ഖാദർ
“ന്റെ… മ്മാ… നിങ്ങൾ ഇങ്ങനെ നിർബന്ധിക്കല്ലേ. ഒരുമാസവും കൂടിയല്ലേ
ഉള്ളു, കുറച്ചു പൈസ കൂടി കിട്ടിയാൽ ഞാൻ അങ്ങ് എത്തും.”
നാട്ടിലെത്തിയാൽ ഉടനെ പെങ്ങളെ കല്യാണവും ഉമ്മയുടെയും ഉപ്പയുടെയും കുടുംബത്തിന്റെയും ഒന്നിച്ചുള്ള നാളുകളെ ക്കുറിച്ച് ആലോചിച്ചു അവന്റെ ഓരോ വാക്കിലും സന്തോഷം ഒളിഞ്ഞിരിക്കുന്നത് ഉമ്മയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
അന്ന് രാത്രി വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും, മിഠായികളും, അടുക്കി വെക്കുന്ന ധൃതിയിൽ ഉറങ്ങിക്കിടക്കുന്ന പള്ളയെ തട്ടിയുണർത്താൻ അവൻ മറന്നു. സന്തോഷം അവന്റെ വിശപ്പ് ആകറ്റിയിരുന്നു
“നാളെ എന്നെ കണ്ടാൽ എന്തായിരിക്കും അവരുടെ അവസ്ഥ? ഹാ..ഹാ…എനിക്ക് വയ്യ, അവരൊക്കെ സർപ്രൈസായി മരിക്കും അല്ലെ?”
സന്തോഷത്തിൽ നീന്തി കുളിക്കുന്ന മുഖഭാവത്തോടെ ‘മുഹമ്മദ്’ ഉച്ചത്തിൽ അലറിയതും ഭിത്തിയിൽ തട്ടി ശബ്ദത്തിന്റെ പ്രതിധ്വനികളിൽ വരാനിരിക്കുന്ന വലിയ ദുഃഖത്തിന്റെ അടയാളങ്ങൾ മൗനത്തിൽ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
രാവിലെ 9 മണിക്കാണ് യാത്ര. കൃത്യസമയത്ത് എത്താനുള്ളതിനാൽ കൺപോളയെ താലോലിച്ചു ഉറക്കിയെങ്കിലും ഉറക്കാൻ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു.
ഉമ്മയുടെ മുഖത്തിന്റെ മായാ ചിത്രം കൺപോളെയെ വലിച്ചു പിടിച്ചിരുന്നു. കൃത്യം ഒരു മണിക്ക് മുഹമ്മദ് കോഴിക്കോട് പറന്നിറങ്ങിയിട്ടും
ഫോണിനെ പുതപ്പിച്ചു ഉറക്കിലേക്ക് തള്ളി വിട്ടത് കൊണ്ട് ആർക്കും ഒരു സംശയമുണ്ടായില്ല.
“ഹാവു അങ്ങനെ നാട്ടിൽ എത്തി. ന്റെ പ്ലാൻ എല്ലോ വർക്ക് ആവുലെ ടാ…?”
മുഹമ്മദിന്റെ ഈ വാക്ക് കൂട്ടുകാരുടെ നെഞ്ചത്തേക്ക് തീകനലുകൾ പെയ്തിറങ്ങുന്നത് പോലെ പെയ്തിറങ്ങി.
“മ്മ്… മ്മ്…”
കൂട്ടുകാരുടെ മറുപടിയിൽ നിന്നും മറഞ്ഞിരിക്കുന്ന ജനിച്ച കഥകളെപ്പോലും വായിച്ചെടുക്കാൻ മുഹമ്മദിന് സാധിച്ചിരുന്നില്ല, അത്രയ്ക്കും സന്തോഷം അവന്റെ ഹൃദയങ്ങളെ കീഴടക്കിയിരുന്നു
വീട്ടിലേക്കുള്ള വാഹനത്തിന്റെ വേഗത വർദ്ധിക്കുമ്പോഴും അവന്റെ സന്തോഷത്തിന്റെ വെളിച്ചം പതുക്കെ അസ്തമിക്കാൻ തുടങ്ങി ഫോൺ ഉറക്കിൽ നിന്നും ഉണർന്നപ്പോഴാണ് ദുഃഖങ്ങൾ അവനെ പുതച്ചത്…!
ആദ്യം തന്നെ വാർത്ത വിശ്രമമില്ലാതെ പെയ്യാൻ തുടങ്ങി
“വയനാട്ടിൽ ഉരുൾപൊട്ടൽ, നൂറിലധികം വീടുകൾ തകർന്നു, ഇരുന്നൂരിലധികം ജീവനുകൾ നാശ നഷ്ടമായി, മൂന്നുറിലധികം മൃതശരീരങ്ങൾ കണ്ടു കിട്ടാതെയായി.”
എന്നിങ്ങനെ എവിടെ നോക്കിയാലും കാണുന്ന വാർത്തകൾ അവന്റെ സന്തോഷം വിയർപ്പിന്റെ കൂടെ ഒലിച്ചുപോവാൻ സഹായിച്ചു. അൽപ നേരത്തിനു ശേഷം വാഹനം നിർത്തിയത് ഏതോ കണ്ടു മറന്ന മൈതാനത്താണ്. മണ്ണും ചളിയും കല്ലുകളും മരങ്ങളും കൊണ്ട് അലങ്കാരമായിട്ടാണ് നിറഞ്ഞിരിക്കുന്നത്. അതിനിടയിൽ ചലനമറ്റ ശരീരങ്ങൾ നീന്തി കുളിക്കുന്നുതും നോക്കി അവന്റെ കണ്ണീരിനു റൂഹ് ഊതി, തന്റെ ഉമ്മ എവിടെ, ഭാര്യ എവിടെ, പെങ്ങൾ, കുട്ടികൾ,എന്നിങ്ങനെ ഓരോരുത്തരെയും പേര് വിളിച്ചവൻ ഉച്ചത്തിൽ പൊട്ടിക്കരയാൻ തുടങ്ങി.
കണ്ണീരിനൊപ്പം മൃത ശരീരങ്ങൾ വേഗത്തിൽ ഒഴുകാൻ തുടങ്ങി.ആർക്കും പിടികൊടുക്കാതെ…
ഓടിപ്പോകുന്ന സമയത്തെ പിടിച്ചുവച്ച് ഓരോ ശരീരവും എടുത്തു നോക്കാൻ തുടങ്ങിയവൻ മണ്ണിനടിയിലും പാറക്കല്ലിനിടയിലും ഒളിച്ചിരിക്കുന്ന നിരവധി കൈകാലുകളും കിട്ടി. പകുതി തല പോയതും കാല് പോയതുമായ ശരീരവും ഓരോന്നായി നോക്കി പരിശോധിക്കാൻ തുടങ്ങി.
“എവിടെ ന്റെ മ്മാ, ഭാര്യ, മക്കൾ,”
ശബ്ദത്തിന്റെ വേദനയുടെ അഗാഥം വർദ്ധിക്കുന്നുണ്ടായിരുന്നു.
പല മുഖങ്ങളും
കൈകാലുകളും അവന്റെ കണ്ണിലൂടെ സഞ്ചരിച്ചു. എവിടെയോ കണ്ടു മറന്ന ചില മുഖങ്ങൾ അവനെ കൂവി വിളിച്ചു പക്ഷേ അവന് കേൾക്കാൻ കഴിഞ്ഞിരുന്നില്ല… തിരച്ചിൽ മണിക്കൂറുകൾ ആയി, ദിവസങ്ങളായി, ആർച്ചകളായി, പക്ഷേ എത്ര പരിശോധിച്ചിട്ടും കണ്ടെത്താനായില്ല അവൻ നിരാശയോടെ ഇരുന്നു കരയാൻ തുടങ്ങി…
“എന്റെ റബ്ബേ നീ എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നേ? ഒന്നും രണ്ടുമല്ല പതിനൊന്നു ജീവനുകളാണ് വേദനകളാണ്. ഇന്നെങ്കിലും ഒരു പ്രാവശ്യം കാണിച്ചു തരുമോ റബ്ബേ…? ഒരു നോട്ടമെങ്കിലും കാണാനുള്ള കൊതി കൊണ്ടാണ് റബ്ബേ “
പക്ഷേ അവന്റെ പ്രാർത്ഥനയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് തന്നെ ദൈവം മറുപടിയായി അവന്റെ നഷ്ടപ്പെട്ട ജീവനുകളെ കണ്മുന്നിലായി കാണിച്ചിരുന്നു. പക്ഷേ നൊമ്പരങ്ങൾ കൊണ്ട് കണ്ണിന് അന്ധത ബാധിച്ചതിനാൽ അത് അവന് കാണാനും തിരിച്ചറിയാനും സാധിച്ചില്ല, ഗൾഫിൽ നിന്നും വന്ന ദിവസം തന്നെ അവൻ പരിശോധിച്ച ശരീരങ്ങളിൽ അവന്റെ ഉമ്മയും മകനും ഭാര്യയും ഉണ്ടായത് അവൻ അറിഞ്ഞതേയില്ല, അവൻ സഞ്ചരിച്ച കാൽപാദങ്ങൾ വരെ അവനോട് സത്യങ്ങൾ വിളിച്ചു പറയാൻ ശ്രമിച്ചു പക്ഷേ അവിടെ വേദനകൾ ബദിരതയായി നിന്നു. ആ പതിനൊന്ന് ശരീരം ആരാണെന്ന് തിരിച്ചറിയാതെ ആരെക്കൊയോ ചേർന്ന് ഖബറടക്കിക്കഴിഞ്ഞ് ഇന്നേക്ക് ആഴ്ചകൾ കടന്നിരിക്കുന്നു. മുഹമ്മദാണെങ്കിൽ തന്റെ പതിനൊന്നു ജീവനെയും തേടി പല വഴികളും കുഴികളും തിരയുന്നു…കുടുംബം മണ്ണ് രുചിച്ചു വിശ്രമിക്കുമ്പോൾ അവൻ അവരുടെ വേദനകൾ രുചിച്ചു യാത്ര തുടരുന്നു. അവസാനിക്കാത്ത യാത്ര…