ആലിയ സഫ്വാന ബാഹിറ
രണ്ട് പുഴകൾ.
ഒന്ന് ,
നീളം കുറഞ്ഞ്
വളഞ്ഞൊഴുകുന്നു.
മറ്റൊന്ന് ,
കലങ്ങിമറിഞ്ഞ്
താഴോട്ട് പടരുന്നു.
ഇടതൂർന്ന മരങ്ങൾക്കിടയിലെവിടയോ
അവർ പ്രണയത്തിലായി.
ഇരുകയ്യും കോർത്ത് കവിളോട്
കവിൾ ചേർക്കുമ്പോൾ
ഒരാൾ പറഞ്ഞു:
“എന്റെ മത്സ്യങ്ങളെല്ലാം നിനക്ക് “
“എന്നിലുള്ളതെല്ലാം നിനക്കും “.
പരസ്പര സ്നേഹത്തിന്റെ
ഉടമ്പടിയെന്ന് പറയാം.
ഓളങ്ങൾ നിലച്ചു ,
കാറ്റ് മെല്ലെ കണ്ണുരുട്ടി.
പുഴങ്കല്ലുകൾ പലതും
മന്ത്രിച്ചു.
എല്ലാത്തിനും സാക്ഷിയായ്
വിണ്ണിൽ
കാർമേഘം ഗർഭവേദന അയവിറക്കി.
അവരപ്പഴും,
ശാന്തമായൊഴുകി.
കടൽ പിന്നെയും അവളെ തിരക്കി,
കര മൗനം പാലിച്ചു.
നൊന്തു നീറുന്ന
മത്സ്യത്തെ നെഞ്ചിലേറ്റി
അലകടൽ പിൻവലിഞ്ഞു.
മലയിടുക്ക് വേരറുത്തു.
കാർമുഖിൽ താഴിട്ടു .
ഭൂമി വെന്തുരുകി.
ഒടുവിലാ പുഴകൾ നീരാവിയായി,
നിശ്ചലമായി ,
നാമാവശേഷമായി .