ഫായിസ് അബ്ദുള്ള തരിയേരി
പുതിയ പോസ്റ്റ് ഇടുമ്പോൾ അവനാദ്യം എന്നെ വിളിക്കുമായിരുന്നു.
“ഡാ… ഒരു രണ്ടു വരി പറഞ്ഞോണ്ടാ..”
അകലെയുള്ളവർക്ക്
ആയിരം വരി എഴുതിക്കൊടുത്താലും
എന്നെ വിട്ടു പോരൂല്ലാന്നുറപ്പുള്ളോണ്ടാവും
അത്ര കാര്യമാക്കാറേയില്ലായിരുന്നു
അവനതിൽ പരിഭവപ്പെടാറുമില്ല
പുറുത്തിക്കാവിലിരുന്ന്
ഞാനവൾക്ക്
കത്തെഴുതുമ്പോൾ ഓൻ പിന്നെയും കൂട്ടിരിക്കും.
പുസ്തകങ്ങൾ വരുമ്പോൾ
എന്റൊപ്പം കൊറിയർ ഓഫീസിൽ ചെല്ലും.
ഞാനെഴുതിയ കവിതകൾ വരുമ്പോൾ നന്നായെന്ന് അഭിനന്ദിക്കും.
വരമ്പിലും കടവിലും കുപ്പായം മാറ്റി മാറ്റി ഫോട്ടോ പിടിച്ചു തരും .
ഇതു വരെ എഴുതിയതെല്ലാം മായ്ച്ചവനിന്നലെ
വിട്ടു പോയി.
എന്നത്തെയും പോലെ എന്നോട്
രണ്ടു വരി എഴുതാൻ പറഞ്ഞതേയില്ല,
എങ്ങോട്ടെങ്കിലും പോയാലോടാന്ന് പറഞ്ഞേയില്ല
അവസാനത്തെ കെട്ടിപ്പിടുത്തത്തിൽ
“കരയുക എന്നൊന്നില്ലടോ..
ചില മാറ്റങ്ങൾക്കായി പരസ്പരം കഴുകിക്കളയുകയാണ് നാമെന്ന് കവിളിലെഴുതിപ്പോയി
അതിനാൽ സൗഹൃദത്തെ ഞാനിങ്ങനെ ക്യാപ്ഷനിട്ടോട്ടെ..?