കോലാഹലമേട്

കോലാഹലമേട്

ഡോ.ഡെയ്സൻ പാണേങ്ങാടൻ

അങ്ങിനെയൊരു സ്ഥലമുണ്ടോ?
ആശ്വാസം ഗൂഗിളുണ്ടല്ലോ
അന്വേഷിച്ചവസാനം
കണ്ടു കിട്ടി,
അങ്ങ് ഇടുക്കിയിൽ
പക്ഷേ കോലാഹലമൊന്നും കണ്ടില്ല
കുളിർമ്മയുള്ള കാറ്റിനൊപ്പം
കാറ്റാടിയന്ത്രത്തിൻ മർമ്മരം മാത്രം

കോലാഹലമൊക്കെയിവിടെയാണ്
നാട്ടിലെ സാമൂഹ്യ മാധ്യമങ്ങളിൽ
മൊഴി പ്രകാരം
വൈദിക മന്ദിരങ്ങളിൽ മഠങ്ങളിൽ
സങ്കീർത്തി മുറികളിൽ
എങ്ങും സംഭോഗമത്രേ
കണ്ണും കാലും പൂട്ടി
അതും പതിമൂന്നു തവണ

തകർക്കും കോലാഹല ചർച്ചകൾ
മൂന്നാൾ കൂടുന്നിടങ്ങളിൽ
യോഗയിടങ്ങളിൽ
കിടപ്പുമുറികളിൽ
കായലോരത്തും തെരുവിലും
പിന്നെ കടൽക്കരയിലും
ഉടവാളും പടവാളും വീശി
അഭിനവയാളുകൾ

കോലാഹലങ്ങളിൽ നീതിമന്ത്രം
നീതിക്കുവേണ്ടി ശബ്ദിക്കുന്നവർ
വാചാലരാകുന്നവർ
പോരാടുന്നവർ
രമിക്കുന്നവർ
മരിക്കാൻ സന്നദ്ധരായവർ
നൈതികതയുള്ളവർ
എങ്ങും നീതിമാൻ മാത്രം

കോലാഹലത്തിൻ തികവിൽ
നവയുഗയാളുകൾ
വിപ്ലവകാരികൾ
ജനാധിപത്യവാദികൾ
റോമാക്കാർ
ചുങ്കം പിരിക്കുമാളുകൾ
ഫരിസേയപ്രമാണിമാർ
കൂട്ടത്തിൽ ചെറു പുരോഹിത വൃന്ദവും

കോലാഹലങ്ങളിൽ ശരിതെറ്റുകളില്ല
വൈഢൂര്യശരിയെന്നു പ്രമാണം
അവനവൻ മാത്രം
ഞാൻ പറയുന്നതു മാത്രം
ഞാൻ ചെയ്യുന്നതു മാത്രം
കോലാഹലത്തിൽ ഞാനാണു ശരി
ഞാൻ മാത്രമാണ് ശരി.
നോക്കണേ ശരിയുടെ പോക്ക്.