അജിത്രി
ഗൗതമൻ ഫോണിൽ ചാർജ് ആവശ്യത്തിന് ഇല്ലേ എന്ന് ഒന്നുകൂടി ഞെക്കി ഉറപ്പിച്ചു.ത്രി സന്ധ്യ നേരത്താണ് യശ്വസിനി വിളിക്കുക. വെയിൽ പാതി മുക്കാലും പോയി കഴിഞ്ഞും പതുങ്ങി നിൽക്കുന്ന ചീളുകൾ ഓരോന്നും അപ്രത്യക്ഷമാവുമ്പോൾ ഗൗതമിന്റെ ഫോൺവിതുമ്പാൻ തുടങ്ങും.
ഓരോ വാക്കിലും കണ്ണുനീർ ഉരുണ്ടുകൂടും വിധം ഒരു മെഡിറ്റേഷൻ മോഡി ലാ ണ് ആൾ സംസാരിച്ചു തുടങ്ങുക. അവൾ തൂവെള്ള നിറത്തിലുള്ള വേഷമാ വും അപ്പോൾ ധരിച്ചു കാണുക.
സർജറിക്കു മാത്രം കേളി കേട്ട ആശുപത്രിയിൽ വെച്ച് ആദ്യം അവളെ കണ്ടുമുട്ടുമ്പോൾ ദൂ.. ഖവും അകൽച്ചയും തോന്നിയിരുന്നു.അത്രയ്ക്ക് അരോചകമായിരുന്നു അവളുടെ ശബ്ദം. അവൾ നേരിട്ട് ചോദിക്കുകയും ചെയ്തു.” ഇങ്ങളെന്തിനാ എന്നെ പേടിക്കണത്? സത്യത്തിൽ ഭയം കൊണ്ട് തന്നെയായിരുന്നു.
അവൾ അന്നും പറഞ്ഞിരുന്നു. ഭയം തോന്നണേൽ തെറ്റുപറയാനാവില്ല. നാലഞ്ച് ഓപ്പറേഷൻ മുഖത്തു മാത്രം നടത്തിയ ഒരുവളെ ആരാ നോക്കുക. ഒരു വാക്ക് മുഖത്ത് നോക്കി മിണ്ടുക.
മുഖമാണോ ഒരാളുടെ നോട്ടീസ് ബോഡ് ‘അഴകു മാത്രമാണോ ഒരാളുടെ വ്യക്തിത്വം നാളിതുവരെ ശീലിച്ചതെല്ലാം തരിപ്പണമാകുന്നുണ്ട് അവളുടെ മുന്നിൽ തകർന്നു നിൽക്കുമ്പോൾ .
ഇതെല്ലാം ‘ ഒരു പക്ഷേ സ്വപ്നമാകാം: യുക്തിഹീനമായ ഒരു സ്വപ്നം.
തുടക്കം… രാധിക മരിച്ച് ചാരം വാരിയ ദിനം. വീട്ടിലേക്ക് മടങ്ങാൻ ഒട്ടും മനസ്സു വന്നില്ല.രാധികയില്ലാത്ത ആ വീട് ഇനി എന്തിനു കൊള്ളാം. ഒരു സെക്കന്റ് പോലും അതിനുള്ളിൽ കഴിയുക പ്രയാസം.
ഇറങ്ങി നടന്നു. രാത്രിയുടെ വിജനതയിൽ പൊതുവഴിയുടെ നാഭീനാളം തിരഞ്ഞ് നടപ്പു തുടർന്നു. ഏതോ ഒരു വണ്ടി ദേഹത്തു തട്ടിയത് ഓർമയുണ്ട്.
യശ്വസിനിയുടെ കാറായിരുന്നു അത്. അന്ന് ബോധം വന്ന് കഥകളെല്ലാം പറഞ്ഞപ്പോൾ അവൾ ആദ്യം പറഞ്ഞത് സാരല്യ :ഒന്നും സാരാക്കേണ്ടതില്ല എന്നാണ്.
ഭാര്യയുടെ വേർപാട് ഒരു ശൂന്യത തന്നെയാണ്. എന്നാൽ ഇനി വേണ്ടത് ഭാര്യയുമായി ഒരു കൂടി കാഴ്ചയാണ്. ജസ്റ്റിസ് കൃഷ്ണയ്യർ പറയുന്ന മാതിരി യൊരു അതീന്ദ്രിയ ഇന്റർവ്യൂ .
ഇവിടെ ഒരു ഇരുട്ടുമുറിയുണ്ട്. അവിടെ ഇരുന്നു വേണം ധ്യാനിക്കാൻ .അല്പം കഴിഞ്ഞാൽ ഞങ്ങളുടെ ആചാര്യൻ വരും . അങ്ങനെ ആ ഇരുട്ടുമുറിയിലെ ധ്യാനം രണ്ടു വർഷത്തോളം തുടർന്നു. ത്രിസന്ധ്യാനേരം മന്ത്രം ചൊല്ലി ധ്യാനിക്കും. രാധികയെ ഒരിക്കൽ പോലും കണ്ടതുമില്ല: മഠാധിപതിയെ അറിയിച്ചപ്പോൾ കിട്ടിയ മറുപടി ധ്യാനം തുടരാനാണ്.
ഭാര്യയുടെ ഒരു വർഷം നീണ്ട ഭജന ക്കാലം അയാൾക്ക് ഓർമ വന്നു. ഹനുമാന്റെ ഫോട്ടോയിൽ ജമന്തി മാല ചാർത്തി. ചന്ദനത്തിരി കത്തിക്കാനൊക്കെ താനും സഹായിച്ചിരുന്നു. തിരിയിൽ നിന്നും ചാരം ഉതിരുന്നതും പുക പടരുന്നതും സ്വന്തം ജീവിതമെന്ന റിഞ്ഞു കൊണ്ടു തന്നെ നോക്കി നിന്നിട്ടുണ്ട്..
നട തുറക്കുന്നതും നോക്കി.
എത്ര പേർ എത്തി
അവൾ വിളിച്ചു ചോദിക്കും..
പത്തു മുപ്പത്തഞ്ചാളുകൾ കാണും.
പുതിയത് എത്ര പേരുണ്ട്?
പത്ത് പന്ത്രണ്ട് പേരെങ്കിലും കാണും.
അവളുടെ മുഖം തെളിയില്ല.
അവളുടെ ഭക്തരെ ചാത്തൻ സേവാ മoക്കാർ മാടി കൊണ്ടു പോകുന്നു എന്നാണ് പരാതി.
‘ഭക്തർ കുറയുകയാണല്ലേ.. വേഗം ചെല്ലൂ…
അയാൾ ഒന്നും മിണ്ടിയില്ല. കുറവാണ് എന്ന് സമ്മതിച്ചാലും ഇല്ലെങ്കിലും കിട്ടുന്ന മറുപടി ഹോമകുണ്ഠത്തിലെ തീയ്ക്ക് സമാനമാണ്.
ടോക്കൺ കൊടുത്തു തുടങ്ങട്ടെ…
അവൾ തലയാട്ടി. ചുകന്ന വസ്ത്രത്തിൽ അവൾ ജ്വലിച്ച പോലെ …
ഭക്തർ തൊഴുത് ടോക്കൺ വാങ്ങി. ചികിത്സയ്ക്കു വന്നവരെ വേറെ മാറ്റി നിർത്തി.: കഴിഞ്ഞ തവണ രണ്ടുകൈയ്യും വീശി വന്ന പട്ടാളക്കാരനെ ഇക്കുറി ഭാര്യയും മകനും ചേർന്ന് താങ്ങിയാണ് കൊണ്ടുവന്നത്..
പൂജയ്ക്ക് ശേഷം കൂവപൊടി ചേർത്ത പ്രസാദ വിതരണം നടത്താറുണ്ട്. അകത്തു പോയി അതെടുത്തു കൊണ്ടു വന്നപ്പോൾ രാധിക ദൈവം വസ്ത്രം മാറാൻ പോകുന്നതു കണ്ടു.കഴിഞ്ഞ രണ്ടു വർഷമായി രാധികയുടെ മുറിയിലേക്ക് കയറിയിട്ട്. അതു പിന്നെ ഒരു ശീലമായി.
‘അവളുടെ ഭക്തിയിൽ തഴച്ചു വളർന്നത് തന്റെ തന്നെ അലസതയായിരുന്നു. വീട് കാറ് വേല ക്കാർ ഇഷ് ടഭക്ഷണം എല്ലാം ഉണ്ടായി.ഒരു കുഞ്ഞൊഴികെ.
ഇത്ര പെട്ടെന്ന് അവൾ വേർപിരിയുമെന്ന് കരുതിയതും ഇല്ല. ഹരിദ്വാറിലെ ഗംഗയുടെ കൈവഴിയിലൂടെ നടന്നുപോകണം. അവളെ ചിന്തയിൽ ആവാഹിക്കാൻ ആ നടത്തം കൊണ്ട് സാധിക്കും. അഴം കുറഞ്ഞ ഇടങ്ങളിൽ വ്യക്തമായി കാണാം തപസ്സനുഷ്ഠിക്കുന്ന ഉരുളൻ കല്ലുകളെ .
സാക്ഷാൽ ഭഗീരഥി ഒഴുകുന്നു ചിന്തയിൽ
അത് യശസ്വിനിയോ രാധിക യോ
ഞാൻ ”നിങ്ങളിൽ നിന്ന് ഉരുണ്ടു പോയിട്ട് നാല്പത്തിയാറ് ദിനം പോലും പിന്നിട്ടിട്ടില്ല. അതിനിടയിൽ പുതിയ ഒരുവൾ എത്തി കഴിഞ്ഞുവോ എന്ന് രാധിക ചോദിക്കും പോലെ തോന്നിയോ..
ഇത്രയും കുറഞ്ഞ ദൂരം നടക്കുന്നതിനിടയിൽ മൂന്നാമത്തെ തവണയാണ് യശസ്വിനിയും അതാവർത്തിക്കുന്നത് …..
കുന്നിൻ ചരുവിനെ വലം വച്ചു പോകുന്ന നിരത്തിൽ കൂടി നടക്കാൻ തുടങ്ങിയപ്പോൾശക്തിയായ കിതപ്പ് തോന്നിയതാണ്. എന്നാലും നടന്നു.’
ആകാശം മറച്ച് റോഡിലേക്ക് ശിഖരങ്ങൾ താഴ്ത്തി നിൽക്കുന്നവൻ മരങ്ങൾ. എവിടെയോ നിന്ന് ആനന്ദ ധാര ഒഴുകി വരുന്നു. ഒരു കാട്ടാറ് ഒഴുകി പോകുന്ന ഒച്ച മനസ്സിൽ. എന്തിനാ ണ് ആ കവി തന്റെ കവിതയെ ഇങ്ങനെ തടവിലിടാൻ ശ്രമിക്കുന്നത്.
യശ്വസിനിയെ കണ്ടതിനു ശേഷം കവലയിൽ ഇറങ്ങി നിൽക്കുമ്പോൾ തിരികെ പോകാൻ ഒട്ടും മനസ്സില്ലായിരുന്നു. ഒരു കൂട്ടികൊടുപ്പുകാരനെ പോലെ ഏറെ നേരം അവിടെ കുത്തിയിരുന്നു. അല്പം കഴിഞ്ഞപ്പോൾ ‘ഒരു ലോറി അടുത്തെത്തുന്ന ഇരമ്പം അറിഞ്ഞു.
മൂരി യെ പോലെ മുക്രയിട്ട അതിനെ വിലങ്ങനെ നിർത്തിച്ച് ക്യാബിനിലേക്ക് പൊത്തി പിടിച്ച് കയറി.
ഡ്രൈവർ പറഞ്ഞു.കേദാർനാഥിലേക്കാണ്.”
പിന്നൊന്നും ആലോചിക്കാതെ ഫോണെടുത്ത് നിശബ്ദനായി ചെവിയോർത്തു. യശ്വസിനിയുടെ പതിഞ്ഞ ശബ്ദം.
” കേദാർനാഥിലേക്ക് ഒരു തീർത്ഥയാത്ര പോകുന്നു. ഇനി നമ്മൾ വിളിക്കുകയോ കാണുകയോ ഒന്നും ഉണ്ടാവില്ല.” ഫോൺ വെച്ച ശബ്ദവും കേട്ടു .
അയാൾ വെറുപ്പോടെ ചുറ്റിലും വ്യാപിച്ചുകിടക്കുന്ന ഇരുട്ടിനെ നോക്കി മിണ്ടാതെ ഇരുന്നു.
അഞ്ചു മിനുറ്റ് കൊണ്ട് താനുണ്ടാക്കിയ ചങ്ങാത്തം പെട്ടെന്ന് മുനിയായി മാറിയതു കണ്ട് ഡ്രൈവർ വളയം വളച്ചു തിരിച്ച് ഓടിക്കാൻ തുടങ്ങി.
ഒരു വിസ്മയം അവർക്കിടയിൽ വന്നു നിന്ന് കൂമ്പി. കാറ്റ് കൊണ്ട് ഇത്തിരി യാത്രയല്ലാതെ മറ്റൊന്നും അയാൾക്കു വേണ്ടിയിരുന്നില്ല. ആ കാറ്റിന് ആദ്യമാദ്യം നല്ല ചൂടായിരുന്നു.