ജ്യോതിരാജ് തെക്കൂട്ട്
ചിത്രം വരയ്ക്കാനറിയാം
എന്നാൽ ഈ ചിത്രം ഞാ൯ വരച്ചതല്ല.
അന്നനാളത്തിൻ ആഴപ്പൊരിച്ചിലിൽ
മരണഗന്ധമുള്ള പകലിരവുകൾ
വിശപ്പിന്റെ നാനാനിറങ്ങളിൽ
കണ്ണീരുചേ൪ത്തു ചാലിച്ചെഴുതിയ
ഉന്മാദികളുടെ വിചിത്ര ഭാവന!!
ഉണ്ണാതുറങ്ങിയവരുടെ
ഘടികാരസൂചികൾ കോറിയിട്ടത്
അവയവങ്ങൾ നഷ്ടപ്പെട്ടവരുടെ
നഗ്നയാക്കപ്പെട്ട ഒരുടലായിരിക്കണം.
ഇവിടെയാണ് ജീവിതപന്ഥാവിലെ
ദുഷ്ക്കരമായ കടമ്പകൾ നങ്കൂരമിട്ടത്.
ആത്മഹത്യാകുറിപ്പുകൾ
പീഡിതപക്ഷം ചേ൪ന്ന്
വ്രണിത തീ൪ത്ഥാടനം ചെയ്തത്.
തെരുവോരത്ത് ആൾക്കൂട്ടത്തിൽ
ഭാഗ്യം വിറ്റു കഞ്ഞികുടിക്കുന്നവരുടെ
വിഷാദ സാഗരം അലയടിക്കുന്നത്.
ചേരി തീ൪ത്ത ശബ്ദകോലാഹലങ്ങളിൽ
പ്രാപിടിയന്റെ ചിറകടിയും
കുഞ്ഞാടിന്റെ കരച്ചിലും മുങ്ങിത്താഴുന്നു.
ഭിത്തിയിൽ തേമ്പിപ്പതിച്ച
പെണ്ണിനുടൽ ചുവപ്പിൽ മുക്കി
ആരോ കറുപ്പിലേക്കാഴ്ത്തുന്നുണ്ട്.
പ്രളയവും,വറുതിയും,കെടുതിയും
പ്രണയവും,വിരഹവും,നഷ്ടശിഷ്ടങ്ങളും
ഒന്നൊഴിയാതെയീ ചലന ക്യാ൯വാസിൽ
നിശ്ശബ്ദം കോറിവരച്ചതാരായിരിക്കാം.
മറവിയിലേക്ക് കുളിപ്പിച്ചു കിടത്തിയ
കബറിടങ്ങൾ ശാന്തമായുറങ്ങുകയാണ്.
വേദനാസംഹാരികൾ കഴിച്ച്
ഒാ൪മ്മകൾ ഉലാത്തുന്നതിവിടെയാണ്.