ഫായിസ് പുത്തൻപള്ളി
ഒരു ക്ഷണക്കത്ത്- ഞാൻ
വായിച്ച മാത്രയിൽ നാലായി മടക്കി
പാന്റിൻ പോക്കറ്റിൽ ഇറുക്കി വെച്ചു
പോകില്ലൊരിക്കലും എന്ന ചിന്തയിൽ.
തിയ്യതിയും സമയവും വ്യക്തമല്ലെങ്കിലും
വരണം എന്ന ശാഠ്യമുണ്ടതിൽ.
ഇല്ല ഞാൻ പോകില്ല എന്നെന്റെ
മനസ്സിൽ തീർച്ചപ്പെടുത്തിയപ്പോഴും.
ഒരുനാൾ എന്ന വാക്കിന്ന്
എത്ര കാലത്തെ ദൈർഖ്യമുണ്ട്
ഒരുപാടൊരുപാടെന്നെന്റെ മനസ്സ്.
വഴിയും വ്യക്തമല്ല താനും.
ഒറ്റയ്ക്ക് തന്നെ ചെന്നിടേണം
പേടിയാണെനിക്കെന്ന് ഞാൻ.
സോളോ യാത്രയിൽ പരിചയമില്ലാത്ത
ഒരുവനാം ഞാനെന്നു മറുപടിയും.
ചെന്നേ പറ്റൂ എന്നാവർത്തിച്ചു-
പറഞ്ഞതാ അപ്പോഴും
പിഞ്ചു കുഞ്ഞിനെ പോലെ ശാഠ്യം,
അഹങ്കാരിയെ പോലെ അവഗണിച്ചു.
പോകില്ലന്നറിഞ്ഞത് കൊണ്ടാവാം
കൂട്ടാൻ വന്നൊരു നാൾ
ഓടാൻ തുനിഞ്ഞെന്റെ കാലുകൾ
അനങ്ങിയില്ല ചലിച്ചില്ല നിശ്ചലം
ചെറു ചൂടകന്നു തണുപ്പേറി വന്നു
സഹിക്കാൻ കഴിയാത്ത വേദന തന്നവൻ
എന്നെയും കൊണ്ടെങ്ങോ മറഞ്ഞു
എൻ കണ്ണ് മാത്രമെന്നേ യാത്രയയച്ചു
പോകില്ലെന്നുറച്ച എന്റെ ചിന്തയിൽ
ഞാൻ ചെയ്ത പലതുകൾ
ഞാനനുഭവിക്കേണ്ട വേദനയായ്
എന്നെയും തുറിച്ചു നോക്കി നിൽക്കുന്നവിടെ.