പാർവ്വതിയെ നിനക്കു പരിചയമുണ്ടോ എന്നറിയില്ല. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇന്നലെ അവളുടെ കല്യാണം നടന്നു. വലിയ ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല.കുറച്ചു കൂട്ടുകാരും രജിസ്ട്രാറും ചില ചില്ലറ നിയമനടപടികളും മാത്രം. മാലയിടലോ മോതിരമിടലോ ഒന്നുമില്ലായിരുന്നു.

ജോൺസന്റെ ചെറിയ ഫ്ലാറ്റിലായിരുന്നു ഞങ്ങളെല്ലാവരും. ജോൺസണെ നീ അറിയും . ഒരിക്കൽ നമ്മുടെ വീട്ടിൽ വന്നിട്ടുണ്ടവൻ. മെലിഞ്ഞ് വെളുത്ത് ഖദർ ഷർട്ടിട്ട്.
നീ ഓർക്കുന്നുണ്ടാവും അവന്റെ നിഷ്കളങ്കമായ ചിരി. അന്നു രാത്രി ഞങ്ങളൊക്കെ മദ്യത്തിൽ കുളിച്ചു രസിയ്ക്കുമ്പോൾ നിശ്ശബ്ദനായി അവ നിരിക്കുന്നത് നീ ഓർക്കുന്നില്ലേ? നീ ഇറച്ചി വിളമ്പാൻ തുനിയെ , ഞാൻ വെജിറ്റേറിയനാണെന്നു പറഞ്ഞ ജോൺസൺ.

അവനീ മാസം അൻപതു തികഞ്ഞതേയൊള്ളു. പാർവ്വതിക്ക് നാല്പത്തെട്ടും. ലേറ്റ് മാര്യേജായതു കൊണ്ടാവും അവരെ കണ്ടപ്പോൾ യുവമിഥുനങ്ങളുടെ അമിതാഹ്ലാദങ്ങളോ ആകാംഷകളോ അവരിരുവരുടെ മുഖത്തും ഇല്ലായിരുന്നു.

ഞങ്ങൾ കള്ളുകുടിയന്മാർ പോരാൻ നേരം ഒരായിരം വാങ്ങി അവരെ ഫ്ലാറ്റിലുപേക്ഷിച്ച് അടുത്തുള്ള ലോഡ്ജിൽ മുറിയെടുത്ത് പതിവു ചടങ്ങിലേക്കിറങ്ങി.ചർച്ചകൾ, തർക്കങ്ങൾ, കവിത ചൊല്ലൽ, പാട്ട് ,കൂത്ത് തുടങ്ങി ബാച്ചിലേഴ്സിന്റെ എല്ലാ വിധ ഭ്രാന്തുകളുമായി ആ മുറി തിളങ്ങി.

എല്ലാവരും കുഴഞ്ഞു മയങ്ങിയപ്പോഴും ഞാൻ ഉറക്കം വരാതെ തിരിഞ്ഞു മറിയുമ്പോഴാണ് ഏതാണ്ടൊരു ഒന്നൊന്നര മണിയായിക്കാണും എന്റെ മൊബേലിൽ പാർവ്വതിയുടെ വിളി. ആദ്യരാത്രിയുടെ അർദ്ധയാമത്തിൽ എന്തു കൊണ്ടായിരിക്കും അവൾ വിളിക്കുന്നതെന്ന ഒരാശങ്ക എനിക്കുണ്ടായി.പാർവ്വതി ആയതു കൊണ്ടു മാത്രം ഞാൻ ഫോണെടുത്തു

അവൾ ഇത്രമാത്രം പറഞ്ഞു:
സുന്ദരേട്ടൻ ഒന്നിങ്ങട്ട് വരണം.

എന്താ പറൂ?

അതൊക്കെ വന്നിട്ടു പറയാം.

പെട്ടെന്നു തന്നെ ഫോൺ കട്ടായി .

അപ്പോൾ
ജോൺസണെക്കുറിച്ചോർത്തു.

കർട്ടനിട്ട ജനാലകൾ കവിതയായി തോന്നി എന്നവൻ പറഞ്ഞ രാത്രിയെ
കുറിച്ചും.

അന്ന്ജോൺസൺ മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് ബാത്തു റൂമിൽ പോയി ഏറെ നേരം കഴിഞ്ഞാണ് വന്നത് ‘ .അപ്പോഴവന്റെ മുഖത്തെ സ്ത്രൈണഭാവം ഞാൻ ശ്രദ്ധിച്ചിരുന്നു.

ഞനവനോടു ചോദിച്ചു: ആണുങ്ങൾക്ക് മൂത്രമൊഴിക്കാൻ ഇത്ര നേരം വേണോ?

അവൻ വല്ലാതെ ചിരിച്ചു:

എനിക്ക് എന്തു ചെയ്യുമ്പോഴും കുറേ നേരം വേണം. എളുപ്പത്തിൽ ചെയ്യാവുന്ന ഒരേ ഒരു കാര്യം ഓഫീസിൽ ഏതെങ്കിലും ഫയലിൽ ഒപ്പിടുക എന്നതുമാത്രമാണ്.

എത്ര നാളത്തെ കൂട്ടുണ്ടായാലും ഒരു മനുഷ്യനെ അറിയാൻ കഴിയില്ലെന്നു പാർവ്വതിയുടെ മുഖം കണ്ടപ്പോഴാണ് എനിക്കു മനസ്സിലായത്.

അവൾ എന്നെ വിളിച്ചു വരുത്തിയിട്ടും ഒന്നും എന്നോടു പറഞ്ഞില്ല.

സുന്ദരേട്ടൻ ഭക്ഷണം കഴിച്ചോ എന്നു മാത്രം ചോദിച്ചു.

അന്നു് അവൾ ഉണ്ടാക്കിയ മുട്ട റോസ്റ്റും ചപ്പാത്തിയും ഡൈനിംഗ് ടേബിളിൽ നിരത്തി ഒരേട്ടനെയെന്നപോലെ എന്നെ ക്ഷണിച്ചു:

നിങ്ങൾ കള്ളു കുടിച്ച് കുടിച്ച് ഒന്നും കഴിച്ചിട്ടുണ്ടാവില്ല. എന്നു പറഞ്ഞ് വിളമ്പി അരുകത്തിരുന്നു.

പാതിരാത്രിയിൽ ഭക്ഷണം കഴിക്കാനാണോ അവൾ വിളിച്ചത്?

ഞാൻ ആലോചിച്ചു:
പാറൂ എനിക്കൊന്നും വേണ്ട. നിന്റെ പാചക കല എനിക്കു നന്നായറിയാം.
നിന്റെ സ്നേഹവും.

ജോൺസൺ ഇതെല്ലാം കണ്ട് എന്റെ അടുത്തു തന്നെ ഉണ്ടായിരുന്നു.

അവൻ സങ്കോച മേതുമില്ലാതെ പറഞ്ഞു:

സുന്ദരേട്ടാ നിങ്ങളെപ്പോലൊരാളെ ഞാനിതുവരെ കണ്ടിട്ടില്ല.

എനിക്കു ദേഷ്യം കയറി:

പാതിരാത്രീല് ഓന്റെ ഒലക്കേമലെ ഒരു വർത്താനം.

അന്നേരം അവന്റെ മോന്തയക്കിട്ട് ഒന്നു കൊടുക്കണമെന്നു തോന്നി. കൊടുക്കുകയും ചെയ്തു.

എന്നിട്ടും അവൻ ഒരക്ഷരം മിണ്ടാതെ
എന്നെ നോക്കി ചിരിച്ചതേയൊള്ളു.

ഈ കത്ത് നിനക്ക് എഴുതുന്നതെന്തുകൊണ്ടാണെന്ന് നീ വിചാരിക്കുന്നുണ്ടാകും.

നിന്നോടല്ലാതെ ആരോടാണ് ഞാൻ ഇതൊക്കെ പങ്കുവെയ്ക്കുക. അടുത്ത മാസം നമ്മൾ തമ്മിൽ കാണുമ്പോൾ എല്ലാം വിശദമായി പറയാം. അരുൺ വിളിക്കുമ്പോൾ എന്റെ അന്വേഷണങ്ങൾ പറയണം. നിർത്തുന്നു.

സൗഹൃദപൂർവ്വം
സുന്ദരേട്ടൻ.