ഹന്ന വറ്റലൂർ
ഇന്ന് മുതൽ എന്റെ വീട്ടിലെ
എച്ചിൽ പാത്രങ്ങൾ
കഥ കേൾക്കാതെ ഉറങ്ങും
കരിപുരണ്ട നെരിപ്പോട്
ശ്വാസമില്ലാതെ പിടയും
ചൂണ്ടിക്കാണിക്കാൻ ആളില്ലാതെ
അമ്പിളിമാമൻ ഇരുളിൽ മറയും
ഉപ്പ് കൂടിയ കറിയും
വേവ് കുറഞ്ഞ ചോറും
ഞങ്ങളുടെ വിശപ്പടക്കും
വീടിൻമൂലയിലെ മണ്ണാത്തൻ
ഇനിയെന്റെ വീട് തകർക്കപ്പെടില്ലെന്ന്
ആശ്വസിക്കും
തുടച്ച നിലം ഉണങ്ങുന്നതിന് മുമ്പ്
അകത്ത് കയറിയതിന്ന് വാക്ക് കേൾക്കില്ലെന്ന്
എന്റെ സമാധാനം
വൈകിക്കുളിച്ചു കയറുന്ന കാലടികൾ
തന്നെ നനക്കില്ലെന്ന് തറക്ക് ആശ്വാസം
മാനം ചുവക്കുമ്പോഴും ഞങ്ങൾക്ക്
ചിക്കിച്ചികഞ്ഞ് നടക്കാമല്ലോന്ന്
കോഴികളുടെ ആത്മഗദം
ഉപ്പയെ കാത്തുള്ള തൂങ്ങിയുറക്കങ്ങൾക്ക്
ഇനിയും സാക്ഷിയാവണ്ടല്ലോ
എന്ന് ഉമ്മറത്തിണ്ണ
കാരണം,
ഇന്നവളുടെ ‘മൂന്നാ’ണ്.