കുണ്ടക്കളി

കുണ്ടക്കളി

നജീബ് കാഞ്ഞിരോട്

                                                                  അത്തിമംഗലം കവലയും പെൺതെരുവും ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് അന്ന് മഞ്ഞ് തേമ്പിയ പുലർച്ചയിലേക്ക് എഴുന്നേറ്റത്. തട്ടുകട നടത്തുന്ന റാണമ്മയാണ് രാവിലെ നെല്ലിഹുദിക്കേരി പുഴയുടെ തീരത്ത് അലക്കുകല്ലിന്റെ അരികിലായി ചത്തുമലച്ചു കിടക്കുന്ന ശരീരം കണ്ടത്. കുറച്ചുദൂരെയായി ഒരു പാറയുടെ മുകളിലിരുന്ന് അശ്ലീലച്ചിരിയോടെ സിഗരറ്റ് പുകക്കുന്ന കരടിക്കോട് ഡെച്ചമ്മയെ കണ്ടതോടെ അവളുടെ ഉള്ളം ഭീതിയാൽ പ്രകമ്പിച്ചു. നിലവിളിയോടെ അവൾ അത്തിമംഗലയിലേക്ക് ഓടി. വാർത്ത മടിക്കേരി ശൈലമാലയിൽ കോടയിറങ്ങിയത് പോലെ പടർന്നു. പെൺതെരുവിൽ എത്തുമ്പോഴേക്കും അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. കടയുടെ മുന്നിലിരുന്ന് മൂളിപ്പാട്ട്  പാടി ചെരിപ്പ് തുന്നുന്ന പൂവമ്മയെ കണ്ടപ്പോൾ അവൾ പ്രജ്ഞയറ്റു തളർന്നുനിന്നു. വിറക്കുന്ന കാലുകളോടെ അവൾ ബളകാരമ്മയുടെ അടുത്തേക്ക് നീങ്ങുമ്പോൾ ഉച്ചത്തിൽ കൂക്കിവിളിയും പാട്ടും ബഹളവുമായി ഒരു സംഘം ബസ്റ്റാൻഡിലേക്ക് കയറി. അവർ പ്ലാസ്റ്റിക് ഡ്രമ്മുകളിലും ബാന്റുകളിലും മരക്കമ്പുകൾ കൊണ്ട് അടിക്കുകയും തെറിവിളിക്കുകയും അശ്ലീലച്ചുവടുകളോടെ നൃത്തമാടുകയുമാണ്. ബസ്റ്റാന്റിലും തെരുവിലും കൂടിനിൽക്കുന്നവർ അധരങ്ങളിൽ കൊളുത്തിയിട്ട നേർത്ത ചിരിയോടെ അവരുടെ ചേഷ്ടകൾ ആസ്വദിക്കുന്നു. അത്തിമംഗലയിലെ കൊടവരുടെ ഉത്സവദിനമാണ്. ഇന്നും നാളെയും അവർ റോഡിലും തെരുവിലും ആടിപ്പാടുകയും ഉച്ചത്തിൽ തെറിവിളിക്കുകയും ഓരോ കടയിലും കയറി പൈസ മേടിക്കുകയും ചെയ്യും. സ്ത്രീകളും കുട്ടികളും പുരുഷൻമാരുമടങ്ങുന്ന സംഘം ദേഹം മുഴുവനും പലവർണ്ണങ്ങളിലുള്ള ചായം പൂശി, വ്യത്യസ്തവേഷങ്ങൾ അണിഞ്ഞ് തെരുവിൽ പടരും. അവരിൽ അർദ്ധനഗ്നമായ പാശ്ചാത്യവേഷങ്ങളും പ്രാചീനമായ ആദിവാസി രൂപങ്ങളും കാഷായ വസ്ത്രങ്ങളും ശുഭവസ്ത്രധാരികളുമെല്ലാം സമന്വയിച്ച് ആധുനികതയും പൗരാണികതയും കൂടിക്കലരും.  ചിലർ നിലത്തുകിടന്ന് തുണി പൊക്കുകയും മറ്റുള്ളവർ അവരിലേക്ക് ലൈംഗികചലനങ്ങളോടെ ഇടകലരുകയും ചെയ്യും. കുണ്ടക്കളി എന്നറിയപ്പെടുന്ന ആചാരങ്ങൾ ഉന്മാദാവസ്ഥയിൽ മൂർച്ഛിക്കുമ്പോൾ അസഹ്യമായ തെറിവിളികൾ കേട്ട് സ്ത്രീകൾ അകന്നുമാറുകയും കുട്ടികൾ ചെവി പൊത്തുകയും ചെയ്യും. ചുറ്റും ഉയരുന്ന കുണ്ടക്കളിയുടെ ബഹളത്തിനിടയിൽ ശബ്ദം നഷ്ടപ്പെട്ട റാണമ്മ പെൺതെരുവിന്റെ മുഖത്തേക്ക് നിസ്സഹായതയോടെ നോക്കി നിശ്ചലയായി നിന്നു.

അമ്മത്തെരുവ്  എന്നറിയപ്പെടുന്ന അത്തിമംഗലത്തെ പെൺതെരുവിൽ ബളകാരമ്മയുടെ വളക്കട, കാവേരമ്മയുടെ പലചരക്കുകട, ചെരിപ്പും കുടയുമൊക്കെ നന്നാക്കുന്ന പൂവി എന്ന പൂവമ്മയുടെ റിപ്പയർ കട, അതൊരു കടയാണെന്നെന്നും പറയാൻ കഴിയില്ല, നാലുഭാഗത്തും തുരുമ്പ് പിടിച്ച നീലഷീറ്റുകൾ അടുക്കിവെച്ച് നിർമ്മിച്ച പൊതുകുളിമുറി പോലെ തോന്നിക്കുന്ന പൊടിപിടിച്ച ചതുരാകൃതിയിലുള്ള കൂര. അതിനുള്ളിൽ വാർ പൊട്ടിയ പഴയ ചെരിപ്പുകൾ, കാലൊടിഞ്ഞ കുടകൾ, പലവർണ്ണങ്ങളിൽ ദൈവങ്ങളുടെ ഫോട്ടോകൾ എന്നിവക്കിടയിൽ പുരാതനമായ ഏതോ ഗുഹക്കുള്ളിലെന്ന പോലെ പൂവമ്മ കൂനിക്കൂടി ഇരിക്കുന്നുണ്ടാവും. തൊട്ടതെല്ലാം പൊന്നാക്കി മുകൾ ഭാഗത്തെ വൃത്താകൃതിയിലുള്ള സുഷിരത്തിലൂടെ തുളച്ചുകയറുന്ന സൂര്യപാളി അവരുടെ തലയിലൊരു സ്വർണനാണയം കുടഞ്ഞിടും. എതിർവശത്ത് മീനാക്ഷിയമ്മയുടെ ജ്വല്ലറി, സൂസമ്മയുടെ മില്ല്, അവിടെ നിന്നും പൊടിയുന്ന മുളകിന്റെയും മല്ലിയുടെയും ഗന്ധം പെൺതെരുവിലേക്ക് എരിഞ്ഞിറങ്ങും.

‘ഈഗ വ്യാപാറ കമ്മി ആയിതു. എന് മാടതുന്തെ ഗൊത്തില്ല കാവേരക്കാ..’

  മുളക് പൊടിക്കുന്ന മെഷീനിന്റെ മുരൾച്ചയെ കവക്കുന്ന ശബ്ദത്തോടെ വിരിഞ്ഞ നുണക്കുഴികളുമായി സൂസമ്മ പരാതി പറയും.
നാൽപതിനും അമ്പതിനും മുകളിൽ പ്രായമുള്ളവരാണ് അവിടുത്തെ പെൺവ്യാപാരികൾ.

‘ഏന് സമാചാര പൂവീ ബെളിഗേ?’

മുഴക്കപ്പെട്ട ചോദ്യത്തോടെയാണ് ബളകാരമ്മ പ്രഭാതത്തിൽ മഞ്ഞുകാറ്റ് പുറത്തേക്ക് ഊതിവിട്ട് കന്നഡപത്രം വായിച്ചുതുടങ്ങുന്നത്. ദുർബലമായ ഉഷസ്സിന്റെ കഷണങ്ങൾ നൽകുന്ന കാഴ്ചയിൽ പൂവമ്മ കടക്കുള്ളിലെ ദൈവങ്ങൾക്ക് വെളിച്ചം കൊടുക്കുന്ന തിരക്കിലായിരിക്കും. നിരത്തിയൊട്ടിച്ച ദൈവങ്ങളുടെ ഫോട്ടോകൾക്കിടയിൽ അല്പം വലുതായി ചേർത്തുവെച്ച ഗണപതിയുടെയും കഅബയുടെയും യേശുവിന്റെയും ബുദ്ധന്റെയും ഫോട്ടോകൾക്ക് ചുറ്റും മെഴുകുതിരി ഉരുകിക്കൊണ്ടിരിക്കും. അപ്പോഴേക്കും മഞ്ഞുപാടയെ വിമുക്തമാക്കി പെൺതെരുവിന്റെ മുഖം തെളിച്ചപ്പെടും.

‘ഗണേശാ, കാപ്പാഡീ’ ന്നും പറഞ്ഞ് ഉള്ളുരുകി കേഴുമ്പോൾ പൂവമ്മയുടെ ഹൃദയത്തിൽ മകന്റെ ദയനീയമായ രൂപം കുരുമുളക് വള്ളി പോലെ തൂങ്ങിയാടും. നെഞ്ചിൽ കാട്ടുമുള്ള് തറച്ച നീറ്റലോടെയുള്ള പ്രാർത്ഥനക്ക് ശേഷം ദുസ്സഹമായ യാതനകളുടെ ഇരുണ്ട തുരങ്കത്തിലൂടെ പുറത്തേക്ക് നൂണ്ടിറങ്ങി പൂവമ്മയുടെ സൗമ്യമായ സ്വരം വീഴും.

‘ഏന് ഇല്ലടീ, ഇന്ന് തണുപ്പ്  ജാസ്തി. “
പൂവമ്മയുടെ മറുപടിക്കിടയിൽ ബളകാരമ്മ തലയാട്ടി പത്രവായന തുടരും. മുഖം നിറഞ്ഞുനിൽക്കുന്ന വലിയ ചതുരക്കണ്ണട അവരുടെ ഗൗരവത്തിന് കനം വർദ്ധിപ്പിക്കും. അത്തിമംഗലയിലെ പെൺകുട്ടികളുടെ കല്യാണം നടക്കുമ്പോൾ തലേന്ന് രാത്രി അവർക്ക് വളയിട്ട് കൊടുക്കുന്ന ചടങ്ങ് സ്ഥിരമായി ചെയ്യുന്നത് കൊണ്ടാണ് യഥാർത്ഥ പേരായ മുത്തമ്മയെ വിസ്‌മൃതിയിലാക്കി അവർക്ക് ബളകാരമ്മ എന്ന പേര് ചാർത്തിയത്. നല്ല ഉയരമുള്ള ശരീരവും കറുപ്പും വെളുപ്പും കെട്ടുപിണർന്ന നിറവുമാണവർക്ക്.
വളയിടൽ ചടങ്ങ് കഴിഞ്ഞാൽ കല്യാണവീടുകളിൽ തെരുവിലെ അമ്മമാരുടെ പാട്ടും ഡാൻസും അരങ്ങേറും. ബളകാരമ്മ തന്നെയാണ് അതിനും നേതൃത്വം കൊടുക്കുന്നത്. കുപ്പി കിട്ടുന്ന വീടുകളാണെങ്കിൽ കാവേരമ്മയൊഴികെ ബാക്കി എല്ലാവരും നന്നായി കുടിച്ച് കൊടവവാലഗ ഗാനത്തിന്റെ ആവേശത്തിൽ ഇളകിയാടും. അവരുടെ വൈഷമ്യങ്ങളും വേദനകളും ഹൃദ്യമായ പാട്ടിന്റെയും കൊടവനൃത്തത്തിന്റെയും ഉല്ലാസത്തിലും തണുത്ത ബിയറിന്റെ നുരകൾക്കിടയിലും സിൽവർമരത്തിന്റെ ഇലകൾ പോലെ കൊഴിഞ്ഞുവീഴും. അന്ന് രാത്രി വൈകുവോളം എല്ലാവരും ആ വീട്ടിൽ തന്നെ കാണും. പുലർച്ചെ ബളകാരമ്മ ആടിയുലഞ്ഞ് പഴയ കന്നഡഗാനം മൂളി, വൃക്ഷങ്ങളെ പൊതിയുന്ന ഭയാനകമായ കൂരിരുട്ട് കീറി മഞ്ഞ് പെയ്യുന്ന വിജനമായ ഒറ്റയടിപ്പാതയിലൂടെ വീട്ടിലേക്ക് നടക്കും. നിലാവും മഞ്ഞും ചേർന്നിരുന്നു കഥ പറയുന്ന വന്യമായ രാത്രിയിൽ കാട്ടാനകളുടെ ചിന്നംവിളിയുണരും. ആനശല്യമുള്ള കാട്ടുവഴിയിലൂടെ ഭയപ്പാടില്ലാതെ അവർ നടക്കും. ഇടക്കൊരു ദിവസം വീടിനുപിന്നിലെ എസ്റ്റേറ്റിൽ നിന്നും കാട്ടുകൊമ്പനിറങ്ങി അവരുടെ മുറ്റത്ത് വരെ എത്തിയിരുന്നെങ്കിലും ആളുകൾ ബഹളം സൃഷ്ടിച്ചും പന്തമെറിഞ്ഞും ഓടിക്കുമ്പോൾ  ബളകാരമ്മ ഇറയത്തിരുന്നു മുറുക്കിത്തുപ്പുകയായിരുന്നു. പൂവമ്മയും ബളകാരമ്മയുമാണ് പെൺതെരുവിലെ ഏറ്റവും പ്രായമുള്ള സൗഹൃദക്കൂട്ട്.

മഞ്ഞുവീഴുന്ന പുലർച്ചയുടെ ആലസ്യത്തിൽ ആറുമണിക്ക് എഴുന്നേറ്റ് കാപ്പിമണമുള്ള തണുത്ത കാറ്റിന്റെ കുളിർച്ചയിൽ പൂവമ്മ വീട്ടിലെ ജോലികൾ തീർത്ത് സുഖമില്ലാത്ത മകന് ഭക്ഷണവും കൊടുത്താണ് പെണ്ണമ്മയോടൊപ്പം അത്തിമംഗലത്തേക്ക് നടക്കുന്നത്. പെണ്ണമ്മ ഇടക്ക് അവരുടെ കാലുകൾക്കിടയിൽ കയറുകയും കുരച്ചുകൊണ്ട് കുറച്ച് ദൂരം മുന്നോട്ടോടി തിരിച്ചുവരികയും ചെയ്യും. കരടിക്കോട് ഡെച്ചമ്മയുടെ വീടിന് മുന്നിലെത്തുമ്പോൾ പൂവമ്മ അങ്ങോട്ടേക്ക് പാളിനോക്കും. ഉമ്മറത്തിരുന്ന് മുറുക്കുന്ന ഡെച്ചമ്മ പുച്ഛത്തോടെ അവരെ നോക്കി ചോര തുപ്പും. അപ്പോൾ പൂവമ്മയുടെ നടത്തം വേഗമണിയും. ആ വേഗനടത്തത്തോടൊപ്പം നോവുചിന്തകളിൽ ഹൃദയം പിടയും. അവരുടെ വൈരൂപ്യവും മകന്റെ ബുദ്ധിമാന്ദ്യവും ശേഷിക്കുറവും ഇഴചേർന്നപ്പോഴാണ് പൂവമ്മയുടെ പുരുവൻ അവരെ ഉപേക്ഷിച്ച് കാടുകയറിയത്. അയാളുടെ കൂടെ അവരുടെ ചിരിയും സന്തോഷവും കൂടി മലകയറി. മരണം പൊതിഞ്ഞു നിൽക്കുന്നതുപോലെയുള്ള തണുത്ത ശാന്തത ആ വീടിനു മുകളിൽ തൂങ്ങിക്കിടന്നു. ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് തിരിച്ചെത്തുന്നത് വരെ മകന്റെ കാര്യം അയൽക്കാരി സന്ധ്യയെ ഏല്പിച്ചാണ് അവർ നടക്കുക.

“അമ്മ പേടിക്കാണ്ട് ഹോഗി. ഇവന്റെ കാര്യങ്ങൾ നാൻ നോക്കിക്കൊള്ളാം.”

സന്ധ്യയുടെ കാപ്പിപ്പൂഗന്ധമുള്ള വാക്കുകളുടെ ആശ്വാസത്തിൽ ഇടവഴിയിലേക്കിറങ്ങുമ്പോൾ ഇരുപത്തിയഞ്ച് വയസ്സ് കഴിഞ്ഞിട്ടും കിടക്കയിലും വീൽചെയറിലുമായി ജീവിതം തള്ളിനീക്കുന്ന മകനെപ്പറ്റി ഓർക്കുമ്പോൾ തീക്കനലുകൾ കോരിയിട്ടത് പോലെ ഹൃദയം ചുട്ടുപഴുക്കും. അവനപ്പോൾ തുറന്നുകിടക്കുന്ന മരജാലകത്തിലൂടെ നദിയുടെ വിശാലതയിലേക്ക് ദൃഷ്ടി പായിക്കും. വെള്ളത്തിന്റെ പളപളപ്പിന് മുകളിൽ മഞ്ഞുപാളികൾ നിലാപ്പാടയായി പുകയുന്നത് കാണുമ്പോൾ മനസ്സും ശരീരവും തമ്മിലുള്ള അകൽച്ചയുടെ നൂൽപാലത്തിൽ കിടന്ന് മൃത്യുസമാനമായ നിശ്ചലതയിൽ പിടയുകയായിരിക്കും.

  അന്നൊരു ദിവസം നേരത്തേ വീട്ടിലേക്ക് പോകേണ്ടി വന്നപ്പോഴാണ് നടുക്കുന്ന, കാൽവിരലുകൾ തൊട്ട് നെറുകെവരെ അടിമുടി വിറപ്പിച്ച കാഴ്ചയിൽ പൂവമ്മ പിടഞ്ഞത്. അവരുടെ ചുളിഞ്ഞ വൃദ്ധനയനങ്ങൾക്ക് മുന്നിലാ ദൃശ്യം കാളനൃത്തമാടിയപ്പോൾ ചുഴലിക്കാറ്റിൽ പെട്ട കാറ്റാടിമരങ്ങളെ പോലെ പൂവമ്മ ആടിയുലഞ്ഞു. മൂളലും ഞരക്കവും പോലെയുള്ള ശബ്ദം കേട്ട് ജനാലയിലൂടെ അകത്തേക്ക് നോക്കിയപ്പോൾ ചൊറിയൻപുഴു ദേഹത്തൂടെ അരിച്ചുകയറുന്നത് പോലെയാണ് ആദ്യം അനുഭവപ്പെട്ടത്. ഒരുനിമിഷം ശ്വാസം വിലങ്ങിയതുപോലെ  അവർ കിടുകിടുത്തു. ഉടലാകെ പിടഞ്ഞുതുള്ളി. മകന്റെ സ്വാധീനമുള്ള വലതുകൈ സന്ധ്യയുടെ ബ്ലൗസിനു മുകളിലൂടെ മാറിടത്തിൽ ഇഴയുന്നു. മടിക്കേരി മലനിരകൾ ഒന്നായി ഇടിഞ്ഞു തലയിലേക്ക് പതിക്കുന്നത് പോലെയുള്ള അവസ്ഥയിൽ പുളിച്ചു നാറിയതെന്തോ അടിവയറ്റിൽ നിന്നും മുകളിലേക്ക് ഉരുണ്ടുകയറുന്നതായി തോന്നിയ പൂവമ്മ വായ പൊത്തി പുഴക്കരയിലേക്ക് ഓടി വെള്ളത്തിലേക്ക് ഛർദിച്ചു. ഒരുനിമിഷത്തെ സ്തബ്ധതയുടെ അറ്റത്ത് നിന്നും കിതപ്പോടെ അത്തിമംഗലയിലേക്ക് ഓടുമ്പോൾ ദിവസങ്ങളായി മകന്റെ മുണ്ട് മാറുമ്പോൾ അനുഭവപ്പെടുന്ന മുഷിഞ്ഞ വാടയുടെ ഉറവിടം ഭീതിയുടെ ഞരക്കത്തോടെ അവരിലേക്ക് പഴുതാരയെ പോലെ നുളഞ്ഞുകയറി.
പൂവമ്മയിൽ നിന്നുതിർന്ന വാക്കുകളുടെ ആഘാതത്തിൽ കുറേനിമിഷം ഒന്നും മിണ്ടാനാവാതെയുള്ള സ്തംഭനാവസ്ഥയിൽ ബളകാരമ്മ അവരെ തുറിച്ചുനോക്കി. അവർ കണ്ണടയൂരി വളകൾക്കിടയിലേക്കിട്ട് വാക്കുകൾ വൈമുഖ്യത്തോടെ പുറത്തേക്ക് വലിച്ചിട്ടു.

‘അവനു ഇരുപത്തി അഞ്ച് വയസായ ആൺകുട്ടി. ആശകള് കാണുമല്ലോ. നമ്മക്ക് എന്ത് ചെയ്യാന് പറ്റും. നീ സങ്കടമാവണ്ട. തൽക്കാലം ഒന്നും അറിയാത്ത പോലെ നിക്ക്. നമ്മക്ക് നോക്കാ.”

‘എന്നാലും എന്റെ ഗണേശാ..’  അവർ ഗണപതി വിഗ്രഹത്തിലേക്ക് നോക്കി വിതുമ്പി.
“നീ സമാധാനമാക്കി ഇരി. എല്ലാ ശരിയാക്കാ.”
ബളകാരമ്മ അവരുടെ തോളിൽ തട്ടി ആശ്വസിപ്പിച്ച് കൈകൾ ചേർത്തുപിടിച്ചു. പൊട്ടിയ ചെരുപ്പുകളിലേക്കും ഒടിഞ്ഞു തൂങ്ങിയ കുടകളിലേക്കും അലക്ഷ്യമായി മിഴികൾ കോർത്ത് പൂവമ്മ അന്ധകാരത്തിന്റെ ചുഴിയിൽപെട്ട് നിശ്ചലയായി ഇരുന്നു. പെട്ടന്നവർ ജ്വരബാധയേറ്റതുപോലെ ദേവമ്മയുടെ കടയിലേക്ക് ഓടുകയും അല്പനേരത്തിനു ശേഷം കയ്യിലൊരു പൊതിയുമായി തിരിച്ചുവരികയും ചെയ്തു. അതുകണ്ട ബളകാരമ്മയുടെ ചുണ്ടുകൾ നേരിയ മന്ദഹാസത്താൽ വിടർന്നു. പൂവമ്മ അങ്ങനെയാണ്. ദേഷ്യവും വിഷമവും ഒന്നിച്ചു കൊളുത്തിയാൽ അവർ ദേവമ്മയുടെ കടയിലേക്ക് പോകും. പിന്നെയുള്ള കാഴ്ച എല്ലാ ദേഷ്യവും തീർക്കാനുള്ള ത്വരയോടെ ആപ്പിളോ എത്തപ്പഴമോ കടിച്ചുമുറിച്ച് തിന്നുന്നതായിരിക്കും. അത് മുഴുവനും തിന്നുകഴിയുന്നതോടെ അവർ മസാലചാറ്റ് വിൽക്കുന്ന തട്ടുകടയിലേക്ക് കുതിക്കും. അതോടെ അവർ ശാന്തയാകും, മുഖം ലാഘവപ്പെടും.

സങ്കീർണ്ണമായ ആ ദിനങ്ങളിൽ പൂവമ്മ കടയിലെ ഒടിഞ്ഞ മരപ്പലകയിൽ ഇരുന്ന് ഇടവേളയിട്ട് ചുമക്കുകയും രണ്ട് ചുമകൾക്കിടയിൽ ചിന്തകളുടെ ചുരത്തിലേക്ക് വീഴുകയും ചെയ്തു. അതിനിടെ സന്ധ്യയുടെ കല്യാണം നിശ്ചയിച്ച വാർത്ത ആർദ്രമായ  ഇളംകാറ്റ് പോലെ അവരെ ആശ്വാസത്തിന്റെ തീരത്തേക്ക് വലിച്ചിട്ടു.  ഗോണിക്കുപ്പയിലായിരുന്നു വരൻ. അതിനുപിന്നിൽ ബളകാരമ്മയുടെ കരങ്ങളായിരുന്നു എന്നത് മനസ്സിലായത് തലേന്ന് സന്ധ്യക്ക്‌ വളയിട്ട് കൊടുക്കുന്ന ബളകാരമ്മയെ കണ്ടപ്പോഴാണ്. പക്ഷേ അതിന് ശേഷമുള്ള ദിവസങ്ങളിൽ മകന്റെ പ്രസരിപ്പ് നഷ്ടപ്പെട്ടതും വിരസമായ മന്ദിപ്പും നിഷേധാത്മക സമീപനവും പൂവമ്മയെ വേദനിപ്പിച്ചു. അവൻ ആ ദിവസങ്ങളിൽ അമ്മയെ നോക്കാതെ മച്ചിൽ എവിടെയൊക്കെയോ കണ്ണുകൾ കൊളുത്തിയിട്ട് അലസനായി കിടക്കും. ദിനങ്ങൾ അഴിഞ്ഞുവീഴവെ ആ വഴുപ്പുഗന്ധം വീണ്ടും മുറിയെ പൊതിയുന്നതായി തോന്നിയപ്പോൾ അവർ  ബളകരമ്മയിൽ അഭയം പ്രാപിച്ചു.

“അവനിക്കെ മൊബൈൽ ഉണ്ട?” അവരുടെ ആദ്യചോദ്യം അതായിരുന്നു.              
“പെരേൽ അവനിക്ക് സമയ പോണ്ടേ. അതുക്കാ ഞാൻ മൊബൈൽ മേടിച്ചുകൊടുത്തത്.” പൂവമ്മ നിസ്സഹായയായി.
“എന്നാ പറഞ്ചിട്ട് കാര്യമില്ല പൂവീ.. അതിൽ കിട്ടാത്തതായി ഒന്നുമില്ല. എല്ലാ പേക്കൂത്തുകളും കുട്ടികൾ പോലും പഠിക്കുന്നത് അതിലാണ്.”
പെൺതെരുവിൽ പലയിടത്തായി രുധിരവൃത്തങ്ങൾ തുപ്പി ഡെച്ചമ്മ അടുത്തുവരുന്നത് കണ്ട പൂവമ്മ മൗനപ്പെട്ട് തിരിഞ്ഞുനടന്നു.

കരടിക്കോട് ഡെച്ചമ്മ ഒരുകാലത്ത് പെൺതെരുവിലെ റൗഡിയായിരുന്നു. അന്നത്തെ  സംഭവത്തോടെയാണ് ഡെച്ചമ്മ ഒതുങ്ങിയത്. അന്നൊരു ഞായറാഴ്ച ബളകാരമ്മയുടെ കോളേജിൽ പഠിക്കുന്ന ഏകമകൾ അഷിത അമ്മയുടെ ഷോപ്പിൽ ഇരിക്കുമ്പോഴായിരുന്നു ഡെച്ചമ്മയുടെ മാസ്സ് എൻട്രി. കടയിലിരുന്നു ഉദാസീനമായി ഏതോ മാസിക വായിച്ചു കൊണ്ടിരുന്ന അഷിതയുടെ ലാവണ്യവും സൗന്ദര്യവും ഡെച്ചമ്മയുടെ സിരകളെ ചൂടു പിടിപ്പിച്ചു. ഉള്ളിൽ നുരഞ്ഞ അസഹ്യമായ വികാരവേലിയേറ്റത്തിന്റെ ആവേശത്തിൽ ഡെച്ചമ്മ അഷിതയെ ബലമായി ചേർത്തുപിടിച്ച് ചുണ്ടിൽ ഗാഢമായി ചുംബിക്കുകയും സീതപ്പഴം പോലെ മൃദുലമായ മാറിടം പിടിച്ചു ഞെരിക്കുകയും ചെയ്തു. ദേവമ്മയുടെ കടയിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ബളകാരമ്മ മകളുടെ നിലവിളി കേട്ട് കുതിച്ചെത്തി അട്ടഹാസത്തോടെ കാലുയർത്തി ഡെച്ചമ്മയുടെ നാഭിക്ക് ചവിട്ടി. പെട്ടെന്നുള്ള ആക്രമണത്തിൽ അടി തെറ്റിയ അവർ പിന്നിലുള്ള ഓടയിലേക്ക് തെറിച്ചുവീഴുമ്പോൾ, നട്ടെല്ലിലൂടെ അരിച്ചുകയറിയ താപത്തിന്റെ പ്രകമ്പനത്തിൽ ബളകാരമ്മയുടെ ശരീരം വെട്ടിവിറക്കുകയായിരുന്നു. എണീക്കാൻ സമയം കിട്ടുന്നതിന് മുമ്പ് ബളകാരമ്മ ഒരു കൈ കൊണ്ട് മുഷിഞ്ഞ ചേല മുകളിലേക്ക് തെരുത്ത് പിടിച്ചു അവരെ പിന്നെയും ചവിട്ടിക്കൂട്ടി. അതിനിടെ ബഹളം കേട്ട് വനിതാ സ്റ്റേഷനിൽ നിന്നും ചിന്നമ്മയും ശാന്തമ്മയും ഇറങ്ങിവന്ന് ഡെച്ചമ്മയെ വലിച്ചു സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതിനു ശേഷം കുറേദിവസങ്ങൾ ഡെച്ചമ്മ അവിടേക്ക് വന്നില്ല.

  ‘എനക്ക് സുഖം ബേക്കു, പക്ഷേ പണി കിട്ടാന് പറ്റൂല്ല. അതാണ്‌ എനക്ക് പെൺകുട്ടിയെ ഇഷ്ട. കേട്ടോടീ സൂള മക്കളേ.’
എന്നാണ് ഡെച്ചമ്മ പറയാറ്. അസാധാരണമായ ശരീരവടിവും സൗന്ദര്യവുമുള്ള അവർക്കാവശ്യമായ രതിസുഖം നൽകാൻ അത്തിമംഗലത്തെ ഒത്ത ആണുങ്ങൾ തയ്യാറായിരുന്നു. അത്തിമംഗലയിലൂടെ മദാലസയായി നടന്നുനീങ്ങുന്ന ഡെച്ചമ്മയുടലിനെ കാമനോട്ടത്താൽ നക്കിത്തുടച്ച് പുരുഷനേത്രങ്ങൾ പാളിവീഴുമ്പോഴും അവർ ആരെയും പരിഗണിച്ചില്ല. ഡെച്ചമ്മ എന്നും പെൺകുട്ടികളെ മാത്രം ഉപയോഗിച്ച് തന്റെ നുരഞ്ഞു പൊന്തുന്ന അനിയന്ത്രിതമായ കാമനകൾ ശമിപ്പിച്ചു.

‘എനക്ക് ആരുടെയും അടിയിൽ കിടക്കാന് പറ്റില്ല. ഞാൻ മോളിൽ കിടന്ന് ഗളി നിയന്ത്രിക്കും. എന്നെ ഊമ്പാൻ ആറെയും സമ്മതിക്കില്ല.’ അതായിരുന്നു ഡെച്ചമ്മയുടെ ശൈലി. അന്നത്തെ സംഭവത്തിന് ശേഷം കുറച്ചുകാലം വാറ്റുചാരായം വിൽക്കുന്ന കൗസമ്മയോടൊപ്പമായിരുന്നു പൊറുതി. തണുത്ത് വിറഞ്ഞൊരു സായാഹ്നത്തിൽ തന്റെ കാമതൃഷ്ണകൾ കൗസമ്മയുടെ കടഞ്ഞെടുത്ത ദേഹത്ത് ഇറക്കിവെക്കുന്നതിനിടെ  അവരുടെ പുരുവൻ കള്ളും കുടിച്ച് വന്ന് ഡെച്ചമ്മയെ ചവിട്ടി ആറ്റിലിട്ട് ‘എൻ ഹെണ്ടത്തിയെ നനഗേ ബേക്കൂ’ എന്നും പറഞ്ഞ് കൗസമ്മയെയും കൂട്ടി പോയതോടെ അവർ പിന്നെയും തനിച്ചായി. അതിനുശേഷമാണ് അവൾ എല്ലാവരെയും വെറുത്തുതുടങ്ങിയത്.

കുണ്ടക്കളിയുടെ ബഹളങ്ങൾ പെൺതെരുവിൽ നിന്നിറങ്ങി മെയിൻ റോഡിലേക്ക് കയറിയപ്പോൾ റാണമ്മ ധൈര്യം സംഭരിച്ച് ബളകാരമ്മയുടെ അടുത്തേക്ക് വിറക്കാലുകളോടെ നീങ്ങി. അവളുടെ വാക്കുകൾ പെൺതെരുവിൽ കനലുകൾ പോലെ ചിതറിവീണപ്പോഴേക്കും പെൺപട സംഭവസ്ഥലത്തേക്ക്‌ കുതിച്ചുതുടങ്ങിയിരുന്നു. അല്പനേരം കഴിഞ്ഞപ്പോഴേക്കും നെല്ലിഹുദിക്കേരിപാലത്തിന്റെ മുകളിലും സമീപത്തും പുഴയോരത്തുമൊക്കെയായി പെൺതെരുവിലെ സ്ത്രീകളും പരിസരപ്രദേശത്തുള്ളവരും മനുഷ്യവൃത്തം വരച്ചു. അസാധാരണമായ മൂളക്കത്തോടെ കാപ്പിപ്പൂക്കളുടെ പരിമളവും പേറിയിരമ്പിയ തോട്ടക്കാറ്റ് കാക്കളോടൊപ്പം നദിക്ക് മുകളിൽ വട്ടമിട്ടു. ദേവമ്മയും കാവേരമ്മയുമൊക്കെ ഭീതിയരിച്ച് നിൽക്കുമ്പോൾ പൂവമ്മ അലർച്ചയോടെ പുഴയരികിലൂടെ ഓടി നിലവിളിയോടെ മകന്റെ നിശ്ചലമായ ശരീരത്തിലേക്ക് അലച്ചുവീണു. ആ കാഴ്ചയുടെ അസഹനീയതയിൽ സകലരും, ചുവന്ന ബ്ലൗസും കറുത്ത പുള്ളിയുള്ള ലുങ്കിയും മാത്രം ധരിച്ച് അല്പം ദൂരെയുള്ള പാറക്കല്ലിൽ ഇരുന്നു മുറുക്കുന്ന ഡെച്ചമ്മയെ തുറിച്ചുനോക്കി. ചുറ്റും മുറുക്കിത്തുപ്പിയതിന്റെ ബാക്കിപത്രമെന്നോണം തെച്ചിവട്ടങ്ങൾ. ബ്ലൗസ് താഴേക്ക് വലിച്ചിറക്കിയത് പോലെ മാറിടം പാതി നഗ്നമായിരുന്നു. ബളകാരമ്മ അവളുടെ അടുത്തേക്ക് നീങ്ങുന്നതിനിടെ പിന്നിലൂടെ കുതിച്ചുവന്ന പൂവമ്മ ഡെച്ചമ്മയെ നോക്കി അലറി.

“നീ എന്റെ മോനെ കൊന്നോടീ കുത്തിച്ചി മോളെ.”
പെട്ടെന്ന് ബളകാരമ്മ അവരെ വലിച്ചു പിന്നിലേക്ക് മാറ്റി. കാവേരമ്മയും സൂസമ്മയും പൂവമ്മയെ ആശ്വസിപ്പിക്കുന്നതിനിടെ ബളകാരമ്മ ഡെച്ചമ്മയുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് തുറിച്ചുനോക്കി. തീ പിടിച്ച വാക്കുകൾ കോടമഞ്ഞ് പോലെ പെയ്തിറങ്ങി.

“നീ എന്താടീ ആ ചെക്കനെ ചെയ്തേ?”
ഡെച്ചമ്മയുടെ ചുണ്ടിൽ ജീർണ്ണിച്ചൊരു മന്ദാഹാസം തൂങ്ങിയാടി.

“ഞാനൊന്നും ചെയ്തില്ല. ചെക്കൻ എന്നോട് ഒരാഗ്രഹം പറഞ്ഞു. ഈ പുഴയുടെ തീരത്ത് വെച്ച് ഒരിക്കലെങ്കിലും..” അവൾ പൂർത്തിയാക്കാതെ നിർത്തി, വശ്യമായി ചിരിച്ചു.
“ഇന്ന് ഞാൻ അവനെ എടുത്തു കൊണ്ടുവന്നു ആഗ്രഹം സാധിച്ചുകൊടുത്തു. ഞാൻ ആദ്യമായിട്ടാ ഒരു പുറുഷനുമായി…പക്ഷെ ആ ചെക്കന് അതിന്റെ സന്തോഷ താങ്ങാൻ കഴിഞ്ഞില്ല. അവസാനം, എല്ലാം കഴിഞ്ഞപ്പോൾ അവൻ തളർന്നുവീണു. പിന്നെ അനങ്ങിയില്ല.” അവൾ കിതച്ചു. പക്ഷെ ആ കണ്ണുകളിൽ ആനന്ദത്തിന്റെ തിരയിളക്കം ദർശിച്ച ബളകാരമ്മ ഒന്നും മിണ്ടാതെ മൃതദേഹത്തിന്റെ അടുത്തേക്ക് നടന്നു. ചത്തുകിടക്കുമ്പോഴും അവന്റെ മിഴികളിലെ സംതൃപ്തിയുടെ തിളക്കം ബളകാരമ്മ അകകണ്ണാൽ ചൂണ്ടിയെടുത്തു.

സംഭവസ്ഥലത്തേക്ക്‌ നടക്കുകയായിരുന്ന വനിതാ പോലീസുകാരായ ചിന്നമ്മയെയും ശാന്തമ്മയെയും അവഗണിച്ച് ബളകാരമ്മ പാലത്തിലേക്ക് വലിഞ്ഞുകയറി ആഞ്ഞുനടന്നു.


Notes:

ഈഗ വ്യാപാര കമ്മി ആയിതു – ഇപ്പോൾ കച്ചവടം കുറവാണ്.

എൻ മാടുത്തുന്തെ ഗൊത്തില്ല – എന്ത് ചെയ്യണമെന്ന് അറിയില്ല.

ബെളിഗേ – രാവിലെ

എൻ ഹെണ്ടത്തിയെ നനഗേ ബേക്കൂ – എന്റെ ഭാര്യയെ എനിക്ക് വേണം.