കവി ആകുന്നത്

കവി ആകുന്നത്

ആനന്ദ്‌ അമരത്വ

കവി ആകുക എന്നത്‌
പപ്പടം കാച്ചും പോലെ
തിളച്ച എണ്ണയിൽ
തിരിച്ചും മറിച്ചുമിട്ട്‌
കമ്പിയിൽ കുത്തി എടുക്കും പോലെ
എളുപ്പമെന്ന് തോന്നും!
ചുള എണ്ണിക്കൊടുത്ത്‌
അച്ചടിച്ച തലയണപ്പുറത്ത്‌
കിടന്നുറങ്ങുമ്പോഴും
അവാർഡ്‌ എന്ന സ്വപ്നത്തിലേക്ക്‌
ചുളയെറിയണം…

കവിത കുറിക്കുക എന്നത്‌
‘കടലമ്മ കള്ളി’എന്ന്
കടൽ തീരത്ത്‌
ചിക്കി ചികഞ്ഞാൽ മതി.
തിര കൊണ്ടു പോകാതിരുന്നാൽ
അടുത്ത ചാകരയ്ക്ക്‌
‘കടലും കരയും കാമിച്ചല്ലോ’
എന്ന കവിത വീശാം .

കവിയാകുക എന്നത്‌
വഴി തെറ്റല്ലെ,തെറ്റിക്കല്ലെ
എന്നു തോന്നും.
വഴിയേ ഇല്ലാതെ…
ഒറ്റ കുപ്പിയും ഒറ്റ ഗ്ലാസുമായ്‌
തലയ്ക്ക്‌ പിടിക്കുന്ന സമത്വം
കവി കവി… എന്ന്
കെട്ടി പിടിക്കലും
കൊട്ടിഘോഷിക്കലും നടത്തും.

കവിയാകുക എന്നത്‌
പക്ഷം പിടിക്കുക
ചുവപ്പുടുക്കുക
കറുപ്പുടുക്കുക
വെറുതെയങ്ങ്‌
തിളച്ചു മറിയുക,
വന്ന വഴിയെല്ലാം
ഉഴുതു മറിക്കുക
പിച്ചും പേയും പറഞ്ഞ്‌
ആളെ കൂട്ടുക.

കവിയാകുക എന്നത്‌
നായുടെ വായിൽ കോലിട്ടു തിരുകി
കടി ഇരന്നു വാങ്ങുക,
ഭരിക്കുന്നോർക്ക്‌ കുട പിടിച്ച്‌
നാലു പൊന്നാടയ്ക്കായ്‌
കുനിഞ്ഞു കൊടുക്കുക
എന്നൊക്കെയാണ്‌.

കവിയാകുക എന്നത്‌
കോക്കസുണ്ടാക്കുക
കുട പിടിക്കുക,
കവിത എഴുതണമെന്നേയില്ല,
പട്ടം കൊടുക്കുന്നവർക്ക്‌
പുട്ടിനു പീരയിട്ട്‌ കൊടുത്താൽ മതി.