സന്യാസ്
സ്വെറ്ററിൽ പൊതിഞ്ഞാണ് മെരിയ തെയ്യ വിമാത്തിൽ നിന്നും ഇറങ്ങിയത്. ദേവദാസ് അവളോടു പറഞ്ഞിരുന്നു ഇവിടെയിപ്പോൾ മണ്‍സൂണാണെന്ന്. ഒരുപാടു കാലങ്ങൾക്കു ശേഷമാണ് അവൾ മഴയെ ആസ്വദിക്കുന്നത്. മനിലയിലെ കാലൻമഴ മമ്മയെ കട്ടോണ്ടു പോയതിൽ പിന്നെ മെരിയ മഴയുടെ കിലുക്കം വെറുത്തിരുന്നു…
കാത്തുനിന്നു മടുത്തപ്പോൾ അവൾ കയ്യിലിരുന്ന പഴയൊരു സിഡ്നി ഷെൽഡനെ മറിച്ചുനോക്കി അടുത്തുകണ്ട കസേരയിലമർന്നു. വാക്സ് ചെയ്ത കൈകാലുകളിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു. സ്വെറ്ററഴിച്ചു മടക്കി ബാഗിനുള്ളിൽ തിരുകി. പുസ്തകത്താളിനാൽ വീശിക്കൊണ്ടിരുന്നു. ദേവദാസ് വരുമെന്ന് അവൾക്കുറപ്പായിരുന്നു…
“പൊരിവെയിലിന്‍റെ ചൂട്… ഈ പെരുമഴയിലും!!”
ദേവദാസ് പുലമ്പിക്കൊണ്ട് ഏസി കൂട്ടിയിട്ടു.
ചുളിവുകൾ ചിത്രം വരച്ച കൈകൾ സ്റ്റിയറിങ്ങിൽ തിരിയുമ്പോൾ മെരിയ അയാളെത്തന്നെ നോക്കിയിരുന്നു. തലയിലൊരൊറ്റ കറുത്ത മുടി പോലുമില്ലെങ്കിലും ആ കണ്ണുകളിൽ ഇന്നും ചെറുപ്പം.
“സെവെൻടി… ഓർ സിക്സ്റ്റി!!”
മെരിയയുടെ ചോദ്യങ്ങൾക്കൊക്കെ അയാൾ മൂളിക്കൊണ്ടിരുന്നു.
“നിന്‍റെ തെയ്യ ഒരു വലിയ തെറ്റ് ചെയ്തു… “
മെരിയ തുടർന്നു.
“അത് ഇപ്പോൾ പറയുന്നില്ല… നീ പൊറുക്കുമെന്നറിയുമെങ്കിലും!!”
ദേവദാസിന്‍റെ മുഖത്ത് പ്രത്യേകിച്ചു ഭാവമാറ്റമൊന്നും വന്നില്ല.
അയാളെന്നും ഇഷ്ടപ്പെട്ടിരുന്നു അവളുടെ കൊച്ചുകൊച്ചു തെറ്റുകൾ. അവയെ അയാൾ കുസൃതിയെന്ന് വിളിച്ചു. വിഷയത്തിൽ നിന്നും വ്യതിചലിക്കാൻ അയാൾ മറ്റുപലതും ചോദിച്ചുകൊണ്ടിരുന്നു. മെരിയയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായ ഡോറാ ബൊവയ്യയുടെ പുതിയ വിശേഷങ്ങളും…
ഒരേ കിടക്കമുറി പങ്കിടുമ്പോഴും രാവിന്‍റെ കറുപ്പിൽ ഡോറ പലപല കാമുകന്മാരുമായി ക്രീഡയിലേർപ്പെടുന്നതും തൊട്ടടുത്ത കട്ടിലിൽ മെരിയ ഉറക്കം നടിക്കുന്നതും പുതപ്പിനുള്ളിലെ ഡോറയുടെയും കാമുകന്മാരുടെയും അമർത്തിപ്പിടിച്ച ഞരക്കങ്ങളും മൂളലുകളും അവളിൽ അറപ്പുളവാക്കുന്നതും…
പിന്നീടവർ ചന്ദ്രമതിയുടെയും മകളുടെയും കൊച്ചുമകളുടെയും വിശേഷങ്ങളിലേക്കു തെന്നിമാറി. ദേവദാസിനറിയാം മെരിയയെ ചന്ദ്രമതിക്കൊരുപാട് ഇഷ്ടമാണെന്ന്. എന്നും പറയാറുമുണ്ട്. എങ്കിലും മെരിയയെ ആദ്യമായിക്കാണുമ്പോൾ ഒന്നോടിവരാനും കെട്ടിപ്പിടിക്കുവാനും സ്വാഗതം ചെയ്യുവാനും അവൾക്കാവില്ലല്ലോ. ഇനി കുറച്ച് കാലമെങ്കിലും മെരിയയും കൂടെ വേണമെന്നതും ചന്ദ്രമതിയുടെ തീരുമാനമായിരുന്നല്ലോ…
വീട് അടുക്കുന്തോറും മെരിയയുടെ കണ്ണുകളിൽ ആകാംക്ഷയായിരുന്നു. ദേവദാസ് പറഞ്ഞ കഥകളിലെ പുഴയും തോടും വാഴത്തോട്ടവും കവുങ്ങിൻതോട്ടവും നടുമുറ്റമുള്ള വലിയ വീടും. പക്ഷെ അയാൾ പറഞ്ഞതൊന്നും മെരിയയ്ക്ക് കാണാൻ ഭാഗ്യമില്ലായിരുന്നു. എല്ലാത്തിനും പകരം പണി പൂർത്തിയാക്കാത്തൊരു വലിയ കൊട്ടാരം മാത്രം. ദേവദാസിന്‍റെ സ്വപ്നമായിരുന്നു ഈ കൊട്ടാരം. ഒരിക്കൽ അയാളോടൊപ്പം മുകളിലെനിലയിൽ പണിയുടെ പുരോഗതിയെക്കുറിച്ച് സംസാരിച്ചു നടക്കുന്നതിനിടയിൽ ചന്ദ്രമതി കാൽ വഴുതി താഴെ വീണു. പിന്നീട് എഴുന്നേറ്റുനടന്നിട്ടില്ല…
മെരിയ കണ്ണുകൾ തുടച്ചു.
ദേവദാസ് അവൾക്കുള്ള മുറി കാട്ടിക്കൊടുത്തു.
ചന്ദ്രമതി അയാളെ തടഞ്ഞു.
“ഈ മുറിയിൽത്തന്നെ തെയ്യയ്ക്കുമൊരു കിടക്ക…”
രാവും പകലും അവർ മൂവരും ഓരോരോ കഥകൾ പറഞ്ഞിരുന്നു. അതിനിടയിലൊരിക്കൽ മെരിയ ആ പഴയ കുസൃതി പൊട്ടിച്ചു.
ദേവദാസിന്‍റെ മകൾക്ക് സ്വന്തം ചോരയിൽ ഒരു ജ്യേഷ്ഠൻ കൂടിയുണ്ട്!!
പൊട്ടിത്തെറിച്ചുപോയ കൂട്ടച്ചിരി പിന്നെ അവസാനിച്ചതേയില്ല.