കണ്ണാടിമുറി

കണ്ണാടിമുറി

സജദില്‍ മുജീബ്

” ചോരേ.. അങ്ങട്ടേക്ക് ഒഴ്കല്ലേ.. ”
ഒഴുകിപ്പരക്കുന്ന രക്തപ്രവാഹത്തെ കൈ കൊണ്ട് തടുക്കാന്‍ ശ്രമിച്ച് അപ്പുണ്ണി അലറിക്കൊണ്ടേയിരുന്നു..
” ഈ… ഈ മുറിക്കപ്രത്ത് ചോര കുടിക്കണോരാ… ചോര കുടിക്കണോരാ…….
ഞാന്‍ പോവില്ല… ഞാന്‍ പോവില്ല…. ന്നെ കൊന്നാലും പോവില്ല….. ഈ കണ്ണാടിമുറി വിട്ട് ഞാന്‍ പോവില്ല.. ”

കണ്ണാടിമുറി..
ആ മുറിക്ക് അപ്പുണ്ണി നല്‍കിയ പേരാണത്..ചങ്ങല നല്‍കുന്ന നോവുകളെ ഓര്‍മ്മകളെന്നും കിലുക്കങ്ങളെ സ്വപ്നങ്ങളെന്നും അയാള്‍ വിളിച്ചു.. ചങ്ങല സൃഷ്ടിച്ച മുറിവിലൂടെ ധാരയായ് ഒഴുകുന്ന രക്തത്തെ ജീവിതമെന്നും അയാള്‍ വിളിച്ചു..
അവക്കെല്ലാം അയാള്‍ പേരിട്ടിട്ടുണ്ട്..
നോവിനെ അയാള്‍ അമ്മു എന്ന് വിളിച്ചു..
ഒാരോ നോവിലും ആ പേര് വിളിച്ച് ഉച്ചത്തില്‍ കരയും..
”അമ്മൂ..അമ്മൂ..നീയെവ്ടെയാ.. ഇങ്ങട് വാ..ഇങ്ങട് വാ..”
സ്വപ്നങ്ങളെ അയാള്‍ ”എഡിസണ്‍..” എന്ന് വിളിച്ചു.. ആ നേരത്ത് അയാള്‍ മൗനിയാണ്..
ഒരു ചെറിയ പുഞ്ചിരിയുണ്ടാകും മുഖത്ത്..
മനോരാജ്യത്തിലാകും അപ്പോള്‍.. കൈകൊണ്ട് എന്തൊക്കെയോ ആംഗ്യം കാട്ടുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യും..പിന്നെ എന്തോ ഉപകരണം നിര്‍മ്മിക്കുന്നത് പോലെ ഭാവിക്കും.. ആ സാങ്കല്‍പികയന്ത്രത്തിന്റെ പണിപ്പുരയിലാകും.. അന്തരീക്ഷത്തില്‍ കൂട്ടലും കിഴിക്കലും നടത്തും…. ഒടുവില്‍ ആനന്ദഭരിതനായി ഓടും.. അപ്പോള്‍ ചങ്ങല കാലില്‍ മുറുകി ഉരുണ്ടുവീഴും..
രക്തപ്രവാഹം വീണ്ടും..
” ഏയ്.. ചോരേ.. പോവല്ലേ.. ന്റെ ജീവിതമാ ഈ ഒഴ്കണേ.. പോവല്ലേട്ടോ.. കണ്ണാടിമുറി വിട്ട് പോവല്ലേ…”
കണ്ണാടിമുറിയില്‍ അപ്പുണ്ണി കാണുന്നത് മുന്നിലും പിന്നിലും ഇടത്തും വലത്തും മുകളിലും താഴത്തുമൊക്കെ കണ്ണാടികളാണ്..
” ന്താദ്.. എല്ലാട്ത്തും ഞാന്‍ തന്നെ..
ഒരു ഞാന്‍ എന്റെട്ത്ത്ക്ക് നടക്കുമ്പൊ വേറെ ഞാന്‍ തിരിഞ്ഞ് നടക്ക്ണ്.. ന്റെ കൂടെ ദേ എടത്തും വലത്തും ഞാനന്നെ……
ദേ..നോക്കിയേ.. മോളിലൊരാള് തലേം കുത്തി നടക്ക്ണ്.. താഴത്തൊരാള് ന്റെ പദത്തുമ്മ പാദം വെച്ച് നടക്കണ്.. ……..ഹ..ഹ..ഹ..ഹ..
ഇത്രേം ഞാനോ..
ഇത്രേം ഞാനെന്തിനാ….ഒര് ഞാന്‍ പോരെ..?
പിന്നേയ്.. എല്ലാ എന്നേം ചങ്ങലക്കിട്ടേക്കുവാ..
കൊറേ തുണുകളുള്ള ഈ കണ്ണാടിമുറീല്..
ചോരേ….. പോവല്ലേ…”

മുറിയുടെ നടുക്കായി പ്രകാശമേറിയ ഒരു ബള്‍ബുണ്ട്.. അപ്പുണ്ണിയുടെ സൂര്യനാണത്.. അതിന്റെ സ്വിച്ച് പുറത്താണ്..
”നിനക്കൊന്ന് കെട്ടൂടെ..” അയാള്‍ സൂര്യനെ നോക്കി ഉച്ചത്തിലലറും..
” ചിരിക്കണ കണ്ടാ.. തെമ്മാടി.. ”

അറിയിപ്പുമണിയുടെ ശബ്ദം അയാള്‍ക്ക് പേടിയാണ്.. അത് കേള്‍ക്കുമ്പോള്‍ അയാള്‍ ചുരുണ്ടുകിടക്കും..
”നിക്ക് വേണ്ട.. ഞാന്‍ വരൂല്ല..”
പക്ഷേ മൂന്നാമതും ബെല്‍ കേട്ടാല്‍ അയാള്‍ എഴുന്നേല്‍ക്കും ചങ്ങലക്കിലക്കത്തോടെ മുറിയുടെ വലത്തേമൂലയിലേക്ക് നടക്കും..,
കാരണം മൂന്ന് ബെല്ലിന് ശേഷം പിന്നെയെത്തുന്നത് ചൂരലാണ് വരുന്നതെന്ന് അയാള്‍ക്കറിയാം..
” അയ്യോ.. ന്നെ തല്ലല്ലേ.. ഞാന്‍ ഇനി ചെയ്യൂല..”

മനസിന്റെ താളം തെറ്റലുകളുമായി അപ്പുണ്ണി ആ ആശുപത്രിയിലെത്തിയിട്ട് വര്‍ഷങ്ങളേറെ കഴിഞ്ഞിരിക്കുന്നു..അയാള്‍ അയാളെ മാത്രം
സ്വയം സംസാരിച്ച്, തല്ലുകൂടി, ആനന്ദിച്ച് അങ്ങനെയങ്ങനെ..

”അമ്മൂണ്ട് വെളീല്‍.. അവള്ക്ക് നല്ല മണമാ…നല്ല മണമാ.. ചെമ്പകപ്പൂവാ..
ഞാനാ പറിച്ച് കൊടുത്തേ..മുടീല് നാല് ചെമ്പകം ചൂടും.. എപ്പഴും..”
ആവേശം പിന്നെ വിഷാദമാകും..
” ലാലിച്ചനെ അറീല്ലേ..ലാലിച്ചന്‍..
ലാലിച്ചന്തിനാ അമ്മൂനെ തല്ലിയേ.. ഉട്പ്പൊക്കെ കീറി..അമ്മൂന്റെ മേത്തൊക്കെ ചേരേയി. ദുഷ്ടനാ ലാലിച്ചന്‍..! ചെമ്പകം വേണേ ന്നോട് ചോയ്ച്ചാ പോരെ.. ഞാന്‍ പൊട്ടിച്ച് തരൂലോ.
നാന്‍ അമ്മൂനോട് ചോറ് ചോയ്ച് ചെന്നപ്പ അവള് ചൊമരില്‍ ചാരിയിരിക്കേണ്.. ന്നെ തുറിച്ചൊര് നോട്ടോം…വിളിച്ച്ട്ടൊന്നും മിണ്ടണില്ല.. ഞാന്‍ ന്ത് ചെയ്തിട്ട്..?”

”അയ്യോ.. അയ്യോ..
ഇപ്പ ബെല്ലടിക്കും..ഇക്ക് ബെല്ല് പേടിയാ….. ”

അപ്പുണ്ണി ദിവസത്തെ പകുത്തത് മൂന്ന് ബെല്‍ശബ്ദങ്ങള്‍ കൊണ്ടാണ്..
ഒന്നാംമണി.. ചുവന്ന ഗുളികയും ഇഡലിയും
രണ്ടാംമണി.. പച്ച ഗുളികയും ചോറും
മൂന്നാംമണി.. വെള്ളഗുളികയും ചോറും..,

പിന്നെ അയാളുടെ സൂര്യനസ്തമിക്കും..
പായയുടെ അഞ്ചരയടിയിലേക്ക് മടക്കം..

അപ്പുണ്ണി സന്തോഷവാനാണ്.. ആകെയൊരു വിഷമം ചോര പുറത്തേക്കൊഴുകുമോ എന്ന ഭീതി മാത്രം..
പുറംലോകം കാണാന്‍ അയാള്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്.. ചിലപ്പോഴൊക്കെ നേരിയ ഒരു കാഴ്ച കണ്ടിട്ടുമുണ്ട്..
” കണ്ണാടീടെ രസം പോയ ഭാഗത്തൂടെ നോക്കിയാ അവിടം കാണാം….
ഞാന്‍.. കൊറേ പ്രാവുകളെ കണ്ടു….
പിന്നെ ചോര കുടിക്കണോരേം…”

ഇടക്കിടക്ക് ഓര്‍മ്മകളിലേക്ക് തുറിച്ച കണ്ണുകള്‍ കടന്നുവരും..പിന്നെ അയാള്‍ ആ സൗമ്യശബ്ദം കേള്‍ക്കും..

”അപ്പ്വേട്ടാ… ബാ… ഇങ്ങട്ട് ബാ..”
അയാളുടെ അടുത്തേക്ക് അപ്പോള്‍ ഒരു പ്രാവ് പറന്നെത്തും.. അയാളാ പ്രാവിനെ തലോടും..
” അപ്പ്വേട്ടന് പേടിയാ.. പേടിയാ..”

അന്നും പതിവുപോലെ മൂന്നാം ബെല്ലിന് ശേഷം സൂര്യനസ്തമിച്ചു.. അച്ചു തഴപ്പായയിലേക്ക് ചുരുങ്ങി.

ഒരു നേരിയ വെട്ടം അപ്പോഴാണയാള്‍ ശ്രദ്ധിച്ചത്..രസം പോയ ചില്ലിലൂടെ വരുന്നതാണതെന്ന് അയാള്‍ക്ക് മനസിലായി..
അയാള്‍ മെല്ലെ എഴുന്നേറ്റു. ആ വെളിച്ചം ലക്ഷ്യമാക്കി നടന്നു.
ആ കണ്ണാടിദ്വാരത്തിലയാള്‍ കണ്ണുറപ്പിച്ചു..
അപ്പോഴയാള്‍ക്ക് ആ ലോകം കാണാനായി..
പ്രാവുകളുടെ കൂട്ടം.. അവയുടെ കുറുകല്‍..

”ഞാനും വരട്ടേ.. അങ്ങടിക്ക്..? ”
അയാള്‍ ചോദിച്ചു..

”വരൂ…” ഒരു സൗമ്യശബ്ദം..

”എങ്ങനെ.. നിക്ക് പറ്റണില്ല”

”അപ്പൂ.. നീ നിന്റെ ഉടുപ്പുകള്‍ ഊരിയെറിയ്..”

”അയ്യേ.. നിക്ക് നാണാകും..”

”ഇരുട്ടല്ലേ.. ആരും കാണൂല..നീ ഉടുപ്പഴിക്ക്..”

അയാള്‍ ഉടുപ്പഴിച്ചു..
അപ്പുണ്ണിക്കിപ്പോള്‍ സ്വന്തം നഗ്നത പോലും കാണാനാകുന്നില്ല..
പിന്നെ ആ ദ്വാരത്തിലൂടെ ഇഴഞ്ഞു..,
അയാള്‍ പുറത്തെ ലോകത്തെത്തി..

”അയ്യേ.. തുണീല്ലാത്ത ഞാന്‍..”
അയാള്‍ക്ക് ലജ്ജ തോന്നി..

പിന്നെ അയാള്‍ പ്രാവുകള്‍ക്കിടയിലേക്ക് നടന്നു..പ്രാവുകള്‍ അയാളുടെ ദേഹത്തും തലയിലുമൊക്കെ വന്നിരുന്നു..,അയാള്‍ക്ക് നല്ല ആനന്ദം അനുഭവപ്പെട്ടു..

അപ്പോള്‍ അയാള്‍ ഒരു ബെല്‍ കേട്ടു..
” അയ്യോ.. ബെല്ലടിച്ചു.. ന്നെ അവിടെ കണ്ടില്ലെങ്കി ചൂരലടി കിട്ടും..”

അയാള്‍ കരഞ്ഞു..

”ദേ.. അപ്പുണ്ണീ… ഇവിടെ നോക്ക്.. ”
അയാളങ്ങോട്ട് നോക്കി..
” ഈ പ്രാവിലേക്ക് നോക്കൂ.. പിന്നെ കണ്ണടക്കൂ..”
അയാള്‍ കണ്ണടച്ചു.. പിന്നെ ചിറകടിച്ച് ഒരു പ്രാവായി മാറി.. ആകാശം കുളിര് കൊണ്ട് മൂടി.. സൂര്യന്‍ ഊറിച്ചിരിച്ചു.. പ്രാവിന്‍കൂട്ടങ്ങള്‍ ചിലച്ചു.. അപ്പുണ്ണിയും..