കിനാവ്
കൊടുങ്കാറ്റിനെ
കാലിൽ കൊണ്ടുനടന്നവനേ,
കാല്പന്തെന്നത്
ഉന്മാദികളുടെ
പന്തടക്കത്തിന്റെ
കഥയാണെന്ന്
പഠിപ്പിച്ചവനേ,
കളിയുടെ
രതിമൂർച്ഛകളിൽ
എതിരാളിയുടെ
പോസ്റ്റിലേക്ക്
തൊടുത്തുവിടാൻ
പാകത്തിനു
തീക്കാറ്റുകൾ
സ്വന്തമാക്കിയവനേ!
ഞായറിലെ പന്ത്
ആകാശത്തിൽനിന്നു
ചെമന്നുതുടുത്തു
വിടവാങ്ങുമ്പോൾ,
ഡിസംബറിന്റെ മഞ്ഞുകണങ്ങൾ
ഗാലറിയിലെ
പതിനായിരങ്ങളെ
പൊതിഞ്ഞുതുടങ്ങുമ്പോൾ
അൽ ഹിൽമ്*
അവസാനവട്ടത്തിനായി
നിന്റെ കാലിലുമ്മവയ്ക്കും!
ഓരോ ഷോട്ടും
വർണ്ണവെറിയില്ലാത്ത
കിനാവുകളെ
വാനോളമുയർത്തട്ടേ!
സാമ്രാജ്യങ്ങൾ
വീഴുമ്പോളും
കവലയിലെ
കട്ടൗട്ടുകളില്ലാതെ,
മൈതാനത്തിന്റെ
കളിമിടുക്കിന്റെ
കരുത്തായവനേ,
കുന്നോളം ഗോളുകൾക്ക്
ജന്മംനൽകിയിട്ടും
നിറചിരിയുമായി
കളിക്കളത്തിൽ
ആരവമായവനേ,
നിന്റെ ഇഫൽഗോപുരത്തിന്റെ
ചുവട്ടിൽനിന്ന്
സീൻ നദിക്കരയിൽനിന്ന്
കളിപഠിച്ചുതുടങ്ങിയ
റെഗ്രാഗുയി*യുടെ
കറുത്ത കുട്ടികളെക്കാൾ
മിടുക്കരാണ്
മാന്ത്രികക്കാലുകളുള്ള
മെസ്സിക്കുട്ടികൾ,
പൊരുതിനേടണം!
തീക്കാറ്റുപോലെ
നീ ഓടുമ്പോൾ
കളിമിടുക്കിനുള്ള
സ്വർണ്ണപാദുകം
നിനക്കല്ലാതെ
ആർക്കു കിട്ടാനാണ്!
ദിദിയർ ദെഷോമിനൊപ്പം*
കപ്പുയർത്തുമ്പോൾ
കാല്പന്തുവസന്തത്തിനു
പേരിടാൻ
പരന്ത്രീസുകാരുടെ
ഒരു സാമ്രാജ്യം
മതിയാകാതെ വരില്ലേ!
ഭുമിയിൽ
മഞ്ഞുപെയ്യുമ്പോൾ
വസന്തത്തെ
ലോകത്തിനു
സമ്മാനിക്കാൻ
നിങ്ങൾക്കേ കഴിയൂ!
അൽ ഹിൽമ്- സെമിമുതൽ കളിക്കളത്തിൽ ഉപയോഗിക്കുന്ന പന്ത്.
ദിദിയർ ദെഷോം- ഫ്രഞ്ച് പരിശീലകൻ
റെഗ്രാഗുയി- ഫ്രഞ്ചുകാരനായ മൊറോക്കോ പരിശീലകൻ