ഗർവാസീസ്

ഗർവാസീസ്

വിനീത് പി. വി

ഒരു ദിവസം
അതിരാവിലെ കുളിച്ച്,
കുറിയുംതൊട്ട്
ഉടുതുണിയില്ലാതെ
ഗർവാസീസ്
അമ്പലത്തിലേക്ക് നടക്കുന്നു.

അയാൾക്ക് നേരെ
ഭ്രാന്തിന്റെ ചങ്ങലക്കണ്ണികൾ
അമർത്തിച്ചുംബിക്കാ-
നെന്നോണം നോട്ടമിടുന്നു.

ഇതുകണ്ട വനജേച്ചി
കറവയും നിർത്തി
മുറ്റത്ത് ഉണക്കാനിട്ട
ലുങ്കിയുമെടുത്ത്
കുതിക്കുന്നു.
കിതയ്ക്കുന്നു.
പശു നെറ്റി ചുളിക്കുന്നു.
കിടാവ് നെടുവീർപ്പിടുന്നു.

വായനശാലയ്ക്ക്
അടുത്തുള്ള
ട്രാൻസ്ഫോമറിൽ
ആളുകൾ
ഗർവാസീസിനെ
പിടിച്ചുകെട്ടുന്നു.

വനജേച്ചി കണ്ണ്
നനയ്ക്കുന്നു.
സീനിയർ സിറ്റിസണായ
കണാരേട്ടൻ
ഗർവാസീസിനെ
മുണ്ടുടുപ്പിക്കുന്നു.
അമ്മമാർ മക്കളുടെ
കണ്ണ് പൊത്തുന്നു.

പത്ത് മീറ്റർ അപ്പുറത്ത്
ദൈവം പാലഭിഷേകവും
കഴിഞ്ഞ്
പായസം ചൂടോടെ
ഊതി ഊതി കുടിക്കുന്നു.
പൂജാരി തൊട്ടടുത്ത
റൂമിലിരുന്ന്
കോമഡി ഉത്സവം കാണുന്നു.

വനജേച്ചിയും
ഗർവാസീസും
കൈ ചേർത്തുപിടിച്ച്
വീട്ടിലേക്ക് നടക്കുന്നു.
ആളുകൾ പിരിയുന്നു.

വനജേ,
ഗർവാസീസ് വിളിക്കുന്നു.
വനജേച്ചി പാൽമണം മാറാത്ത
കൈകൊണ്ട്
ഗർവാസീനെ തലോടുന്നു.
ഗർവാസീസ് കരയുന്നു.
നിർത്താതെ കരയുന്നു.

ഭ്രാന്ത് എത്ര സുന്ദരമായാണ്
അവിടമാകെ പടർന്നത്.