കനൽപ്പദങ്ങൾ

കനൽപ്പദങ്ങൾ

രൺജിത് നടവയൽ

അക്ഷരങ്ങളിൽ രക്തമിറ്റിക്കാതിരുന്നതിനാൽ

വരികളൊന്നും വെളിച്ചം കണ്ടില്ല.

കാപട്യങ്ങൾക്കു വേണ്ടി തൂവാൻ

ശരീരത്തിലെ രക്തം വരണ്ടിരുന്നു.

കവിയരങ്ങുകളിൽ വരികൾ തട്ടി മുറിഞ്ഞതിനാൽ

കവികളെല്ലാം മുഖം തിരിച്ചു.

ഇടത്തേക്കും, വലത്തേക്കും, മുകളിലേക്കും,

താഴേക്കും, ലക്കും ലഗാനവുമില്ലാതെ

പോകുന്ന വരികൾ നഗ്നരായതിനാൽ

ഒരേ വഴികളിലൂടെ മാത്രം പോകുന്ന വരികൾ

മൂക്കിൽ വിരൽ വെച്ചു.

ഇന്ധനം നിറച്ചു കീ കൊടുത്തു വിട്ട വരികൾ

അല്ലാത്തതിനാൽ എവിടെ തട്ടി വീഴുമോ എന്തോ?