കുളത്തിലെ പ്രേതം

കുളത്തിലെ പ്രേതം

ഷെരീഫ് ഇബ്രാഹിം

അന്നത്തെ തപാലിൽ എനിക്കൊരു കത്ത് കിട്ടി. ഞാനത് പൊട്ടിച്ചു വായിച്ചു.

പ്രിയപ്പെട്ട ജബ്ബാർ,

നിങ്ങളുടെ പഴയ ഒരു കൂട്ടുകാരനാണ് ഈ കത്തെഴുതുന്നത്. നമ്മൾ അബൂദാബിയിൽ മദീനസായെദിൽ ഒരു മുറിയിൽ രണ്ടു വർഷം താമസിച്ചിട്ടുണ്ട്. അന്ന് നിങ്ങൾ അദ്ധാഫർ കമ്പനിയിലായിരുന്നല്ലോ ജോലി. എന്റെ പേര് വിജയൻ. എന്റെ വീട് മതിലകത്ത് ആയിരുന്നു ഇപ്പോൾ വടക്കാഞ്ചേരി ചേലക്കരക്കടുത്തുള്ള ഒരു ഗ്രാമത്തിലാണ് താമസം. ഇവിടെ വന്നു ഫ്രെഡി വിജയൻ എന്ന് ചോദിച്ചാൽ ആരും കാണിച്ചു തരും അവിടെ എനിക്ക് ഫ്രെഡി ടെയിലേഷ്സിൽ ആയിരുന്നുവല്ലോ ജോലി. എനിക്ക് നിങ്ങളെ കാണണമെന്നുണ്ട്. ഞാൻ നിങ്ങളുടെ അടുത്ത് വരണമെങ്കിൽ വരാം. അതല്ല നിങ്ങൾ ഇങ്ങോട്ട് വന്നാൽ നന്നായിരുന്നു. കാരണം എനിക്ക് യാത്ര ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്.

എന്ന് നിങ്ങളുടെ ടൈലർ വിജയേട്ടൻ.

കത്ത് വായിച്ചു കഴിഞ്ഞപ്പോൾ എന്റെ ചിന്തകൾ വർഷങ്ങൾ പിന്നോട്ടെടുത്തു. അന്ന് റൂമിൽ താമസിക്കുന്നവരിൽ വിദ്യഭ്യാസം കുറവുള്ള ആളായിരുന്നു, വിജയേട്ടൻ. നിഷ്കളനായ, ഉറുമ്പിനെ പോലും ഉപദ്രവിക്കാത്ത, ഒരു ചീത്ത സ്വഭാവവും ഇല്ലാത്ത മനുഷ്യൻ.

എന്നാലും ഇങ്ങോട്ട് വരാതെ അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞതിൽ കുറച്ചു നീരസം തോന്നിയെങ്കിലും ഒരു ദിവസം പോകാൻ തീരുമാനിച്ചു.

അങ്ങിനെ ഒരു ഹർത്താൽ ദിവസം വെള്ളിയാഴ്ച പള്ളിയിൽ നിന്നും വന്നതിന്നു ശേഷം ബൈക്കിന്മേൽ യാത്ര പുറപ്പെട്ടു. സമയം വൈകീട്ട് നാല് മണിയായിക്കാണും. ഏകദേശം കുന്നംകുളം കഴിഞ്ഞപ്പോൾ കാലാവസ്ഥ ആകെ പെട്ടെന്ന് മാറി. ഭയങ്കരമായ കാറ്റ്. മഴക്കുള്ള ലക്ഷണം കാണുന്നു.

ഏകദേശം ചേലക്കര എത്തി. ഇരുട്ട് കൂടി കൂടി വരുന്നു. ചേലക്കര കഴിഞ്ഞപ്പോൾ മഴ തുള്ളിയിടാൻ തുടങ്ങി. ഞാൻ ഏതോ ഒരു ഗ്രാമത്തിൽ എത്തി. ചുറ്റും പാടങ്ങൾ ഉള്ള ഒരു ചെറിയ ഗ്രാമം. അകലെ അവിടെയവിടെയായി വീടുകൾ കാണാം. പാടത്തിന്നു നടുവിലൂടെ ഒരു ചെറിയ റോഡ്‌. ടാർ ചെയ്തിട്ടില്ല. മഴയുടെ ശക്തി കൂടിക്കൂടി വരുന്നു. പാടത്തിന്റെ നടുക്ക് റോഡ്‌ സൈഡിൽ രണ്ടു നിലയിലുള്ള ഒരു കെട്ടിടം. താഴേയും മുകളിലുമായി ഈരണ്ടു മുറികൾ. താഴത്തെ മുറിയിൽ ഒന്നിൽ ചെറിയ ചായക്കട. ഞാൻ ആ ചായക്കടയുടെ വരാന്തയിൽ ബൈക്ക് വെച്ചു. ഡ്രസ്സ്‌ കുറേശ്ശെ നനഞ്ഞിട്ടുണ്ട്. ഒരു തടിച്ചു ഉയരം കുറഞ്ഞ ആൾ എന്റെ അടുത്ത് വന്നു. തോളിന്നും തലക്കും ഇടയിൽ കഴുത്ത് ഇല്ലെന്നു തന്നെ പറയാം. തല മുഴുവൻ വടിച്ചിരിക്കുന്നു. മുഖത്ത് വലിയ ഒരു അരിമ്പാറ. കയ്യിന്മേൽ ഏലസ്സ് കെട്ടിയിരിക്കുന്നു. ഒരു കള്ളിമുണ്ടും കൈബനിയനും ആണ് വേഷം. രണ്ടും നന്നേ മുഷിഞ്ഞിരിക്കുന്നു.

അയാൾ ഒന്നും ചോദിക്കുന്നില്ല. എനിക്ക് അയാളുടെ മൌനം കണ്ടപ്പോൾ കുറച്ചു ദേഷ്യം വന്നു. അടുത്തിരുന്നു ചായ കുടിക്കുന്ന ആളോട് അത് സൂചിപ്പിക്കുകയും ചെയ്തു. അപ്പോഴാണ്‌ ആ സത്യം ഞാൻ മനസ്സിലാക്കിയത്. ആ ജോലിക്കാരൻ ഒരു ഊമയായിരുന്നു. എനിക്ക് കുറ്റബോധം തോന്നി.

കടയിലെ ഉടമസ്ഥൻ എന്റെ അടുത്ത് വന്നു പരിചയപ്പെടുത്തി. ഞാൻ ആ നാട്ടുകാരനല്ല എന്നറിഞ്ഞപ്പോൾ എന്റെ വരവിന്റെ ഉദ്ദേശ്യം ചോദിച്ചു. ഞാൻ വിവരം പറഞ്ഞു.

‘വിജയേട്ടന്റെ വീട് നോക്കിയാൽ കാണുന്ന ദൂരത്താണെങ്കിലും പാടത്തിന്റെ മറുകരയിൽ ആണ്. മഴ കാരണം ബൈക്ക് പോകുകയുമില്ല പിന്നെ പാടം വഴി പോകുകയാണെങ്കിൽ പെട്ടെന്ന് എത്താം. പക്ഷെ ഒരു വലിയ പ്രശ്നമുണ്ട്. പാടത്തെ കുളത്തിൽ ആരോ പണ്ട് മരിച്ചിട്ടുണ്ട്. അതിന്റെ പ്രേതശല്ല്യം ഉണ്ട്. പ്രത്യേകിച്ച് ഇന്ന് വെള്ളിയാഴ്ച്ചയുമാണല്ലോ.’ ഇതായിരുന്നു അദ്ധേഹത്തിന്റെ മറുപടി.

‘ഓ. പ്രേതങ്ങളിൽ എനിക്ക് വിശ്വാസമില്ല. അതൊക്കെ ജനങ്ങളുടെ തെറ്റിദ്ധാരണകളാണ്.’ ഞാൻ എന്റെ വിശ്വാസം തുറന്നു പറഞ്ഞു.

അദ്ദേഹം അത് നഖശിഗാന്ധം എതിർത്തു. തുടർന്ന് അദ്ദേഹം പറഞ്ഞത് അദ്ധേഹത്തിന്റെ കെട്ടിടത്തിന്റെ മുകൾ മുറിയിൽ ഈ രാത്രി താമസിച്ചോളാനും 50 രൂപ വാടക തന്നാൽ മതിയെന്നുമാണ്.

ഞാൻ അദ്ധെഹത്തോട് ബൈക്ക് ഇവിടെ വെച്ചോട്ടെ നാളെ വന്നു എടുക്കാമെന്നും പറഞ്ഞു. മഴ കുറഞ്ഞപ്പോൾ യാത്രയായി. സമയം രാത്രി പത്ത് ആയിട്ടുണ്ട്‌. ഇടിമിന്നൽ കുറേശ്ശെ ഉണ്ട്. പാടത്തിലൂടെ ഞാൻ ദൃതിയിൽ നടക്കുകയാണ്. ചായക്കടയിൽ നിന്നും വാങ്ങിയ കാലൻ കുട എന്റെ കയ്യിൽ ഉണ്ട്. പാടത്തെ കുളത്തിൽ ആരോ കുളിക്കുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അയാൾ കുളത്തിൽ നിന്നും കയറി വന്നു. എന്റെ കൂടെ നടക്കാൻ തുടങ്ങി. എന്റെ കുടയിൽ നിന്നോളാൻ പറഞ്ഞിട്ട് അയാൾ കൂട്ടാക്കിയില്ല. ഞാൻ നിർബന്ധിച്ചില്ല.

അയാളോട് ഈ നാട്ടുകാരനാണോ എന്ന് ഞാൻ ചോദിച്ചു. അതെ എന്ന് മറുപടിയും കിട്ടി.

വിജയേട്ടന്റെ വീട് അറിയുമോ എന്നായി എന്റെ അടുത്ത ചോദ്യം.

ഏതു വിജയെട്ടൻ എന്ന അയാളുടെ ചോദ്യത്തിന്നു ഫ്രെഡി വിജയെട്ടൻ എന്ന് ഞാൻ പറഞ്ഞു.

തനിക്കു ഈ നാട്ടിലെ എല്ലാവരെയും അറിയാമെന്നും ഈ പറഞ്ഞ വിജയെട്ടനെ അറിയില്ലെന്നും എന്നായിരുന്നു അയാളുടെ മറുപടി.

‘ആട്ടെ. ആ വിജയേട്ടൻ ഈ നാട്ടിൽ വന്നിട്ട് എത്ര വർഷമായി’ എന്ന അയാളുടെ ചോദ്യത്തിന്നു 25 വർഷത്തോളമായി എന്ന എന്റെ മറുപടി കേട്ടപ്പോൾ അയാൾ നിസ്സംഗത ഭാവത്തിൽ എന്നോട് പറഞ്ഞത് ‘അത് കൊണ്ടാണ് എനിക്ക് മനസ്സിലാവാഞ്ഞത്. കാരണം ഞാൻ മരിച്ചിട്ട് 30 വർഷമായി.

ഞാൻ ആകെ പേടിച്ചു. ഉള്ള ധൈര്യത്തിനു കയ്യിലുള്ള കുടയെടുത്തു അയാളുടെ കയ്യിന്മേൽ നല്ല ഊക്കോടെ ഒരു അടി അടിച്ചു. അടി കിട്ടിയ പാടെ ആ പ്രേതം കുളത്തിലേക്ക്‌ എടുത്തു ചാടി.

ഞാൻ വേഗം ഓടി, പാടത്തിന്നക്കരെയുള്ള വിജയേട്ടന്റെ വീട് ലക്ഷ്യമാക്കി.

വിജയേട്ടന്റെ വീട്ടിൽ ചെന്ന് കാളിംഗ് ബൽ അടിച്ചു. കുറച്ചു കാത്തു നിന്നിട്ടും ആരും വാതിൽ തുറക്കുന്നില്ല. എനിക്ക് കുറച്ചു പേടിയും വിജയേട്ടനോട് ദേഷ്യവും തോന്നി കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ആരാണെന്ന് അകത്തു നിന്നും ഒരു സ്ത്രീ ചോദിച്ചു. ഞാൻ പേര് പറഞ്ഞു. വാതിൽ തുറന്നു. അത് 30 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയായിരുന്നു. പോളിയോ പിടിച്ചു കാലിന്നു സ്വാധീനം ഇല്ലാത്ത ആ സ്ത്രീ ഇഴഞ്ഞു വന്നാണ് വാതിൽ തുറന്നത്. എനിക്ക് സങ്കടം തോന്നി.

‘ഇത് വിജയേട്ടന്റെ വീടല്ലേ?’ ഞാൻ സംശയം ചോദിച്ചു.

അതെ എന്ന് ആ സ്ത്രീ പറഞ്ഞപ്പോൾ എന്റെ അടുത്ത ചോദ്യം വിജയേട്ടൻ എവിടെയാണെന്നായിരുന്നു

അകത്തു നിന്ന് ആരോ വിളിച്ചു ചോദിച്ചു ‘ആരാ മോളെ അവിടെ?’

അച്ഛാ ഇത് അച്ഛന്റെ കൂട്ടുകാരനാ ജബ്ബറെട്ടൻ

‘ഇങ്ങോട്ട് വരൂ ജബ്ബാറേ’ അകത്തു നിന്നും വിജയേട്ടന്റെ ക്ഷണം. ഇയാൾക്കെന്താ പുറത്തേക്കു വന്നാൽ എന്ന് തോന്നിയെങ്കിലും ഞാൻ അകത്തു ചെന്നു

അവിടെ ഒരു പഴയ കട്ടിലിൽ കഴുത്ത് വരെ തുണിയിട്ട് മൂടിയ ഒരു മനുഷ്യനെ കണ്ടു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ലോകത്ത് ഇന്ന് വരെ ഒരു ഉറുമ്പിനെ പോലും ദ്രോഹിക്കാത്ത നല്ലവനായ മനുഷ്യനാണോ ഈ കിടക്കുന്നത്.

എന്റെ സംശയം ഞാൻ ഉള്ളിൽ ഒതുക്കി

‘ജബ്ബാറിന്നു തോന്നുന്നുണ്ടാവും ഞാൻ നിങ്ങൾ വന്നിട്ടും എന്താ എണിക്കാഞ്ഞത് എന്ന് അല്ലെ’ വിജയേട്ടൻ തുടർന്ന് കാലിന്മേലെ തുണി മാറ്റി കൊണ്ട് പറഞ്ഞു ‘നോക്കൂ ജബ്ബാർ ഈ ഒരു കാൽ മുറിച്ചതാണ്.’

എനിക്ക് എന്നെ തന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടായി.

ഞാൻ വിജയെട്ടനോട് എല്ലാം ചോദിച്ചു

ഗൾഫിൽ നിന്നും ഒരു പാട് ഞാൻ സമ്പാധിച്ചു. പണം, ഒരു പാട് സ്ഥലങ്ങൾ, കെട്ടിടങ്ങൾ, പിന്നെ ഗൾഫിൽ നിന്നും കൊണ്ട് വന്ന പ്രഷർ, ഷുഗർ, കൊളോസ്ട്രോൾ. രണ്ടു മക്കളെ കിട്ടി. നേരത്തെ കണ്ട ആ മകൾ, ശ്രീദേവി. പിന്നെ ഒരു മകനും.അവൻ മരുന്ന് വാങ്ങാൻ വടക്കാഞ്ചേരിക്ക് പോയിരിക്കുകയാ. ഗൾഫിൽ പോകാൻ വിസ കിട്ടിയിട്ടും എന്നെയും ഇവളെയും ശുശ്രൂഷിക്കാമെന്നു പറഞ്ഞു ഇവിടെ തന്നെ നിൽക്കുകയാണ്.

ഇടയിൽ കയറി ഞാൻ ചോദിച്ചു. ‘അപ്പോൾ ഭാര്യയോ?’

ഒരു നിമിഷം മൌനമായി ഗദ്ഗദകണ്ടനായി വിജയേട്ടൻ പറഞ്ഞു

‘അവൾ ആ മാവിന്മേൽ……….’ മുഴുമിപ്പിക്കാനാകാതെ അദ്ദേഹം വിങ്ങി പൊട്ടാൻ തുടങ്ങി. അദ്ധേഹത്തിന്റെ കട്ടിലിന്റെ ജനവാതിലൂടെ ഞാൻ ആ മാവ് കണ്ടു

ദൈവമേ ഇത്രയും നല്ല മനുഷ്യന്നു ഈ ഗതി വന്നല്ലോ എന്ന് ഞാൻ പരിതപിച്ചു.

ആ മകൾ ഇഴഞ്ഞു വന്നു ഒരു പാത്രത്തിൽ കുറച്ചു ചക്കചുള കൊണ്ട് വന്നു.

ആ കുട്ടിയുടെ സ്ഥിതി ആലോചിച്ചു ഞാൻ അത് വേണ്ടെന്നു പറഞ്ഞു.’

‘അച്ഛൻ എന്നും ജബ്ബാറെട്ടന്റെ കാര്യം പറയും. ചക്ക ഇഷ്ടമാണെന്നും പറയാറുണ്ട്‌’

എന്റെ നെഞ്ച് പിടയാൻ തുടങ്ങി. എന്റെ ഓരോ കാര്യങ്ങളും ഇത്രമാത്രം ഓർത്തിരിക്കുന്ന ഈ മനുഷ്യനെ കാണാൻ വരാതിരുന്നാൽ…… ആലോചിക്കാൻ വയ്യ

കുറച്ചു കഴിഞ്ഞപ്പോൾ വിജയേട്ടന്റെ മകൻ മരുന്നുമായി വന്നു. വന്ന പാടെ എന്നോടൊരു ചോദ്യം ‘ജബ്ബാറെട്ടനാണല്ലേ?

വിജയേട്ടന്റെ മകൻ ശ്രീകാന്ത് അച്ഛനെ എഴുന്നേൽപ്പിച്ചു മരുന്ന് കൊടുത്തു

ഞാൻ അവരോട് ചായക്കടയിലും പാടത്തെ കുളത്തിലും ഉണ്ടായ സംഭവം പറഞ്ഞു

ശ്രീകാന്തിന്നും വിജയേട്ടന്നും എന്നെ പോലെ തന്നെ ഈ വക അന്ധവിശ്വാസങ്ങൾ ഇല്ല.

എനിക്ക് ബൈക്ക് എടുത്തു കൊണ്ട് വരണം എന്ന ആഗ്രഹം ശ്രീകാന്തിനോട് പറഞ്ഞു. അത് കേട്ടപ്പോൾ വിജയെട്ടൻ അനുവാദം തന്നിട്ട് പറഞ്ഞു. ‘ഇവിടെ തിരിച്ചു വന്നിട്ട് ഭക്ഷണം കഴിച്ചേ പോകാവൂ. കഴിയുന്നതും നാളയെ പോകാവൂ’

വിജയേട്ടന്റെ ക്ഷണം ഞാൻ സ്വീകരിച്ചു.

ഞാനും ശ്രീകാന്തും ഒരു ടോർച്ചുമായി പാടത്തെ കുളം വഴി വന്നു. അവിടെ ആരെയും കണ്ടില്ല.

‘അപ്പോൾ നിങ്ങളുടെ വീട്ടിലെ ഭക്ഷണ കാര്യങ്ങളും മറ്റും ആരാണ് ചെയ്യുന്നത്?’ നടത്തത്തിന്നിടയിൽ ശ്രീകാന്തിനോട് ഞാൻ ചോദിച്ചു.

‘ഞങ്ങളുടെ ബന്ധത്തിലുള്ള ഒരു ചേച്ചി പകൽ വന്നു എല്ലാം ശെരിയാക്കി പോകും’അത് പറഞ്ഞിട്ട് അവൻ തുടർന്നു ‘എനിക്ക് അച്ഛനെ ഭയങ്കര പേടിയാ. അച്ഛന്റെ മുമ്പിൽ ഞാൻ ഇരിക്കുക പോലുമില്ല’.

കുറച്ചു നേരത്തേക്ക് ഞങ്ങൾ നിശ്ശബ്ദരായി നടന്നു.

ചായക്കടയുടെ അടുത്തെത്തി. കടയുടെ നിരപ്പലകകൾ രണ്ടെണ്ണം ഒഴിച്ച് എല്ലാം ഇട്ടിരിക്കുന്നു. കടയുടെ മുകളിലെ റൂമിൽ നിന്നും ചിലർ ആടിയാടി താഴേക്ക്‌ വന്നു നടന്നു പോകുന്നത് കണ്ടു.

ഞങ്ങൾ കടയുടെ അകത്തു കേറി. മുതലാളി ഉണ്ടായിരുന്നില്ല. ഊമയായ മനുഷ്യൻ ഒരു തോർത്ത്‌ പുതച്ചു ഞങ്ങളുടെ അടുത്ത് വന്നു. ആംഗ്യഭാക്ഷയിൽ എന്താണ് വേണ്ടതെന്നു അയാൾ ചോദിച്ചു. ബൈക്ക് എടുക്കാൻ വന്നതാണെന്ന് ഞാനും അതെ ഭാഷയിൽ പറഞ്ഞു.

ആ മനുഷ്യൻ എന്റെ അടുത്ത്‌ നിന്ന് പിന്തിരിഞ്ഞ ഉടനെ അയാളുടെ ശരീരത്തിലെ തോർത്ത്‌ ഞാൻ പെട്ടെന്ന് വലിച്ചു. അയാളുടെ കയ്യിന്മേൽ പുതിയ മുറിവിന്റെ അടയാളം.

എനിക്കെന്തോ ചില സംശയങ്ങൾ തോന്നിത്തുടങ്ങി. പ്രത്യേകിച്ച് ആ കെട്ടിടത്തിലെ അന്തരീക്ഷവും.

ഞാൻ ശ്രീകാന്തിനെ വിളിച്ചു പുറത്തു വന്നു, ഒരു സ്വകാര്യം പറഞ്ഞു. ‘ശ്രീകാന്ത്, നീ ഒരു നാടകം കളിക്കണം, ഞാൻ ഒരു പോലീസ് ഓഫീസറുടെ ബന്ധക്കാരനാണ് എന്ന് പറയണം. ബാക്കി ഞാൻ ശെരിയാക്കാം.’

ഊമ പെട്ടെന്ന് പോയി മുതലാളിയെ വിളിച്ചു കൊണ്ട് വന്നു.

ശ്രീകാന്ത് കട മുതലാളിയോട് ഞാൻ ഏല്പിച്ച പ്രകാരം പറഞ്ഞു.

കട മുതലാളി എന്റെ അടുത്ത് വന്നു കരയാൻ തുടങ്ങി. ‘സാർ ഞങ്ങളെ രക്ഷിക്കണം. ഇനി മേലാൽ ഇതുണ്ടാവൂല’

എല്ലാം സത്യമായി പറഞ്ഞാൽ മാപ്പുസാക്ഷി ആക്കാമെന്ന് ഞാൻ പറഞ്ഞതനുസരിച്ച് അയാൾ എല്ലാം തുറന്നു പറഞ്ഞു.

ഊമയായി അഭിനയിക്കുന്നതാണെന്നും അയാളാണ് പ്രേതമായി കുളത്തിൽ നിന്ന് വന്നതെന്നും അതിന്നു കാരണം ആ കുളത്തിന്റെ മറുകരയിലുള്ള കുറ്റിക്കാട്ടിൽ ചാരായം വാറ്റാറുണ്ടെന്നും അയാളുടെ കയ്യിലെ മുറിവ് ഞാൻ കുട കൊണ്ട് അടിച്ച്തിന്റെയാണെന്നും മറ്റും.

ഞാൻ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു

പ്രേതമില്ലെന്ന് ഉറപ്പായ ഞങ്ങൾ ബൈക്കെടുത്തു വിജയേട്ടന്റെ വീട്ടിലേക്കു മടങ്ങി.

വിജയേട്ടന്റെ മകൾ ശ്രീദേവി ഞങ്ങളെ കാത്തു ഉറങ്ങാതെ ഇരിക്കുകയാണ്. എനിക്കും ശ്രീകാന്തിന്നും ഡൈനിങ്ങ്‌ റൂമിലെ മേശയിന്മേൽ ഭക്ഷണം കൊണ്ട് വെച്ചു. വിജയേട്ടന്റെ റൂമിൽ ഇരുന്നു ഭക്ഷണം കഴിക്കാമെന്നു ഞാൻ ആവശ്യപ്പെട്ടതനുസരിച്ച് ഞങ്ങൾ ആ റൂമിൽ ഭക്ഷണം കൊണ്ട് വെച്ചു. ഉറക്കം വരുന്നത് വരെ ഞങ്ങൾ തമാശകൾ പറഞ്ഞു. വിജയേട്ടൻ പുറത്തെ മാവിൽ നോക്കി കിടക്കുകയാണ്. കിടക്കേണ്ട നേരമായപ്പോൾ എനിക്ക് ഒരു ബെഡ്റൂം ശെരിയാക്കി തന്നു. ഉറക്കം വന്നപ്പോൾ ഞാൻ ബെഡ് റൂമിലേക്ക്‌ പോയി. എപ്പോഴാണ് ഉറങ്ങിയതെന്നു അറിയില്ല.

നേരം വെളുത്തു. ശ്രീകാന്തിന്റെ ജബ്ബാറെട്ടാ എന്ന അട്ടഹാസം കേട്ടാണ് ഞാൻ ഓടി ചെന്നത്.

അവൻ നന്നായി കരയുന്നുണ്ടായിരുന്നു. ഞാൻ അവനോട് കാര്യം അന്വേഷിച്ചു.

ഇന്നലെ ഞാൻ പോയതിനു ശേഷം ശ്രീകാന്ത്, വിജയെട്ടന്നു മരുന്ന് കൊടുത്തു. കാലത്തെ മരുന്ന് കൊടുക്കാൻ ചെന്നപ്പോൾ അച്ഛൻ വായ തുറക്കുന്നില്ല ഞാൻ വിജയേട്ടന്റെ റൂമിൽ ചെന്നു. അപ്പോഴും വിജയേട്ടൻ ജനലിലൂടെ ആ മാവിന്റെ ഭാഗത്തേക്ക് നോക്കി കിടക്കുകയാണ്. ഞാൻ പൾസ് നോക്കി. ഞാനും ഉറക്കെ നിലവിളിച്ചു. ‘എന്റെ വിജയേട്ടാ….’

എന്റെ വിജയേട്ടൻ പ്രഷറും ഷുഗറും കൊളോസ്ട്രോളും ഇല്ലാത്തിടത്തെക്ക് പോയിരിക്കുന്നു.


മേമ്പൊടി:

മരണദേവനൊരു വരം കൊടുത്താല്‍

മരിച്ചവരൊരുദിനം തിരിച്ചുവന്നാല്‍

കരഞ്ഞവര്‍ ചിലര്‍ പൊട്ടിച്ചിരിക്കും

ചിരിച്ചവരോ കണ്ണീരു പൊഴിക്കും