ജി എസ് ദിവ്യ
മുയൽ എന്താണ്
ഇനിയും
ഉറക്കമുണരാത്തത് ?
ആമയെത്തി ,
ട്രോഫിയും വാങ്ങി
വീട്ടിൽ പോയിട്ടും,
മുയൽ
മരച്ചോട്ടിൽ തന്നെ .
പഴുത്ത മുന്തിരിക്കുലയറുക്കാൻ
ചാടിത്തോറ്റ കുറുക്കൻ ,
തോട്ടിയുമായി
മടങ്ങിയെത്തും മുൻപേ ,
ഉണരണം .
എന്നിട്ടു വേണം
സിംഹ രാജാവിനെ
നിഴൽ കാണിച്ച് ശത്രുവാക്കി,
കിണറ്റിൽ സ്വസ്ഥമായ് അടക്കി
കാടിൻ്റെ ശേഷിച്ച ജീവനെ
വീണ്ടെടുക്കാൻ.
അല്ലെങ്കിൽ,
കാക്കയുടെ ദാഹം
പാതി നിറഞ്ഞ കുടത്തിൽ,
ഒരിക്കലും കരകയറാതെ
വേനൽ
കുടിച്ചു വറ്റിച്ചു കൊണ്ടേയിരിക്കും.
കൊറ്റികൾ
കാഴ്ച്ച കാണാൻ കൂട്ടിയത്,
ഓട്ടപ്പന്തയത്തിൻ്റെ
ട്രോഫിത്തിളക്കത്തിലാണെന്ന്,
ഒരു മർക്കട ഹൃദയം
മരക്കൊമ്പിലിരുന്ന് മധുരമൂറിയത് ,
ആമയോടല്ലേ ?
പിന്നെ എങ്ങനെയാണ്
പൂച്ചക്കൊതികൾക്ക്
കിട്ടിയ ,
ഓഹരി അപ്പങ്ങൾ
പിന്നെയും പിന്നെയും
കുറഞ്ഞു വന്നത് ,
ഒടുവിൽ ഇല്ലാതെയായത്????