കൊച്ചമ്മ

കൊച്ചമ്മ

രഞ്ജിത്ത് ഓരി

  1. ആദ്യ വായന:

എടോ ഇടതേ
നിനക്കെന്തെങ്കിലും
അസ്വസ്ഥത തോന്നുന്നുണ്ടോ ..

വലതേ .. വല്ലാത്തൊരു ശ്വാസംമുട്ടലാടോ
നിനക്കുമുണ്ടല്ലേ..

കൊച്ചമ്മ
നമ്മളെയിങ്ങനെ ശ്വാസം മുട്ടിക്കുന്നതെന്തിനാ..

രാത്രിയുടെ ഉന്മാദ നിമിഷങ്ങളിൽ
കടിച്ചു വലിക്കുമ്പോഴും
ഞെരിഞ്ഞമരുമ്പോഴും
സഹനമൗനിയായ് നാം

നമ്മളിലെ മധുരമൂറ്റിക്കുടിച്ച്
കൊഴുത്തവർ കുടിയിറക്കിയ
വിയർപ്പു ഗന്ധങ്ങൾ

എടോ വലതേ.. കൊച്ചമ്മയെ ടീച്ചർമാർ
ആശ്ചര്യത്തോടെ നോക്കി
ഉള്ളാലെ ചിരിക്കുന്നത് നീ ശ്രദ്ധിച്ചോ..

ഇടതേ.. കൊച്ചമ്മയ്ക്ക്
ഡ്രസ്സിംഗിൽ എന്തെങ്കിലും
അമളി വീണ്ടും പറ്റിയോ..

എങ്കിൽ പരിസ്ഥിതി മാഷമ്മാർ കണ്ടെത്തി കൂട്ടപ്പാട്ടാക്കേണ്ടതാണല്ലോ..

പിന്നെന്താവും… എന്തിനാവും നമ്മളെയിങ്ങനെ ടൈറ്റാക്കി അപ്പിച്ചിക്കഞ്ഞിയാക്കുന്നത്..

ഇനി കൊച്ചമ്മയുടെ സഖാവ് നയം മാറ്റിയാലും നമ്മൾ ശ്വാസമില്ലാത്ത ഇടതും വലതും തന്നെ ..

  1. രണ്ടാം വായന:

ഇടതും വലതും
വെറും മുലകളല്ലെന്നും
നെടുകെ പിളർത്തിയ
രണ്ടു പ്രദേശമാണെന്നും
ഇടതും വലതും
വെറും പാർട്ടികളല്ലെന്നും
വികസനക്കമ്മീഷനിലെ സമവായങ്ങളാവാമെന്നും
കൊച്ചമ്മ വെറും ടീച്ചറല്ലെന്നും ദൈവത്തിന്റെ സ്വന്തം നാടാണെന്നും ,
ടീച്ചർമാർ വെറും സഹപ്രവർത്തകരല്ലെന്നും
സുസ്ഥിര വികസിത രാജ്യങ്ങളാണെന്നും
മാഷന്മാർ പരിസ്ഥിതി പ്രവർത്തകരാണെന്നും,
മാറിമാറിയുടുക്കുന്ന ഫേഷൻ ബ്ളൗസുകൾ
വികസന പ്രവർത്തനങ്ങളാണെന്നും,
ഇന്ന് വശം മാറിയുടുത്ത ബ്ലൗസ് ദശാബ്ദങ്ങൾക്കപ്പുറം യാഥാർത്ഥ്യമാവുന്ന
കെ റെയിലിനാണെന്നും
പറയാതെ പറഞ്ഞാൽ
കവി അരാഷ്ട്രീയ വാദ
വികസന വിരോധ സാമ്രാട്ടാവും

കവിത ചുരുളി ചുരുളിയായി അധികാരികളുടെ കർണ്ണത്തിൽ പതിക്കുന്ന
പച്ച മുദ്രാവാക്യങ്ങളുമാവും !

  1. മൂന്നാം വായന: തോളോടു തോൾ ചേർന്ന
    താദാത്മ്യ സർപ്പങ്ങൾ
  2. അവസാന വായന: കവിയെ തല്ലിക്കൊന്നു!
  3. തലക്കെട്ടിന്റെ പുനർവായന: കൊച്ചമ്മ പ്രകൃതി ദുരന്തത്തിന്റെ തട്ടകം !!